കളിച്ചത് വെറും 16 മത്സരം; ഗോൾഡൻ ബൂട്ട് പ്രകടനത്തെ ഇപ്പോഴേ മറികടന്ന് ഹാലണ്ട്
football news
കളിച്ചത് വെറും 16 മത്സരം; ഗോൾഡൻ ബൂട്ട് പ്രകടനത്തെ ഇപ്പോഴേ മറികടന്ന് ഹാലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st December 2022, 9:39 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്റെ ഗോൾ വേട്ട തുടരുകയാണ് നോർവീജിയൻ താരം എർലിങ്‌ ഹാലണ്ട്. ശനിയാഴ്ച എവർട്ടണെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിലെ താരത്തിന്റെ ഗോൾ നേട്ടം 21ആയി വർധിച്ചു.

അഞ്ച് പ്രീമിയർ ലീഗ് സീസണുകളിലെ ഗോൾഡൻ ബൂട്ട് ജേതാക്കൾ സീസണിൽ നിന്നും മൊത്തം സ്വന്തമാക്കിയ ഗോളുകളെക്കാൾ കൂടുതലാണ് ഹാലണ്ട് ആറ് മത്സരങ്ങളിൽ നിന്നും മാത്രം നേടിയത് എന്നതാണ് രസകരമായ വസ്തുത.

1997-1998, 1998-1999, 2006-2007, 2008-2009, 2010-2011 വർഷങ്ങളിലെ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർമാർ നേടിയതിനേക്കാൾ കൂടുതൽ ഗോളുകളാണ് ഹാലണ്ട് വെറും 16 മത്സരങ്ങൾ നിന്നും സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിൽ ലീഡ്സിനെതിരെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ ഹാലണ്ട് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഇരുപത് ഗോളുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡ്‌ സ്വന്തമാക്കിയിരുന്നു.14 മത്സരങ്ങളിൽ നിന്നുമാണ് താരം 20 ഗോളുകൾ അടിച്ചുകൂട്ടിയത്.

കൂടാതെ ചെൽസി, ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല, ബേർൺ മൗത്ത്, വെസ്റ്റ് ഹാം, എവർട്ടൺ, വൂൾവ്സ്, നോട്ടിങ്ഹാം ഫോറസ്റ്റ്, സതാംപ്ടൻ മുതലായ ടീമുകൾക്ക് ഇത് വരെ മൊത്തം ഗോൾ നേട്ടം ഇരുപതിൽ എത്തിക്കാൻ സാധിക്കാതിരിക്കുമ്പോഴാണ് സിറ്റിക്കായി ഹാലണ്ട് തന്റെ ഗോളടി തുടരുന്നത്.

പ്രീമിയർ ലീഗിൽ മാൻ സിറ്റി ഇത് വരെ 44 ഗോളുകളാണ് സ്വന്തമാക്കിയത്. അതിൽ പകുതിക്കടുത്തും സ്വന്തമാക്കിയത് ഹാലണ്ടാണ്.
മത്സര ശേഷം മാധ്യമ പ്രവർത്തകർക്ക് നൽകിയ ആഭിമുഖത്തിൽ തന്റെ ഗോളടിച്ചുകൂട്ടൽ തുടരും എന്ന സൂചന തന്നെയാണ് ഹാലണ്ട് നൽകിയത്.

“ലോകകപ്പിൽ മറ്റു കളിക്കാർ ഗോളുകൾ നേടുന്നത് കണ്ടത് എന്നെ പ്രകോപിപ്പിച്ചു. അത് എനിക്ക് ആത്മവിശ്വാസം നൽകി. ഒരു തരത്തിൽ അത് എന്നെ ശല്യപ്പെടുത്തിയെന്നും പറയാം,’ ഹാലണ്ട് പറഞ്ഞു.

ഹാലണ്ടിന്റെ രാജ്യമായ നോർവെക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.

ലോകകപ്പിൽ കളിക്കാൻ പറ്റാത്തത് കൊണ്ട് തനിക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വന്നെന്നും. വീട്ടിൽ ആരും കേൾക്കാനില്ലെങ്കിലും താൻ ലോകകപ്പിന് കമന്ററി പറയുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് താരത്തെ മാഞ്ചസ്റ്റർ സിറ്റി ടീമിലെടുത്തത്. ബോക്സിലേക്ക് എത്തുന്ന പന്തിലേക്ക് കുതിച്ച് ചാടി അത് ഗോളാക്കാനുള്ള താരത്തിന്റെ മികവും, വേഗതയും, ഉയരകൂടുതലുമാണ് താരത്തെ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

 

Content Highlights: Played just 16 matches; Haaland has just overtake the Golden Boot performance