| Tuesday, 24th January 2023, 10:31 am

ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണമുന്നയിച്ച് സമരം ചെയ്ത് പ്രതിഷേധിച്ച ഗുസ്തിക്കാര്‍ക്കെതിരെ ഹരജി. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിക്കി എന്നയാള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും അതിനുവേണ്ടി നിയമനടപടികളെ ദുരുപയോഗം ചെയ്തുവെന്നുമാണ് ഹരജിയില്‍ ആരോപിക്കുന്നത്.

ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡനമടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തുവരികയും സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫൊഗട്ട്, സോനം മാലിക്, അന്‍ഷു മാലിക് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആജ് തക്, സീ ന്യൂസ്, ന്യൂസ് നേഷന്‍, റിപബ്ലിക് ഭാരത് ഉള്‍പ്പെടെ ചില ചാനലുകള്‍ക്കെതിരെയും ഹരജിയില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷന്റെ അന്തസ്സിനെയും ജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇവര്‍ മാനസികമായി ഉപദ്രവിച്ചെന്നാണ് ഹരജിക്കാരനായ വിക്കിയുടെ വാദം.

”ഡബ്ല്യു.എഫ്.ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണോട് എനിക്ക് വളരെ ആഴമേറിയ വാത്സല്യമുണ്ട്, ആ താല്‍പര്യത്തിന്മേലാണ് ഈ ഹര്‍ജി ഫയല്‍ ചെയ്യുന്നത്” എന്നാണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ വിക്കി പ്രതികരിച്ചത്.

എന്നാല്‍ താനല്ല ഹരജി നല്‍കിയതെന്ന് ബ്രിജ് ഭൂഷണ്‍ പിന്നാലെ പ്രതികരിച്ചു.

”ദല്‍ഹി സര്‍ക്കാരിനും പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ക്കും വാര്‍ത്താ ചാനലുകള്‍ക്കുമെതിരെ ഞാനോ എന്നോട് ബന്ധപ്പെട്ട ഏതെങ്കിലും അംഗീകൃത വ്യക്തിയോ ഒരു ഹരജിയും സമര്‍പ്പിച്ചിട്ടില്ല. കോടതിയില്‍ ഹരജി നല്‍കാന്‍ ഞാന്‍ ഏതെങ്കിലും അഭിഭാഷകനെയോ ഏജന്‍സിയെയോ പ്രതിനിധിയെയോ അധികാരപ്പെടുത്തിയിട്ടില്ല,” എന്നാണ് ബ്രിജ് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രശസ്ത ഗുസ്തി താരം വിനേഷ് ഫൊഗട്ടായിരുന്നു വെളിപ്പെടുത്തിയത്.

”നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് കോച്ചുകളും ബ്രിജ് ഭൂഷണും വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. നാഷണല്‍ കോച്ചുകളില്‍ പലരും വര്‍ഷങ്ങളായി ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരാണ്.

നാഷണല്‍ ക്യാമ്പുകളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ട 20 പെണ്‍കുട്ടികളെയെങ്കിലും എനിക്കറിയാം. പലരും കരഞ്ഞുകൊണ്ട് പരാതി പറഞ്ഞതും എനിക്കറിയാം,” വിനേഷ് ഫൊഗട്ട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കേസര്‍ഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ് ഭൂഷണ്‍.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇവര്‍ സമരമവസാനിപ്പിച്ചത്.

Content Highlight: Plea in Delhi HC against wrestlers for alleging sexual harassment charges against WFI president

We use cookies to give you the best possible experience. Learn more