ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറാണ് ഷാകിബ് അല്‍ ഹസന്‍. മൂന്നു ഫോര്‍മാറ്റിലും ബംഗ്ലാദേശ് ടീമിന്റെ അഭിവാജ്യ ഘടകം കൂടിയാണ് താരം.
എന്നാലിപ്പോള്‍, മൂന്ന് ഫോര്‍മാറ്റിലും ഒരുമിച്ച് തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാകിബ്. ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ മാത്രം മുന്‍ഗണന കൊടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാക്കയിലെ പ്രാദേശിക വാര്‍ത്താ മാധ്യമമായ എന്‍.ടി.വിയുമായി നടന്ന അഭിമുഖത്തിലാണ് ഷാകിബ് ഇക്കാര്യം പറഞ്ഞത്.
‘എനിക്കറിയാം ഇപ്പോള്‍ ഏത് ഫോര്‍മാറ്റിന് പ്രാധാന്യം കൊടുക്കണമെന്ന്, ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു എന്നതാണ് സത്യം.
ഞാനിപ്പോള്‍ ടെസ്റ്റ് കളിക്കാന്‍ തീരുമാനിച്ചാല്‍, എങ്ങനെയാവും കളിക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്. അതിലും നല്ലത് വലിയ പ്രശ്നങ്ങളില്ലാതെ ഏകദിനത്തില്‍ തുടരുന്നതാണ്,’ ഷാകിബ് പറഞ്ഞു
എന്നാല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതിനെപ്പറ്റി തല്‍കാലം ആലോചിക്കുന്നില്ലെന്നും ഷാകിബ് കൂട്ടിച്ചേര്‍ത്തു.
‘2022ല്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം 20 ഓവര്‍ മത്സരങ്ങള്‍ കളിക്കുന്നത് നിര്‍ത്തി വേണമെങ്കില്‍ ടെസ്റ്റിലും ഏകദിനത്തിലും കളിക്കാം, പക്ഷെ 3 ഫോര്‍മാറ്റിലും തുടരുക എന്നത് തനിക്ക് ഇപ്പോള്‍ പ്രയാസകരമായ കാര്യമാണ്,’ താരം കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോള്‍ ന്യൂസിലാന്റുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഷാകിബ് സ്വയം ഒഴിഞ്ഞിരിക്കുകയാണ്.
കൊവിഡിന്റെ സാഹചര്യത്തിലുള്ള ബയോ-ബബിള്‍ നിയന്ത്രണം ജയില്‍ പോലെയാണെന്നാണ് ഷാക്കിബിന്റെ വാദം. തന്റെ മൂന്നു കുട്ടികളെ വിട്ട് നില്‍ക്കുന്നത് അവരുടെ വളര്‍ച്ചയെ ബാധിക്കുമെന്നും താരം പറയുന്നു.
‘ക്വാറന്റൈന്‍ ജീവിതം ജയില്‍ ജീവിതം പോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പരമ്പരയുടെ സമയത്ത് കളിക്കാര്‍ എപ്പോഴും പുറത്ത് പോകുമെന്നല്ല എന്നാലും നമുക്കാവാശ്യമുള്ളപ്പോള്‍ പുറത്ത് പോകാന്‍ സാധിക്കാത്തത് ബുദ്ധിമുണ്ടാക്കുന്നതാണ്.