| Friday, 17th October 2014, 4:17 pm

സദാചാരവാര്‍ത്തകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സദാചാര ഗുണ്ടായിസം എന്ന സദാചാര പോലീസിങ് ഇന്ന് വര്‍ത്തമാനകാലത്തെ നോക്കി പല്ലിളിക്കുന്നു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അംശങ്ങളെ നമുക്കിടയില്‍ നിന്ന് തുടച്ചുമാറ്റിക്കൊണ്ട് മനുഷ്യബന്ധങ്ങളെ, സ്‌നേഹത്തെ ഒക്കെത്തന്നെയും പുരുഷാധിപത്യപല്ലിറുക്കങ്ങള്‍കൊണ്ട് ഞെരിച്ചുടയ്ക്കാന്‍ സദാചാരപോലീസുകാര്‍ സദാ തക്കംപാര്‍ത്തിരിക്കുന്നു. ഓരോരുത്തരും ഷഹീദ് ബാവമാരായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ശ്രീജിത്ത് പൊയില്‍കാവിന്റെ “സദാചാരവാര്‍ത്തകള്‍” സംസാരിച്ചുതുടങ്ങുന്നു…


(ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ രചന)

“അതെ…ചിലപ്പോല്‍ നിങ്ങളും അവരിലൊരാളാകാം പക്ഷെ നാളെ നിങ്ങള്‍ നിങ്ങളെ തന്നെ അമ്പെയ്തു വീഴ്ത്തിയേക്കാം”..!!!

ദൃശ്യം 1

(നസീമും സഫിയയും താമസിക്കുന്ന ഒരു ഇടുങ്ങിയ മുറി. ആ മുറിക്കകത്തു തന്നെയാണ് അടുക്കളയും കക്കൂസുമെല്ലാം. ചുവരില്‍ മക്കയുടെയും മദീനയുടെയും ചിത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നു. മുറിയുടെ ഒരു വശത്തായി ഒരു ജനല്‍ വാതിലില്‍ പഴയ സാരിയില്‍ തുന്നിക്കൂട്ടിയ ഒരു കര്‍ട്ടന്‍ കാറ്റില്‍ പാറി പറക്കാന്‍ തുടങ്ങുന്നു. ആ കര്‍ട്ടന്‍ കാറ്റില്‍ ഉയര്‍ന്നു പാറുമ്പൊള്‍ ജനലഴികള്‍ക്കു പുറത്തു കനത്ത മഴയുടെ ലക്ഷണങ്ങള്‍. ഇടിമിന്നലൊടു കൂടി മഴ പെയ്യാന്‍ തുടങ്ങുന്നു. മുറിയിലെ കട്ടിലില്‍ ഒറ്റക്കിരിക്കുന്ന സഫിയയില്‍ വെളിച്ചം. അവള്‍ ഫൊണില്‍ ആരെയൊ വിളിക്കാന്‍ ശ്രമിക്കുന്നു. പെട്ടന്നു കക്കുസിന്റെ വാതില്‍ തുറന്നു പുറത്തെക്ക് വരുന്ന നസീം. അയാള്‍ അവളെ ശ്രദ്ധിക്കുന്നു. അവളുടെ ഫോണിലെ വിളിയില്‍ അസ്വസ്ഥനായി അയാള്‍ ഒരു ബീഡിയില്‍ കഞ്ചാവു നിറക്കുന്നു.)

നസീം:അന്റെ മറ്റൊനായിരിക്കും ഇല്ലെ?

സഫിയ:അല്ല.

(അയാള്‍ അവളുടെ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു. അവള്‍ കൊടുക്കുന്നില്ല.)

നസിം:പുതിയ എതെങ്കിലും എടപാടുകാരകും…

ഫോണിലാകുമ്പൊ കെറുപ്പാകുല്ലാല്ലൊ!!! പറയടി ആരാ…?

സഫിയ: അതിങ്ങള്‍ അറിയണ്ട.. (ഒരു ദീര്‍ഘനിശ്വാസം വിടുന്നു.)

നസീം: അറിയണം.. അന്റെ കെട്ട്യോനാ ഞാന്‍. അന്നെ പോറ്റുന്നതു ഞാനാ..

