| Friday, 1st March 2024, 6:16 pm

വിവാഹിതയായ സ്ത്രീക്ക് പേര് മാറ്റണമെങ്കിൽ ഭർത്താവിന്റെ അനുമതി വേണം; കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മറുപടി തേടി ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഭർത്താവിന്റെ അനുവാദമില്ലാതെ വിവാഹിതരായ സ്ത്രീകൾക്ക് പേര് മാറ്റാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ വിശദീകരണം തേടി ദൽഹി ഹൈക്കോടതി.

പേര് മാറ്റണമെങ്കിൽ വിവാഹമോചനം, അല്ലെങ്കിൽ ഭർത്താവിൽ നിന്നുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് കോടതി സർക്കാരിനോട് മറുപടി തേടിയത്.

മെയ് മാസം 28ന് മുമ്പ് വിശദീകരണം നൽകുവാൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രിതം സിങ് അറോറ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.

ദൽഹി സ്വദേശിനിയാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. 2014ലാണ് ഇവർ നിയമപരമായി ഭർത്താവിന്റെ പേര് സ്വീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനമിറക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. 2019ൽ അവർ ഭർത്താവിന്റെ പേരും തന്റെ കുടുംബപേരും ഉൾപ്പെടുത്തി വീണ്ടും മാറ്റം വരുത്തി.

എന്നാൽ കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണ വകുപ്പ് തീയതി രേഖപ്പെടുത്താത്ത കുടുംബപ്പേര് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനം അപ്പോൾ പുറത്തിറക്കിയിരുന്നു.

ഒരു വിവാഹിതയായ സ്ത്രീക്ക് കുടുംബപ്പേര് തിരികെ ലഭിക്കണമെങ്കിൽ, ഒന്നുകിൽ വിവാഹമോചന രേഖയോ അല്ലെങ്കിൽ ഭർത്താവിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്ന് ഈ വിജ്ഞാപനത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് ദൽഹി കോടതിക്ക് മുമ്പാകെ ഇവർ അപേക്ഷ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ തന്റെ പേര് മാറ്റാൻ ശ്രമിച്ചപ്പോഴാണ് കേന്ദ്രസർക്കാർ വിജ്ഞാപനം വിലങ്ങുതടിയായത്.

വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് അവർ ദൽഹി ഹൈക്കോടതിയെ സമീപിച്ചു.

വിജ്ഞാപനം വിവേചനപരവും യുക്തിരഹിതവും ആണെന്നും ആർട്ടിക്കിൾ 14,19,21 എന്നിവക്ക് കീഴിലുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിക്കാരി കോടതിയിൽ അറിയിച്ചു.

സ്ത്രീകളോട് മാത്രമായുള്ള വിജ്ഞാപനം വ്യക്തമായും ലിംഗ വിവേചനമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ഹരജിക്കാരി പറഞ്ഞു.

CONTENT HIGHLIGHT: Plea in HC challenges Centre’s notification requiring ‘husband’s NOC’ for women to use maiden surname

We use cookies to give you the best possible experience. Learn more