|

'നടന്നത് സത്യപ്രതിജ്ഞാ ലംഘനം'; സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംവിധായകന്‍ ആലപ്പി അഷറഫാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നുമാണ് അഷറഫിന്റെ ഹര്‍ജി.

ഗതാഗതവകുപ്പ് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തിനു പിന്നാലെ നടന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സി.പി.ഐമന്ത്രിമാര്‍ വിട്ടു നിന്നിരുന്നു. ഈ നടപടിക്കെതിരെയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Also Read: തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍


മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ ചൊല്ലിയുള്ള സി.പി.ഐ.എം-സി.പി.ഐ വാക്‌പോര് തുടരുന്നതിനിടെയാണ് മന്ത്രിമാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അഷറഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ ഹര്‍ജി. കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് ശശികുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.


Dont Miss: പത്മാവതിക്കെതിരെ വാളോങ്ങി ബി.ജെ.പി നേതാവ്; ബന്‍സാലിയുടെയും ദീപികയുടെയും തലകൊയ്യുന്നവര്‍ക്ക് 10 കോടി വാഗ്ദാനം


ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി പരിഗണിക്കവേ ആയിരുന്നുമന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമര്‍ശം കോടതി നടത്തിയത്.