| Friday, 20th January 2023, 8:10 pm

മെസിക്കൊപ്പം കളിച്ചത് എന്നെ മാനസികമായി തളർത്തി; വെളിപ്പെടുത്തി മിലാൻ ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകഫുട്ബാളിൽ അജയ്യനായി മുന്നേറുകയാണ് ലയണൽ മെസി. ലയണൽ സ്കലോണിക്ക് കീഴിൽ കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയതോടെ ക്ലബ്ബ്‌, രാജ്യാന്തര ഫുട്ബോളിലെ എല്ലാ മേജർ ടൈറ്റിലുകളും സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കാൻ ലയണൽ മെസിക്ക് സാധിച്ചു.

മെസിയുമായി കളിക്കുമ്പോൾ ഉണ്ടായ പല അനുഭവങ്ങളും വെളിപ്പെടുത്തി താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട് മെസിയുമായി കളിച്ചപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബായ ഏ.സി മിലാന്റെ ഇതിഹാസ താരമായ അലക്സാൻഡ്രോ നെസ്റ്റ.

2011-2012 ചാമ്പ്യൻസ് ലീഗ് സീസണിൽ മെസിക്കെതിരെ കളിക്കുമ്പോൾ നടന്നൊരു സംഭവം തനിക്ക് മാനസികമായി വലിയ സമ്മർദ്ദം നൽകി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

2011-2012 സീസണിൽ നാല് തവണയാണ് ബാഴ്സയും മിലാനും തമ്മിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത്. ഗ്രൂപ്പ്‌ സ്റ്റേജിൽ രണ്ട് തവണയും ക്വാർട്ടർ ഫൈനലിൽ രണ്ട് തവണയും കാറ്റലോണിയൻ ക്ലബ്ബ് മിലാനോട് ഏറ്റുമുട്ടിയതിൽ ബാഴ്സ രണ്ട് കളികൾ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മിലാനെതിരെയുള്ള നാല് മത്സരങ്ങളിൽ നിന്നും മെസി സ്വന്തമാക്കിയിരുന്നത്.
കാൽസിട്ടോർ ബൂട്ടിയുമായി നടന്ന മത്സരത്തിൽ ഡിഫൻണ്ടറായിരുന്ന തനിക്ക് മെസിയെ നേരിടുന്നത് വലിയ പ്രയാസമുണ്ടാക്കിയെന്നും മെസിയെ എതിരിട്ടപ്പോൾ തനിക്ക് പ്രായം കൂടിയത് പോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

“മത്സരത്തിന്റെ പത്താം മിനിട്ടിൽ മെസിയെ ഞാൻ ചവിട്ടിയിരുന്നു. എന്നാൽ പിന്നീട് ഞാൻ മത്സരത്തിനിടെ ഗ്രൗണ്ടിൽ വീണപ്പോൾ മെസി എന്നെ സഹായിക്കാനായി ഓടി വരുകയും എഴുന്നേൽക്കാൻ കൈ നീട്ടി തരുകയും ചെയ്തു. മെസി അങ്ങനെ ചെയ്തപ്പോൾ അതെന്നെ മാനസികമായി തളർത്തി,’ നെസ്റ്റ പറഞ്ഞു.

“ആദ്യത്തെ പത്ത് മിനിട്ടിലെപോലെ തന്നെയാണ് മെസി മത്സരം അവസാനിക്കാറാകുമ്പോഴും കളിച്ചിരുന്നത്. അത് എനിക്ക് പ്രായം കൂടി എന്ന തോന്നൽ എന്നിലുളവാക്കി,’ അദ്ദേഹം കൂട്ടിച്ചേർത്തു.

2011-2012 സീസണിൽ മികവോടെ കളിച്ചിരുന്ന മെസി 60 മത്സരങ്ങളിൽ നിന്നും 73 ഗോളുകളാണ് ആ സീസണിൽ സ്വന്തമാക്കിയത്. എന്നാൽ മെസിയുടെ മികവിലും 2011-2012 സീസണിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് പുരസ്കാരങ്ങൾ നേടാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.

റയൽ ലാ ലിഗ നേടിയപ്പോൾ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കാണ് 2012ൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.

Content Highlights:Playing with Messi made me mentally exhausted; The Milan legend revealed

We use cookies to give you the best possible experience. Learn more