സഫിയ: (ആത്മഗതം) : നിക്കാഹ് കയിച്ചോണ്ട് കെട്ട്യോനാവൂല്ല. അയിന് പെണ്ണിന്റെ മനസ്സു കൂടി അറിയണം.

നസീം: ഇനിക്ക്‌ണ്ടെടീ മനസ്സ്… !!

അതൊന്നും അണക്കും മനസ്സിലാവൂല്ല.

സഫിയ: ഇങ്ങക്ക് കെടന്ന് തരാനിക്ക് പറ്റൂല്ല… അതല്ലേ ഇങ്ങളെ മനസ്സ്… മനസ്സിലിരിപ്പ്…
(അയാള്‍ കൊപിഷ്ഠനായി എന്തൊ വലിച്ചെറിയുന്നു.)

[]നസീം: പിന്നെന്തിനായിരുന്നു നിക്കാഹ് ?

സഫിയ: ഞാനാരെയും മനസ്സാലെ നിക്കാഹ് കയിച്ചിട്ടില്ല.

ഞാനിപ്പൊഴും ആരുടെയും ഭാര്യയുമല്ല. മനസ്സ് കൊണ്ടു ഞാനിപ്പോഴും അവിവാഹിതയാണ്.

[പുറത്ത് മഴ കനക്കുന്നതിന്റെ ശബ്ദം. ശക്തമായ മിന്നല്‍. വീടിനുള്ളില്‍ ഒരു ചോര്‍ച്ച തുടങ്ങുന്നു. സഫിയ ചോരുന്ന ഭാഗത്ത് ഒരു ബക്കറ്റ് വെക്കുന്നു. നസീം അതൊന്നും ശ്രദ്ധിക്കാതെ ബീഡി കത്തിക്കുന്നു]

(ആത്മഗതം)

നസീം: ഓരോന്ന് തലേലാവും.

(സഫിയയോട്)

എന്നാ ഇറങ്ങിക്കൊ.. ന്റെ പെരേന്ന് എറങ്ങിക്കോന്ന്..!!

(അയാള്‍ അവളുടെ മുടി ചുറ്റിപ്പിടിക്കുന്നു.അവള്‍ ഉറക്കെ പൊട്ടിക്കരയുന്നു.  വീടിന്റെ ഭാഗത്ത് കൂടി ചോര്‍ച്ച തുടങ്ങുന്നു. അവള്‍ മറ്റൊരു പാത്രത്തിലേക്ക് നോക്കിക്കൊണ്ട് അയാളുടെ മല്‍പ്പിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്നു.)

സഫിയ: എങ്ങൊട്ട് പോവാന്‍..

ഇനിക്ക് പോവാനൊരിടല്ല. വീടില്ല. വീട്ടുകാരില്ല. (ഒരു പാത്രം എടുത്ത് ചോര്‍ച്ചയുള്ള ഭാഗത്ത് വെച്ച് കൊണ്ട്). എല്ലാരും ഇന്നെ വിട്ടതെന്താന്ന് ഇങ്ങക്കും അസ്സലായി അറിയാം.

ആരൂല്ലാത്തൊണ്ടാ ഇങ്ങളൊക്കെ ഇങ്ങനെ സഹിക്കുന്നതും..

നസീം: (വേദനയൊടെ)

ഇനിക്കും ആരൂല്ല. അതൊക്കെ അണക്കും അറിയാല്ലൊ…

നസീം: ഞാനെങ്ങനാ കള്ള് കുടിയനായതെന്നും കഞ്ചാവായതെന്നും അണക്കറിഞ്ഞൂടെ സഫിയാ.. എല്ലാരെയും മറന്ന് അന്റെ കൂടെജീവിക്കാനാ ഞാനിപ്പം ശ്രമിക്കുന്നത്. ഇജ്ജാണെങ്കില്‍ കൂട്ടിലിട്ട മെരൂനെപ്പോലെയും. അണക്കൊന്ന് എണങ്ങിക്കൂടെ ?

