ട്വന്റി 20 പരാജയം: യുവരാജിന് പിന്തുണയുമായി താരങ്ങള്‍
DSport
ട്വന്റി 20 പരാജയം: യുവരാജിന് പിന്തുണയുമായി താരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th April 2014, 6:10 am

[share]

[] ചണ്ഡീഗഢ് : ട്വന്റി 20 ലോക കപ്പ്  ഫൈനലില്‍ ശീലങ്കയോടുള്ള ഇന്ത്യയുടെ പരാജയത്തെത്തുടര്‍ന്ന് യുവരാജ് സിങിനെതിരെയുള്ള വിമര്‍ശനങ്ങളെ എതിര്‍ത്ത് ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. യുവരാജിനെ വിമര്‍ശിയ്ക്കലാവാം എന്നാല്‍ ക്രൂശിയ്ക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. യുവരാജിനെ ഒരിയ്ക്കലും എഴുതി തള്ളാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.

യുവരാജിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയും രംഗത്തെത്തിയിരുന്നു. യുവിയുടെ മോശം ദിവസമായിരുന്നു അതെന്നും കഴിവിന്റെ പരമാവധി വേഗത്തില്‍ റണ്‍സ് എടുക്കാന്‍ യുവരാജ് ശ്രമിച്ചിരുന്നെന്നും മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ധോണി അറിയിച്ചിരുന്നു.

ചില ദിവസങ്ങളില്‍ ആര്‍ക്കും അംങ്ങനെ സംഭവിക്കും. യുവി പരമാവധി ശ്രമിച്ചിട്ടും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ പേരില്‍ ഒരു കളിക്കാരനെ ഇങ്ങനെ ക്രൂശിക്കുന്നതില്‍ അര്‍ഥമില്ല-ധോണി പറഞ്ഞു. മുന്‍ ഇന്ത്യന്‍താരം ഹര്‍ഭജന്‍ സിങും യുവിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. യുവിയെ ഇങ്ങനെ ആക്രമിക്കുന്നത് നീതീകരിക്കാനാവില്ലെന്നും രണ്ട് ലോകകപ്പുകള്‍ ഇന്ത്യക്ക് നേടിത്തന്ന ബാറ്റ്‌സ്മാനാണ് യുവിയെന്ന് ഓര്‍ക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

അതിനിടെ ഞായറാഴ്ച രാത്രി ട്വന്റി 20 ഫൈനല്‍ കഴിഞ്ഞ ഉടനെ യുവരാജ് സിങിന്റെ വീടിന് നേരെ കല്ലേറുണ്ടായി.  കല്ലേറിനെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പോലീസ് സ്ഥലത്തെത്തി വീടിന് കാവല്‍ ഏര്‍പ്പെടുത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. ഫൈനലില്‍ യുവരാജിന്റെ മോശം ബാറ്റിങ്ങായിരുന്നു. 21 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമേ യുവരാജിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളു.