| Tuesday, 24th July 2018, 2:57 pm

ഫുട്‌ബോളില്‍ വംശീയാധിക്ഷേപം നേരിടേണ്ടി വന്ന താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

1. ഡാനി ആല്‍വസ്



പി.എസ്.ജിയുടെ ബ്രസീലിയന്‍ താരമാണ് ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളില്‍ ഒരാളായി അറിയപ്പെടുന്ന ഡാനി ആല്‍വസ്.

സ്പാനിഷ് ക്ലബായ ബാഴ്‌സിലോണക്ക് വേണ്ടി കളിക്കുമ്പോഴാണ് ഡാനി ആല്‍വസിന് ആരാധകരില്‍ നിന്നും കടുത്ത വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. വിയ്യാറയലിനെതിരെ കളിക്കുമ്പോഴായിരുന്നു സംഭവം.

കോര്‍ണര്‍ എടുക്കാന്‍ നിന്ന ഡാനിക്ക് മുമ്പിലേക്ക് ഒരു ആരാധകന്‍ പഴം എറിഞ്ഞു. കുരങ്ങനെന്ന് വിളിച്ചു അധിക്ഷേപിച്ചു. വളരെ രസകരമായിരുന്നു ഇതിനോടുള്ള ഡാനിയുടെ പ്രതികരണം. ഡാനി ആ പഴം കുനിഞ്ഞെടെത്ത് കഴിച്ചു. എന്നിട്ട് ആ ആരാധകന് നന്ദി പറഞ്ഞു. ശേഷം കോര്‍ണര്‍ കിക്കെടുത്ത് കളി തുടര്‍ന്നു.



2. മാര്‍ക്കോ സോറോ



ഫുട്‌ബോള്‍ കളിക്കാരില്‍ അത്ര പ്രശ്‌സ്തനല്ല മാര്‍ക്കോ സോറോ. എന്നാല്‍ ഫുട്‌ബോളിലെ വംശീയതയെപ്പറ്റി സംസാരിക്കുമ്പോള്‍ എളുപ്പം മറക്കാന്‍ സാധിക്കുന്ന പേരല്ല സോറോയുടേത്.

മെസ്സിന എന്ന ക്ലബിന് വേണ്ടി ഇന്ററിനെതിരെ കളിക്കുമ്പോഴായിരുന്നു സോറോയുടെ ദുരനുഭവം. കാണികള്‍ കുരങ്ങന്‍ എന്ന് കൂവി വിളിച്ചതില്‍ മാനസികമായി തകര്‍ന്ന താരം പന്തെടുത്ത് മൈതാനം വിട്ടു. അവസാനം രണ്ട് ടീമിലേയും അംഗങ്ങള്‍ പോയി സമാധാനിപ്പിച്ചാണ് സോറോയെ മൈതാനത്തേക്ക് മടക്കി കൊണ്ട് വന്നത്.

“”ഇവര്‍ കളിയെ സ്‌നേഹിക്കുന്നവരല്ല. എന്നാല്‍ ഞങ്ങള്‍ മൃഗങ്ങളല്ലെന്ന് ഇവര്‍ മനസ്സിലാക്കേണ്ടതുണ്ട്.”” മത്സര ശേഷം സോറോ പറഞ്ഞു

3. കെവിന്‍ പീറ്റര്‍ ബോട്ടെങ്ങ്



കളിച്ചിരുന്ന കാലത്ത് മികച്ച മധ്യനിരതാരങ്ങളില്‍ ഒരാളായിരുന്നു ബോട്ടെങ്ങ്. മികച്ച വേഗത്തിലോടുന്ന ബോട്ടെങ്ങ് പലപ്പോഴും എതിരാളികള്‍ക്ക് തലവേദനയായി.

എ.സി മിലാന്റെ താരമായ ബോട്ടെങ്ങിന് ആരാധകരുടെ പരിഹാസം സഹിക്കാന്‍ പറ്റാതെ ഇറ്റലി വിടേണ്ടി വന്നു. ബോട്ടെങ്ങിന്റെ തൊലിയുടെ നിറം പറഞ്ഞായിരുന്നു ആരാധകരുടെ പരിഹാസം.

4. സാമുവല്‍ ഏറ്റു


Image result for etoo


ബാഴ്‌സിലോണയുടെ ആരാധകര്‍ക്കാര്‍ക്കും മറക്കാന്‍ പറ്റുന്ന പേരല്ല കാമറൂണിയന്‍ താരമായ ഏറ്റുവിന്റെ പേര്. മൂന്ന് ചാംപ്യന്‍സ് ലീഗ്, ഒരു ഒളിമ്പിക്ക് ഗോള്‍ഡ് മെഡല്‍ എന്നിവയെല്ലാം താരം സ്വന്തമാക്കിയിട്ടുണ്ട്.

സരസഗോവയുമായുള്ള കളിക്കിടെ ആരാധകര്‍ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചപ്പോള്‍ താരം മൈതാനം വിട്ടു. ശേഷം ഇരു ടീമിലേയും കളിക്കാര്‍ പോയി താരത്തെ മടക്കി വിളിക്കുകയായിരുന്നു.

“”ആരെങ്കിലും എന്നെ കുരങ്ങനെന്ന് വിളിച്ചാല്‍, ഞാന്‍ കുരങ്ങനെപ്പോലെ പെരുമാറും”” മത്സര ശേഷം താരം പറഞ്ഞു.

5. മാരിയോ ബലോട്ടെല്ലി


Image result for balotelli


ഇറ്റലിയുടെ മികച്ച ആക്രമണനിര താരമായിരുന്നു ബലോട്ടെല്ലി. മികച്ച ഭാവി പലരും പ്രവചിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ബലോട്ടെല്ലിക്ക് അവ ഒന്നും നേടാന്‍ സാധിച്ചില്ല.

ഫ്രാന്‍സില്‍ ബാസ്റ്റിയ ക്ലബിനെതിരെ കളിക്കുമ്പോള്‍ കടുത്ത അധിക്ഷേപം നേരിട്ട താരം കുപിതനായി.
“”കളി നടക്കുമ്പോള്‍ മുഴുവന്‍ ബാസ്റ്റിയന്‍ ആരാധകര്‍ എന്നെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. എന്താണ് ഇതിനെതിരെ ആരും നടപടി എടുക്കാത്തത്”” താരം ചോദിച്ചു

“”ഇവിടെ വംശീയത നിയമവിധേയമാണോ? ഫുട്‌ബോള്‍ മനോഹരമായ കലയാണ്, ഇവരുടെ പ്രകടനം എന്നെ അലോസരപ്പെടുത്തുന്നു”” താരം പറഞ്ഞു

We use cookies to give you the best possible experience. Learn more