നിപ വൈറസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ജേക്കബ് വടക്കഞ്ചേരിയ്ക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Nipah virus
നിപ വൈറസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ജേക്കബ് വടക്കഞ്ചേരിയ്ക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th May 2018, 5:47 pm

കോഴിക്കോട്: തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് ജേക്കബ് വടക്കഞ്ചേരിയ്ക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. രണ്ട് നിയമ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചത്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മോഹനന്‍ വൈദ്യരും ജേക്കബ് വടക്കഞ്ചേരിയും നിപയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിക്കൊണ്ട് ഫേസ്ബുക്കിലും യൂടൂബിലും പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

പേരാമ്പ്ര സ്വദേശികളായ അര്‍ജ്ജുന്‍, അജയ് ജിഷ്ണു എന്നീ നിയമവിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങളാണ് മോഹനന്‍ വൈദ്യരും ജേക്കബ് വടക്കഞ്ചേരിയും പ്രചരിപ്പിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ALSO READ:  സ്മാര്‍ട്ട് വാച്ചുമായി കളിക്കാനിറങ്ങേണ്ട; പാക് ക്രിക്കറ്റ് താരങ്ങളോട് ഐ.സി.സി

നേരത്തെ നിപ വൈറസിനെക്കുറിച്ച് തെറ്റായതും അപകടകരവുമായ പ്രചാരണം നടത്തിയ വ്യാജചികിത്സകരായ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തിരുന്നു. തൃത്താല പൊലീസ് ആണ് കേസെടുത്തത്. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ പരാതിയിലായിരുന്നു കേസ്.

കടപ്പാട്- ലൈവ് ലോ

പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

ALSO READ:  ബി.ജെ.പി സഖ്യം രാഷ്ട്രീയജീവിതത്തിലെ കറുത്തപാട്; ദേവഗൗഡയോട് മാപ്പുപറഞ്ഞ് കുമാരസ്വാമി

“ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം. ” എന്നു പറഞ്ഞുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ പ്രചരിപ്പിച്ചത്.

പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സോഷ്യല്‍ മീഡിയ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ഇയാളുടെ പ്രചരണം.

എന്നാല്‍ കേസെടുത്തതിനു പിന്നാലെ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പറഞ്ഞ് മോഹനന്‍ വൈദ്യര്‍ മാപ്പ് പറഞ്ഞിരുന്നു.