ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നായി ഒറ്റ മനസോടെ ഇന്ത്യയുടെ വിജയത്തിനായി ആഗ്രഹിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിനും ഇഷ്ടതാരത്തിനുമായി ചേരി തിരിഞ്ഞ് പോരാടനുള്ള ഒരുക്കത്തിലാണ്. ഐ.പി.എല്ലിന്റെ 18ാം സീസണിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്.
പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
ഈ മത്സരത്തില്‍ വിരാട് കോഹ്‌ലി എത്ര റണ്‍സ് നേടുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് ഡേവിഡ് വാര്‍ണറിനെ ഈ സീസണില്‍ തന്നെ മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനായി വിരാടിന് വേണ്ടതാകട്ടെ 131 റണ്‍സും.
കൊല്‍ക്കത്തയ്‌ക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്ററെന്ന റെക്കോഡ് നിലവില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ പേരിലാണ്. 1134 റണ്‍സാണ് താരം കൊല്‍ക്കത്തയെക്കെതിരെ മാത്രം നേടിയത്. ഈ സീസണിലെ രണ്ട് മത്സരത്തില്‍ നിന്നും 131 റണ്‍സടിച്ചാല്‍ വിരാടിന് വാര്‍ണറിനെ മറികടക്കാം.
കൊല്‍ക്കത്തക്ക് ഡേവിഡ് വാര്‍ണറെന്ന പോലെ ഓരോ ടീമിനും അവരവരുടേതായ ‘ശത്രുക്കളുണ്ട്’. ഐ.പി.എല്ലിലെ ഓരോ ടീമിനെതിരെയും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളെ പരിശോധിക്കാം.
(ടീം – റണ്‍സടിച്ച താരം – റണ്‍സ് എന്നീ ക്രമത്തില്‍)
പഞ്ചാബ് കിങ്‌സ് – ഡേവിഡ് വാര്‍ണര്‍ – 1134
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഡേവിഡ് വാര്‍ണര്‍ – 1093
ചെന്നൈ സൂപ്പര്‍ കിങ്‌സ് – ശിഖര്‍ ധവാന്‍ – 1057
ദല്‍ഹി ക്യാപ്പിറ്റല്‍സ് – വിരാട് കോഹ്‌ലി – 1057
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഡേവിഡ് വാര്‍ണര്‍ – 958
മുംബൈ ഇന്ത്യന്‍സ് – കെ.എല്‍. രാഹുല്‍ – 950
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – സഞ്ജു സാംസണ്‍ – 801
രാജസ്ഥാന്‍ റോയല്‍സ് – വിരാട് കോഹ്‌ലി – 764
ഗുജറാത്ത് ടൈറ്റന്‍സ് – ഋതുരാജ് ഗെയ്ക്വാദ് – 350
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ഫാഫ് ഡു പ്ലെസി – 238
ഇത്തവണ ഏതെല്ലാം റെക്കോഡുകള്‍ തകരുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മിക്ക ടീമുകള്‍ക്കെതിരെയും ഡേവിഡ് വാര്‍ണര്‍ പുലര്‍ത്തുന്ന ആധിപത്യത്തിന് ഈ ഐ.പി.എല്ലോടെ അവസാനമായേക്കും. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡായ വാര്‍ണര്‍ 2025 സീസണ്‍ കളിക്കില്ല. വാര്‍ണറിനെ മറികടക്കാനുള്ള താരങ്ങളുടെ ഏറ്റവും മികച്ച അവസരവും ഇതുതന്നെയാണ്.
Content Highlight: Players who have scored the most runs against each team in the IPL