| Wednesday, 31st January 2018, 12:03 pm

ആമിയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണം; കമല്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി. ഇടപ്പള്ളി സ്വദേശി കെ.രാമചന്ദ്രനാണ് ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിത കഥയാണെന്ന് പറയുമ്പോഴും പല കാര്യങ്ങളും പറയുന്നില്ലെന്നും ജീവിതത്തിലെ സംഭവങ്ങള്‍ മറച്ചുവെക്കാന്‍ സവിധായകന് അവകാശമില്ലെന്നുമാണ് ഹര്‍ജി.

“മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല കഥാകാരിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ മറച്ചുവയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരുവിധ അവകാശവുമില്ല” ഹര്‍ജിയില്‍ പറയുന്നു.

ആമിയുടെ തിരക്കഥ കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

We use cookies to give you the best possible experience. Learn more