Sports News
21ാം നൂറ്റാണ്ടില്‍ സച്ചിനുമില്ല മുരളീധരനുമില്ല; രാജാക്കന്‍മാര്‍ സംഗയും ആന്‍ഡേഴ്‌സണും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 20, 06:21 am
Thursday, 20th July 2023, 11:51 am

 

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോഡ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലാണ്. കാലങ്ങളോളം ആ റെക്കോഡ് അങ്ങനെ തന്നെ തുടരുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. 34,357 റണ്‍സാണ് ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ പേരിലുള്ളത്.

പട്ടികയില്‍ രണ്ടാം സ്ഥാനക്കാരന്‍ മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. ലങ്കയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സംഗ 28,016 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പേരില്‍ കുറിച്ചത്.

ബൗളിങ്ങില്‍ സച്ചിന്റെ കൗണ്ടര്‍പാര്‍ട്ടാണ് ലങ്കന്‍ ലെജന്‍ഡറി സ്പിന്നറും ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമുമായ മുത്തയ്യ മുരളീധരന്‍. കരിയറില്‍ 10,522 ഓവര്‍ പന്തെറിഞ്ഞ മുത്തയ്യ 1347 വിക്കറ്റുകളാണ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

 

 

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

പട്ടികയിലെ രണ്ടാമന്‍ ഓസീസ് ഇതിഹാസവും സ്പിന്‍ വിസാര്‍ഡുമായ ഷെയ്ന്‍ വോണും (1001 വിക്കറ്റ്) മൂന്നാമന്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും (975 വിക്കറ്റ്) ആണ്.

എന്നാല്‍ മറ്റൊരു മാനദണ്ഡം കണക്കാക്കുമ്പോള്‍ സച്ചിനും മുത്തയ്യയും സംഗയുടെയും ജിമ്മിയുടെയും പുറകിലാകും. ഈ നൂറ്റാണ്ടില്‍ ഏറ്റവുമധികം റണ്‍സും വിക്കറ്റും നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോഴാണ് സംഗയും ജിമ്മിയും ഒന്നാമന്‍മാരാകുന്നത്.

2000-2015 കാലഘട്ടത്തിലാണ് സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായത്. സച്ചിനേക്കാള്‍ ഒമ്പത് വര്‍ഷം കുറഞ്ഞ കരിയറില്‍ ഒട്ടനേകം റെക്കോഡുകളാണ് സംഗ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഒരുപക്ഷേ സച്ചിനോളം നീണ്ടുനിന്ന കരിയര്‍ സംഗക്കാരക്കുണ്ടായിരുന്നെങ്കില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമനും സംഗ തന്നെ ആയിരുന്നേനെ.

 

 

44.77 എന്ന ശരാശരിയിലും 66.56 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സംഗ സ്‌കോര്‍ ചെയ്തത്. 63 തവണ സെഞ്ച്വറി നേടിയ സംഗക്കാര തന്റെ പേരിന് നേരെ 153 സെഞ്ച്വറിയും കുറിച്ചിട്ടുണ്ട്. 3,015 ബൗണ്ടറിയും 159 സിക്‌സറുകളുമടക്കമാണ് സംഗ 28,016 എന്ന സ്‌കോറിലേക്ക് നടന്നുകയറിയത്.

ടെസ്റ്റില്‍ 12,400 റണ്‍സ് നേടിയ സംഗക്കാര ഏകദിനത്തില്‍ 14,234 റണ്‍സും നേടിയിട്ടുണ്ട്. 1,382 റണ്‍സാണ് കുട്ടിക്രിക്കറ്റില്‍ ലങ്കന്‍ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.

ബൗളിങ്ങിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ സമാനമാണ്. 2002ല്‍ കരിയര്‍ ആരംഭിച്ച ആന്‍ഡേഴ്‌സണിന്റെ കരിയര്‍ ഇന്നും തുടരുകയാണ്. ഈ കാലയളവില്‍ കളിച്ച 394 മത്സരത്തില്‍ നിന്നുമാണ് ആന്‍ഡേഴ്‌സണ്‍ 975 വിക്കറ്റ് വീഴ്ത്തിയത്.

 

 

27.12 എന്ന ശരാശരിയിലും 50.00 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം വിക്കറ്റ് വീഴ്ത്തുന്നത്. കരിയറില്‍ 34 തവണ ഫൈഫര്‍ തികച്ച ആന്‍ഡേഴ്‌സണ്‍ മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

ടെസ്റ്റില്‍ 688 തവണയും ഏകദിനത്തില്‍ 269 തവണയുമാണ് ആന്‍ഡേഴ്‌സണ്‍ എതിരാളികളെ പവലിയനിലേക്ക് മടക്കിയയച്ചത്. ടി-20യില്‍ 18 വിക്കറ്റാണ് ജിമ്മിയുടെ സമ്പാദ്യം.

Content highlight: Players with the most runs and wickets in the 21st century