| Tuesday, 16th May 2023, 5:25 pm

കന്നിക്കാരല്ലാതെ സെഞ്ച്വറിയടിക്കാന്‍ അറിയുന്ന വേറെ ഒരുത്തനും ഇവിടെ ഇല്ലേടേയ്!!! സോ കോള്‍ഡ് ലെജന്‍ഡ്‌സിനെ മൂലക്കിരുത്തിയ പ്രകടനങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ മറ്റൊരു സെഞ്ച്വറി കൂടി പിറന്നിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മന്‍ ഗില്ലാണ് സീസണില്‍ അവസാനമായി സെഞ്ച്വറി തികച്ചത്.

ഈ സീസണില്‍ ഇതുവരെ 62 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആറ് സെഞ്ച്വറി മാത്രമാണ് പിറന്നത്. അതും ആറ് ടീമിന് വേണ്ടി ആറ് വ്യത്യസ്ത താരങ്ങള്‍. ഇവരുടെയെല്ലാം ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയാണ് ഇത് എന്ന പ്രത്യേകതയും ഈ നേട്ടങ്ങള്‍ക്കുണ്ട്.

സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഹാരി ബ്രൂക്കാണ് ഈ സീസണില്‍ ആദ്യ സെഞ്ച്വറി നേടിയത്. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ബ്രൂക്ക് സെഞ്ച്വറി തികച്ചത്.

55 പന്തില്‍ നിന്നും 12 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 181.82 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബ്രൂക്കിന്റെ ടണ്‍ നേട്ടം.

രണ്ട് ദിവസത്തിന് ശേഷം ഐ.പി.എല്ലിലെ രണ്ടാം സെഞ്ച്വറിയും പിറന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി വെങ്കടേഷ് അയ്യരാണ് സെഞ്ച്വറി തികച്ചത്. 51 പന്തില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ ബ്രണ്ടന്‍ മക്കെല്ലത്തിന്റെ ബാറ്റില്‍ നിന്നും ഒരു സെഞ്ച്വറി പിറന്നതിന് ശേഷം നീണ്ട 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒരു കൊല്‍ക്കത്ത താരത്തിന്റെ പേരില്‍ മറ്റൊരു സെഞ്ച്വറി കുറിക്കപ്പെടുന്നത് എന്നതുതന്നെയാണ് ഇതിന് കാരണവും.

ഇതിന് ശേഷം 20 മത്സരങ്ങള്‍ കഴിഞ്ഞാണ് സീസണിലെ മൂന്നാം സെഞ്ച്വറി പിറക്കുന്നത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് യുവതാരം യശസ്വി ജെയ്‌സ്വാളായിരുന്നു നൂറടിച്ചത്. 62 പന്തില്‍ നിന്നും 200 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജെയ്‌സ്വാളിന്റെ സെഞ്ച്വറി നേട്ടം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയെങ്കിലും സ്വന്തം നേട്ടത്തേക്കാളുപരി ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കിയതോടെ ജെയ്‌സ്വാളിന് ആ സെഞ്ച്വറി രണ്ട് റണ്‍സകലെ നഷ്ടമാവുകയായിരുന്നു.

പഞ്ചാബ് കിങ്‌സിന്റെ വകയായിരുന്നു സീസണിലെ നാലാം സെഞ്ച്വറി പിറന്നത്. യുവതാരം പ്രഭ്‌സിമ്രാന്‍ സിങ്ങായിരുന്നു പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനുള്ള മത്സരത്തില്‍ നൂറടിച്ച് തിളങ്ങിയത്.

65 പന്തില്‍ നിന്നും പത്ത് ബൗണ്ടറിക്കൊപ്പം ആറ് സിക്‌സറുമായിരുന്നു പ്രഭ്‌സിമ്രാന്റെ ബാറ്റില്‍ നിന്നും കോട്‌ലയുടെ ഗ്യാലറിയില്‍ ചെന്നുപതിച്ചത്.

സൂര്യകുമാര്‍ യാദവാണ് സീസണിലെ അഞ്ചാം സെഞ്ച്വറിക്കാരന്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 49 പന്തില്‍ നിന്നും പുറത്താകാതെ 103 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്. 11 ബൗണ്ടറിയും ആറ് സിക്‌സറുമായിരുന്നു സൂര്യയുടെ സമ്പാദ്യം.

കഴിഞ്ഞ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലും ഐ.പി.എല്‍ കരിയറിലെ ആദ്യ സഞ്ച്വറി തികച്ചു. 58 പന്തില്‍ നിന്നും 101 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

Content highlight: Players who scored century in IPL 2023

Latest Stories

We use cookies to give you the best possible experience. Learn more