ന്യൂദൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിലെ വ്യവസ്ഥകൾ സംബന്ധിച്ച സർവീസ് ആൻഡ് ടേംസ് ഓഫ് ഓഫീസ് ആക്ട്, 2023ലെ ഏഴ്, എട്ട് വകുപ്പുകളാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ അരൂപ് ബരൻവാൽ വിധിയുടെ അടിസ്ഥാനത്തിൽ നിയമിക്കണമെന്നാണ് അപേക്ഷ.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ പദവിയിൽ നിന്ന് രാജിവെച്ച പശ്ചാത്തലത്തിലാണ് ഹരജി.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത് സംബന്ധിച്ച് പുതിയ നിയമം പ്രസിഡന്റ് അംഗീകരിച്ചത്. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്ന പാനലിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിന്റെ ഉത്തരവാദിത്തം.
പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന കമ്മിറ്റിയുടെ ഉപദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടത് പ്രസിഡന്റ് ആണെന്ന് 2023 മാർച്ചിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഈ വർഷം ജനുവരിയിൽ പുതിയ നിയമം സ്റ്റേ ചെയ്യുവാൻ സുപ്രീം കോടതി വിസമ്മതിച്ചു.
Content Highlight: Plea filed in Supreme Court to restraint Centre from appointing CEC, EC