മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗർ ജില്ലയിലെ ഖുൽദാബാദിലുള്ള മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പ്പര്യ ഹരജി. പത്രപ്രവർത്തകനായ കേതൻ തിരോദ്കർ ആണ് ഹരജി സമർപ്പിച്ചത്.
ഔറംഗസേബിന്റെ ശവകുടീരം ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ ) നിർദേശിക്കണമെന്ന് ഹരജിയിൽ പറയുന്നു. പുരാതന സ്മാരകങ്ങളെയും പുരാതന സ്ഥലങ്ങളെയും ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കുന്ന 1958ലെ എ.എസ്.ഐ നിയമത്തിലെ സെഷൻ മൂന്ന് പ്രകാരം ഈ സ്ഥലം ഈ സ്ഥലം ദേശീയ പ്രാധാന്യമുള്ളതായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹരജിയിൽ വാദിക്കുന്നു.
പതിനാലാം നൂറ്റാണ്ടിലെ ചിഷ്തി സന്യാസിയായ ഷെയ്ഖ് സൈനുദ്ദീന്റെ ദർഗയുടെ സമുച്ചയത്തിനുള്ളിലാണ് ഔറംഗസേബിന്റെ ശവകുടീരം. ഔറംഗസേബിന്റെ മക്കളിൽ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകൻ നാസിർ ജങ്ങിന്റെയും ശവകുടീരങ്ങൾ സമീപത്തുണ്ട്. ഈ ശവകുടീരങ്ങൾ പൊളിച്ചുമാറ്റണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്‌മാരകമെന്ന പ്രാധാന്യം നൽകുന്നത് അപമാനമാണെന്നും ഇന്ത്യയിൽ ചെങ്കിസ് ഖാൻ, മുഹമ്മദ് ഗോറി, അലക്സാണ്ടർ ചക്രവർത്തി തുടങ്ങിയ വ്യക്തികൾക്ക് സ്‌മാരകങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയിൽ വാദിക്കുന്നു .
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ മഹാരാഷ്ട്രയിൽ സംഘർഷം നടത്തിക്കൊണ്ടിരിക്കുകയാണ്. ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും രംഗത്തെത്തിയിരുന്നു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ മറ്റൊരു ബാബറി മസ്ജിദ് ആവർത്തിക്കുമെന്നായിരുന്നു അവരുടെ ഭീഷണി.
മഹാരാഷ്ട്ര സർക്കാർ ഉടൻ തന്നെ ശവകുടീരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും ആവശ്യമെങ്കിൽ റോഡുകൾ ഉപരോധിക്കുമെന്നും കർസേവയിലൂടെ ശവകുടീരം പൊളിച്ചുമാറ്റുമെന്നും തീവ്ര ഹിന്ദുത്വ സംഘടനകൾ മുന്നറിയിപ്പ് നൽകി.
Content Highlight: Plea in Bombay High Court seeking deletion of Aurangzeb’s grave from ASI list