| Thursday, 26th December 2024, 10:32 am

പി.എല്‍.സിയും ഐ.ഐ.എം.എ.ഡിയും കൈകോര്‍ക്കുന്നു; പ്രവാസി ഹെല്‍പ് ഡെസ്‌ക്കിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്ലും (പി.എല്‍.സി) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റും (ഐ.ഐ.എം.എ.ഡി) ചേര്‍ന്ന് പ്രവാസി ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ (MoU) ഒപ്പുവെച്ചു. പി.എല്‍.സിയെ പ്രതിനിധീകരിച്ച് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും ഐ.ഐ.എം.എ.ഡിയെ പ്രതിനിധീകരിച്ച് പ്രൊഫ. ഇരുദയ രാജനുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമപരവും സാമൂഹികവും വൈകാരികവുമായ പിന്തുണ നല്‍കുന്നതിനാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പ്രതിനിധികള്‍ അറിയിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു സമീപം ക്യാപിറ്റോള്‍ സെന്ററിലെ ഒന്നാം നിലയിലെ എഫ്2സിയിലാണ് പ്രവാസി ഹെല്‍പ് ഡെസ്‌ക് സ്ഥിതി ചെയ്യുന്നത്.

പൊതുവായ നിയമോപദേശം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ക്രൈസിസ് കൗണ്‍സിലിങ് എന്നിവയുള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌ക് നല്‍കുമെന്നും പ്രതിനിധികള്‍ അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍, സ്റ്റാഫിങ്, നിയമ വൈദഗ്ദ്ധ്യം എന്നിവയ്ക്ക് പി.എല്‍.സിക്ക് മേല്‍നോട്ടം വഹിക്കുമെന്നും അതേസമയം ഐ.എം.എം.എ.ഡി പ്രവാസികളുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനുള്ള ഗവേഷണം, പരിശീലനം, ബോധവല്‍ക്കരണ ക്യാമ്പെയ്നുകള്‍ എന്നിവയും നല്‍കും.

ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീടാണ് നടക്കുന്നതെങ്കിലും ഹെല്‍പ്പ് ഡസ്‌ക്കിന്റെ സൗകര്യം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് മൊബൈലിലോ വാട്‌സ്ആപ്പിലോ +91 6282 172 573 എന്ന നമ്പറിലും അല്ലെങ്കില്‍ ഇ മെയില്‍ plckeralatvm@gmail.com വഴി സഹായത്തിനായി ബന്ധപ്പെടാന്‍ സാധിക്കും.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സഹകരണമെന്നും അധികൃതര്‍ അറിയിച്ചു.

അഡ്വ. ജോസ് അബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എല്‍.സി കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. ഇരുദയ രാജന്‍ കേരളത്തിലും ആഗോളതലത്തിലും നടന്നുകൊണ്ടിരിക്കുന്ന പ്രവാസത്തിന്റെ സമകാലീന അവസ്ഥകളെക്കുറിച്ച് വിശദീകരിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോയ് കൈതാരത്ത് ആശംസകള്‍ അര്‍പ്പിച്ചു. നന്ദഗോപകുമാര്‍, സ്റ്റെയിന്‍സ്, റഷീദ് കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ചാപ്റ്റര്‍ ട്രെഷറര്‍ തല്‍ഹത് പൂവച്ചലാണ് നന്ദി പ്രകാശിപ്പിച്ചത്.

Content Highlight: PLC and IMAD join hands; Signed MoU for expatriate help desk

We use cookies to give you the best possible experience. Learn more