ഐ.പി.എല്ലിനിടയിൽ രോഹിത്തിനെയും വിരാടിനെയുമൊന്നും വിശ്രമിക്കാൻ അനുവദിക്കരുത്; രൂക്ഷമായി പ്രതികരിച്ച് മുൻ സൂപ്പർ താരം
IPL
ഐ.പി.എല്ലിനിടയിൽ രോഹിത്തിനെയും വിരാടിനെയുമൊന്നും വിശ്രമിക്കാൻ അനുവദിക്കരുത്; രൂക്ഷമായി പ്രതികരിച്ച് മുൻ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st March 2023, 12:26 pm

മാർച്ച് 31 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന് അരങ്ങൊരുങ്ങുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഐ. പി.എല്ലിന്റെ പതിനാറാം എഡിഷനിലെ ഉദ്ഘാടന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത്.

രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്ക് പിടിച്ച ഷെഡ്യൂളിനിടയിൽ പ്രമുഖ താരങ്ങൾക്കെല്ലാം ഇടക്ക് വിശ്രമം അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഐ.പി.എല്ലിനിടയിൽ ഇന്ത്യൻ ടീമിലെ മുൻ നിര താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സഞ്ജയ്‌ മഞ്ജരേക്കർ.

ഐ.പി.എൽ പോലുള്ള വലിയ പണച്ചെലവുള്ളതും ആരാധക പിന്തുണയുള്ളതുമായ ടൂർണമെന്റുകൾക്കിടയിൽ വമ്പൻ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അത്കൊണ്ട് തന്നെ അത്തരം കാര്യങ്ങളെ ടീമിലെ മാനേജ്മെന്റ് തലത്തിലുള്ളവർ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് മഞ്ജരേക്കർ അഭിപ്രായപ്പെടുന്നത്.

“ഐ.പി.എല്ലിന്റെ വിജയം എന്നത് പ്ലെയേഴ്സിന്റെ പെർഫോമൻസിനേയും ഫിറ്റ്നസിനേയും ആശ്രയിച്ചാണിരിക്കുന്നത്. ആരാധകർക്കിടയിൽ വലിയ സ്വാധീനമുള്ളതാണ് ഈ ലീഗ്. ലോകകപ്പിന് വേണ്ടി ഐ.പി.എല്ലിനിടയിൽ താരങ്ങൾ വിശ്രമിക്കണമെന്നുള്ള ധാരണയെ പിന്തുണക്കുന്ന വ്യക്തിയല്ല ഞാൻ,’മഞ്ജരേക്കർ പറഞ്ഞു.

“ഐ.പി.എല്ലിൽ എല്ലാ മത്സരങ്ങളിലും പ്ലെയേഴ്സിനെ കളിപ്പിക്കുന്നതിൽ മാനേജ്മെന്റിന് ഒരു നിയന്ത്രണവുമില്ല. അവർ ഈ ടൂർണമെന്റിനായി വലിയ തോതിൽ പണം ചെലവഴിക്കുന്നുണ്ട്.

അതിനാൽ തന്നെയാണ് ഐ.പി.എല്ലിന് ഇത്രത്തോളം ജനപ്രീതി കൈവന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാനായിട്ടും ഏകദിന ലോകകപ്പിൽ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനുമായിട്ടാണ് ഐ.പി.എല്ലിൽ താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചിരുന്നത്.

Content Highlights:players shouldn’t be rested during IPL 2023 said Sanjay Manjrekar