നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലോകത്തെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ വേദിയാകുമ്പോളും, പ്രിയ താരങ്ങളിൽ പലരും ലോകകപ്പ് കളിക്കില്ലെന്ന വാർത്ത വലിയ വേദനയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.
ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.
ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസെമ ലോകകപ്പിൽ കളിക്കില്ലെന്ന വാർത്ത ഫുട്‌ബോൾ പ്രേമികളിൽ ഞെട്ടലുണ്ടാക്കുകയായിരുന്നു. ലെസ് ബ്ലൂസിനൊപ്പം ട്രെയ്നിങ് നടത്തുന്നതിനിടെ ഇടതു തുടയിലേറ്റ പരിക്കാണ് താരത്തിനും ടീമിനും തിരിച്ചടിയായത്.
തുടർന്ന് അദ്ദേഹം തന്നെ ലോകകപ്പിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഫ്രാൻസിന് നേരത്തെ തന്നെ കരുത്തരായ മിഡ് ഫീൽഡർമാരെ നഷ്ടമായിരുന്നു. പോൾ പോഗ്ബയും, എൻഗോളോ കാന്റെയും.
French International Christopher Nkunku will miss the World Cup due to an injury suffered in the training 💔 pic.twitter.com/4X5L1qKO2E
പ്രീ സീസണിൽ കാൽമുട്ടിന് പരിക്കേറ്റ പോൾ പോഗ്ബ സെപ്റ്റംബറിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. തുടർന്ന് താരം പരിശീലനം പുനരാരംഭിച്ചെങ്കിലും ലോകകപ്പിൽ മത്സരിക്കാൻ മടങ്ങിയെത്തില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിക്കുകയായിരുന്നു.
ചെൽസി മിഡ്ഫീൽഡറായ എൻഗോളോ കാന്റെയും പരിക്ക് മൂലം ശസ്ത്രക്രിയക്ക് വിധേയനായതിനാൽ നാല് മാസത്തേക്ക് കളിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.
ആരാധകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു സെനഗൽ താരം സാദിയോ മാനെ ലോകകപ്പ് കളിക്കില്ലെന്നത്. ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച് പരിക്കേറ്റിട്ടും ലോകകപ്പിനുള്ള സെനഗൽ ടീമിൽ സാദിയോ മാനെ ഇടം നേടിയിരുന്നു. എന്നാൽ പരിക്കിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചതിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു.
പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയും ലീഗ് മത്സരത്തിനിടയിൽ കാലിന് പരിക്കേറ്റതിനാൽ ഇത്തവണ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതുപോലെ തന്നെയാണ് പോർച്ചുഗലിന്റെ തന്നെ താരമായ പെഡ്രോ നെറ്റോയും. ഒക്ടോബറിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ 22കാരനായ താരവും ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്.
നവംബറിന്റെ തുടക്കത്തിൽ ഷാക്തർ ഡൊനെറ്റ്സ്‌കിനെതിരെ ചാമ്പ്യൻസ് ലീഗ് 4-0ന് വിജയിച്ചപ്പോഴാണ് 26കാരനായ ടിമോ വെർണർക്ക് കണങ്കാലിന് പരിക്കേറ്റത്. ഈ വർഷം അവസാനം വരെ വെർണർ ടീമിൽ നിന്ന് വിട്ടുനിൽക്കും.
തീർന്നില്ല, ഇത്തവണ പരിക്കുകൾ ഇംഗ്ലണ്ടിന്റെ റീസ് ജെയിംസിനും, ഫ്രാൻസിന്റെ ബൌബക്കർ കമാരക്കും, ബ്രസീലിന്റെ ആർതർ മെലോക്കക്കും ലോകകപ്പ് നഷ്ടമാക്കി. അതോടൊപ്പം ഖത്തർ ലോകകപ്പ് നഷ്ടമായത് സ്‌കോട്ട് കെന്നഡി, ജീസസ് കൊറോണ, മാർക്കോ റിയസ്, പ്രെസ്‌നെൽ കിംപെംബെ, അമിൻ ഹാരിത്, ജോസ് ഗയ, ക്രിസ്റ്റഫർ നകുങ്കു എന്നീ താരങ്ങൾക്ക് കൂടിയാണ്.