സംഭവം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെങ്കിലും ഒരു ഇന്ത്യന്‍ താരത്തിന് പോലും ഇതുവരെ അതിന് സാധിച്ചിട്ടില്ല; കൊച്ചിയില്‍ ചരിത്രം മാറുമോ
ഐ.പി.എല്‍ 2023ക്ക് മുമ്പായി ആവേശകരമായ മിനി ലേലത്തിനാണ് കൊച്ചിയില്‍ കളമൊരുങ്ങുന്നത്. മികച്ച താരങ്ങളെ തന്നെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനാണ് എല്ലാ ടീമുകളും അരയും തലയും മുറുക്കി ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിന് മുമ്പായി മെഗാ ലേലത്തില്‍ ഓരോ ടീമും തങ്ങളുടെ സ്‌ക്വാഡിനെ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ സ്‌റ്റേബിളായ സ്‌ക്വാഡിന് കരുത്ത് കൂട്ടാനായാണ് ഫ്രാഞ്ചൈസികള്‍ കൊച്ചിയിലേക്ക് പറന്നിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളേക്കാള്‍ ഷാകിബ് അല്‍ ഹസന്‍, സിക്കന്ദര്‍ റാസ, സാം കറന്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ വിദേശ താരങ്ങളിലേക്കാവും ആരാധകരുടെ കണ്ണെത്തുന്നത്. സമീപ കാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇവരെത്തുന്ന ടീമിന്റെ കരുത്ത് ഇരട്ടിയാകുമെന്നുറപ്പാണ്.
മായങ്ക് അഗര്‍വാള്‍, അജന്‍ക്യ രഹാനെ എന്നിവരടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
2008 മുതല്‍ ഇക്കാലം വരെ എല്ലാ വര്‍ഷവും ഐ.പി.എല്‍ ലേലം നടക്കാറുണ്ടെങ്കിലും ഒരു ലേലത്തില്‍ പോലും ഇന്ത്യന്‍ താരത്തിന് ഏറ്റവുമുയര്‍ന്ന തുക സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. നാളെ നടക്കുന്ന മിനി ഓക്ഷനില്‍ ചരിത്രം മാറുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
2008ലെ ആദ്യ സീസണില്‍ 5.4 കോടി രൂപക്കായിരുന്നു ഓസീസ് ലെജന്‍ഡ് ആന്‍ഡ്രൂ സൈമണ്ട്‌സ് ലേലം കൊണ്ടത്. ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു സൈമണ്ട്‌സിനെ ടീമിലെത്തിച്ചത്. എം.എസ്. ധോണിയടക്കമുള്ള പല താരങ്ങളും ഇതിനേക്കാള്‍ തുക ആദ്യ സീസണില്‍ നേടിയിരുന്നെങ്കിലും അത് ലേലത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നില്ല.
തൊട്ടടുത്ത വര്‍ഷം ആന്‍ഡ്രൂ ഫ്‌ളിന്റോഫും കെവിന്‍ പീറ്റേഴ്‌സണുമായിരുന്നു പണം വാരിയത്. 7.35 കോടി രൂപയായിരുന്നു ഇരുവരും കീശയിലാക്കിയത്. ഫ്‌ളിന്റോഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും പീറ്റേഴ്‌സണെ ആര്‍.സി.ബിയുമായിരുന്നു ടീമിലെത്തിച്ചത്.
ഓരോ സീസണിലും ഏറ്റവുമധികം തുക നേടിയ താരങ്ങള്‍ (സീസണ്‍-താരം-ടീം-തുക എന്ന ക്രമത്തില്‍)
2008 – ആന്‍ഡ്രൂ സൈമണ്ട്‌സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 5.4 കോടി
2009 – ആന്‍ഡ്രൂ ഫ്‌ളിന്റോഫ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 7.35 കോടി
2009 – കെവിന്‍ പീറ്റേഴ്‌സണ്‍ – റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – 7.35 കോടി
2010 – കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – 3.4 കോടി
2010 – ഷെയ്ന്‍ ബോണ്ട് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 3.4 കോടി
2011 – മഹേല ജയവര്‍ധന – കൊച്ചി ടസ്‌കേഴ്‌സ് കേരള – 6.8 കോടി
2012 – മഹേല ജയവര്‍ധന – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 6.8 കോടി
2013 – ഗ്ലെന്‍ മാക്‌സ്‌വെല്‍ – മുംബൈ ഇന്ത്യന്‍സ് – 5.3 കോടി
2014 – കെവിന്‍ പീറ്റേഴ്‌സണ്‍ – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 9 കോടി
2015 – ഏയ്ഞ്ചലോ മാത്യൂസ് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 7.5 കോടി
2016 – ഷെയ്ന്‍ വാട്‌സണ്‍ – റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – 9.5 കോടി
2017 – 14.5 കോടി – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 14.5 കോടി
2018 – ബെന്‍ സ്‌റ്റോക്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 12.5 കോടി
2019 – സാം കറന്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 7.2 കോടി
2020 – പാറ്റ് കമ്മിന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 15.5 കോടി
2021 – ക്രിസ് മോറിസ് – രാജസ്ഥാന്‍ റോയല്‍സ് – 15.25 കോടി
2022 – ലിയാം ലിവിങ്‌സ്റ്റണ്‍ – പഞ്ചാബ് കിങ്‌സ് – 11.50 കോടി
Content Highlight: Players who fetched the highest amount in each IPL auction