| Saturday, 23rd October 2021, 6:58 pm

കറുപ്പുമില്ല വെളുപ്പുമില്ല; ലോകകപ്പ് വേദിയില്‍ വംശീയതയ്‌ക്കെതിരെ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: വംശീയാധിക്ഷേപത്തിനെതിരെയുള്ള സന്ദേശം നല്‍കി ടി-20 ലോകകപ്പ്. ലോകകപ്പിലെ ആദ്യ മത്സരമായ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലാണ് വംശീയതയ്‌ക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചത്.

ഗ്രൗണ്ടില്‍ മുട്ടു കുത്തി നിന്ന് വലതു കൈ ആകാശത്തേയ്ക്കുയര്‍ത്തിയാണ് താരങ്ങള്‍ വംശീയതയ്‌ക്കെതിരായ സന്ദേശം ലോകത്തിന് നല്‍കിയത്.

ആദ്യ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാര്‍ ക്രീസിലും, മറ്റ് കളിക്കാര്‍ ബൗണ്ടറി ലൈനിന് സമീപവും മുട്ടുകുത്തിപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും വംശീയാധിക്ഷേപത്തിനെതിരെ നിലകൊണ്ടു.

1968ലെ മെക്‌സിക്കന്‍ ഒളിംപിക്‌സില്‍ ടോമി സ്മിത്ത്, ജോണ്‍ കാര്‍ലോസ് എന്നീ ആഫ്രിക്കന്‍ അമേരിക്കന്‍ അത്‌ലറ്റുകള്‍ വംശീയതയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിന് സമാനമായ രീതിയിലാണ് ഇരു ടീമുകളും പ്രതിഷേധിച്ചത്.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 118 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
36 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമിന് മാത്രമാണ് ചെറുത്ത് നില്‍പ് നടത്തിയത്.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും കാര്യങ്ങള്‍ അത്ര പന്തിയല്ലായിരുന്നു. ഡേവിഡ് വാര്‍ണര്‍ (14), ആരോണ്‍ ഫിഞ്ച് (0), മിച്ചല്‍ മാര്‍ഷ് (11) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് ആദ്യമേ നഷ്ടമായി. നിലവില്‍ 17 ഓവറില്‍ 96ന് 5 എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് തുടരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Players of Australia and South Africa against Racism

We use cookies to give you the best possible experience. Learn more