| Monday, 10th April 2023, 5:16 pm

റിങ്കുവും തേവാട്ടിയയും മാത്രമല്ല, ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയവര്‍ വേറെയുമുണ്ട്; കൂട്ടത്തിലെ ഒറ്റയാന്റെ വെടിക്കെട്ട് പിറന്നത് 2012ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചത്. ഐ.പി.എല്‍ 2023ന്റെ 13ാം മത്സരത്തില്‍ തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെണീറ്റായിരുന്നു നൈറ്റ് റൈഡേഴ്‌സ് റിങ്കുവിന്റെ ചിറകിലേറി വിജയതീരത്തേക്ക് പറന്നിറങ്ങിയത്.

മത്സരത്തിന്റെ അവസാന ഓവറില്‍ വിജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് തവണ ഗാലറിയിലെത്തിച്ചാണ് റിങ്കു സിങ് തരംഗമായത്.

റിങ്കുവിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഗുജറാത്ത് താരം രാഹുല്‍ തേവാട്ടിയയുടെ ഇന്നിങ്‌സും ചര്‍ച്ചയായിരുന്നു. ഐ.പി.എല്‍ 2020ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു തേവാട്ടിയയുടെ വെടിക്കെട്ട് പ്രകടനം.

മത്സരത്തിന്റെ 18ാം ഓവറില്‍ ഷെല്‍ഡണ്‍ കോട്രലിനെ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറിന് പറത്തിയാണ് തേവാട്ടിയ രാജസ്ഥാന്റെ രക്ഷകനായി അവതരിച്ചത്.

പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 17 ഓവറില്‍ 173 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു. അതുവരെ 23 പന്ത് നേരിട്ട് 17 റണ്‍സ് നേടിയ തേവാട്ടിയക്ക് നേരിടാനുണ്ടായത് കരീബിയന്‍ കരുത്തന്‍ ഷെല്‍ഡണ്‍ കോട്രലിനെയും.

18ാം ഓവറിലെ ആദ്യ പന്ത് തന്നെ ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിന് പറത്തിയ തേവാട്ടിയ തൊട്ടടുത്ത മൂന്ന് പന്തിലും സിക്‌സര്‍ നേട്ടം ആവര്‍ത്തിച്ചു. ഓവറിലെ അഞ്ചാം പന്ത് മിസാക്കിയെങ്കിലും അവസാന പന്ത് ഒരിക്കല്‍ക്കൂടി തേവാട്ടിയ അതിര്‍ത്തി കടത്തി. 6, 6, 6, 6, 0, 6 എന്നിങ്ങനെയായിരുന്നു കോട്രലിന്റെ ഇന്നിങ്‌സില്‍ റണ്‍സ് പിറന്നത്.

19 ഓവറില്‍ ആര്‍ച്ചറും തേവാട്ടിയയും ചേര്‍ന്ന് 19 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ അവസാന ഓവറില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സ്. ഒടുവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ പഞ്ചാബിനെ അട്ടിമറിടച്ച് രാജസ്ഥാന്‍ വിജയം പിടിച്ചടക്കുകയായിരുന്നു.

2021ലും ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍ പിറന്നിരുന്നു. ചെയ്‌സിങ്ങിലായിരുന്നില്ല ഈ നേട്ടം എന്നതുകൊണ്ടാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വേണ്ടത്ര ചര്‍ച്ചയായി മാറാതിരുന്നത്.

വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിട്ടപ്പോഴായിരുന്നു രവീന്ദ്ര ജഡേജയുടെ ബാറ്റില്‍ നിന്നും ഈ തകര്‍പ്പന്‍ വെടിക്കെട്ട് പിറന്നത്. വേട്ടമൃഗമായതാകട്ടെ ഹര്‍ഷല്‍ പട്ടേലും.

ചെന്നൈ ഇന്നിങ്‌സിലെ അവസാന ഓവറായിരുന്നു അത്. ജഡേജയാകട്ടെ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയ നിമിഷവും. പട്ടേലിന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയായിരുന്നു ജഡേജ സംഹാര താണ്ഡമാടിയത്. 28 പന്തില്‍ 62 റണ്‍സായിരുന്നു താരം നേടിയത്.

ഹര്‍ഷല്‍ പട്ടേലാകട്ടെ അഞ്ച് സിക്‌സറടക്കം ആ ഓവറില്‍ വഴങ്ങിയത് 37 റണ്‍സ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവറായിരുന്നു അത്.

ഇക്കൂട്ടത്തില്‍ പഴക്കം ചെന്നയാള്‍ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്. ജഡേജയും തേവാട്ടിയയും റിങ്കു സിങ്ങും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിനുള്ളിലാണ് സിക്‌സറുകള്‍ അടിച്ചുകൂട്ടിയതെങ്കില്‍ ഗെയ്‌ലിന്റെ വെടിക്കെട്ട് പിറന്നത് 2012ലായിരുന്നു.

പൂനെ വാറിയേഴ്‌സ് ഇന്ത്യക്കെതിരായ മത്സരത്തിലെ 13ാം ഓവറിലായിരുന്നു ഗെയ്ല്‍ റണ്ണടിച്ചുകൂട്ടിയത്. ലെഗ് സ്പിന്നര്‍ രാഹുല്‍ ശര്‍മ എറിഞ്ഞ ഓവറിലായിരുന്നു താരം അഞ്ച് സിക്‌സറുകള്‍ പറത്തിയത്. 48 പന്തില്‍ നിന്നും 81 റണ്‍സായിരുന്നു യൂണിവേഴ്‌സല്‍ ബോസ് അന്ന് അടിച്ചുകൂട്ടിയത്. ഈ നേട്ടം സ്വന്തമാക്കിയ ഏക വിദേശ താരവും ഗെയ്ല്‍ തന്നെ.

Content Highlight: Players who hit 5 sixes in an over

We use cookies to give you the best possible experience. Learn more