| Thursday, 6th April 2023, 2:01 pm

വോട്ടര്‍മാരെ സ്വാധീനിക്കും; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കിച്ച സുദീപിന്റെ സിനിമകള്‍ വിലക്കണമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടന്‍ കിച്ച സുദീപിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ.പി ശ്രീപാലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

പരസ്യമായി ഒരു പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ നടന്റെ സിനിമകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് എതിരാണെന്നും പരാതിയില്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുന്ന മെയ് 13 വരെ താരത്തിന്റെ ഒരു ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പരാതിയിലുണ്ട്.

‘സുദീപിന്റെ സിനിമകള്‍ കര്‍ണാടകയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ കര്‍ണാടകയിലെ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ നടന്റെ ചിത്രങ്ങള്‍ക്കാവും. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 13 വരെ കിച്ച സുദീപിന്റെ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണം,’ പരാതിയില്‍ പറയുന്നു.

കന്നട സിനിമയിലെ പ്രമുഖ താരമായ കിച്ച സുദീപ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ താരമോ, ബി.ജെ.പിയോ ഇതുവരെ തയ്യാറായിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ താന്‍ ബി.ജെ.പിയെ മാത്രമാണ് പിന്തുണക്കുന്നതെന്ന് വെളിപ്പെടുത്തി താരം മുന്നോട്ട് വന്നത്.

അതോടൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ബി.ജെ.പിയെ പിന്തുണച്ചതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പിന് മുമ്പേ പുറത്ത് വന്ന പല സര്‍വ്വെകളും ഇത്തവണ കോണ്‍ഗ്രസിന് വിജയം പ്രവചിക്കുകയും ചെയ്തിരുന്നു.

നേരത്തെ കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും കിച്ച സുദീപുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയ ചായ്‌വ് പരസ്യമാക്കി താരം രംഗത്തെത്തിയത്.

Content Highlight: plea against kicha sudheep movies in karnataka

We use cookies to give you the best possible experience. Learn more