(അവള്‍ വീടിന്റെ പല ഭാഗങ്ങളിലായി ചോര്‍ച്ച മാറ്റിക്കൊണ്ടിരുന്നു. ഒന്നിനും മറുപടി പറയുന്നില്ല. പെട്ടന്ന് വാതിലിന്‍ ആരൊ മുട്ടുന്ന ശബ്ദം. ചോര്‍ച്ചയുള്ള മഴനാരുകള്‍ക്കിടയില്‍ സഫിയ പേടിച്ചരണ്ട് വാതിലിലേക്ക് നോക്കുന്നു. നസീം വാതില്‍ തുറക്കുന്നു. നസീമിന്റെ സുഹൃത്ത് സതീശനാണ്. അയാളുടെ കയ്യില്‍ ഒരു ബാഗുണ്ട്. നനഞ്ഞ് കുളിച്ചിട്ടാണ് വരവ്. )

സതീശന്‍: അങ്കമാലീന്ന് വര്യാ.. മഴ ചതിച്ചു. (സഫിയ നോക്കി.) ഇത്താ ആ തോര്‍ത്ത് ഒന്ന് തരീ.. (നസീം സതീശന് തോര്‍ത്ത് നല്‍കുന്നു.)

സതീശന്‍: അല്ല.. ഈ ചോര്‍ച്ച ഇതുവരെ ശരിയായില്ലെ? (നസീമിനെ നോക്കി) ആരെങ്കിലും വിളിച്ച് ഇതൊന്ന് ശരിയാക്ക് ഇക്കാ..

നസീം: അങ്ങനൊന്നും ശരിയാവുന്ന ചോര്‍ച്ചയല്ല അതു.. (അയാള്‍ ബീഡി കത്തിക്കുന്നു. റൂമിലരികിലെ കറുത്ത പെട്ടിയില്‍ നിന്ന് ഒരു കുപ്പിയില്‍ അവസാനമായുള്ള മദ്യം എടുത്ത് മേശപ്പുറത്ത് വെക്കുന്നു.) ഒരു പെഗ്ഗുണ്ടാവും. ഇജ്ജ് കുടിച്ചോ.. തണുപ്പ് മാറും.

സതീശന്‍: (ബാഗ് തുറന്ന് കൊണ്ട് ഒരു ഫുള്‍ കുപ്പി മദ്യം എടുത്ത് മേശപ്പുറത്ത് വെക്കുന്നു.) അങ്കമാലീന്ന് വാങ്ങീതാ..

നസീം: സഫിയാ.. രണ്ട് ഗ്ലാസ്സ്.. കൊറച്ച് വെള്ളം. (സഫിയ യാന്ത്രികമായി അതു ചെയ്യുന്നു.)

സതീശന്‍: ഹ.. നസീമിക്കാ.. എന്തിനാ വെള്ളം? വെള്ളല്ലെ വീട്ടിലേക്ക് നേരിട്ടെത്തുന്നത് ?(അയാള്‍ മദ്യം ഗ്ലാസ്സിലൊഴിച്ച് ചോര്‍ച്ചയുള്ള ഭാഗത്ത് നിന്ന് ഗ്ലാസ്സില്‍ വെള്ളം നിറക്കുന്നു.)

സതീശന്‍: അല്ല.. ഇക്കാ.. ഇങ്ങളെ പ്രശ്‌നങ്ങളൊന്നും ഇതുവരെ കഴിഞ്ഞില്ലേ? ഇത്ത ഇതുവരെ മെരുങ്ങീല്ലെ? അല്ല.. ഇങ്ങളാണോ മെരുങ്ങാത്തത് ?ഇങ്ങനൊരു ജീവിതാവുമ്പം കൊറച്ച് വിട്ട് വീഴ്ചയൊക്കെ വേണ്ടെ ?

(നിശബ്ദത..നസീം മദ്യം ഗ്ലാസ്സില്‍ ഒഴിച്ച് വെള്ളമൊഴിക്കാതെ അകത്താക്കുന്നു.)

സതീശന്‍: (സഫിയയോട്)

ഇങ്ങളിന്നൊര് അനിയനായി കണ്ടാ മതി. ഇങ്ങളിപ്പൊഴും പഴയ പോലെ തന്ന്യാ ?(നസീമിനൊട്) കഴിഞ്ഞതൊക്കെ ഇങ്ങള്‍ മറന്നില്ലേ ?

നസീം : പഴെ പോലെ തന്നെ. ഞാനോക്കും ഓളിനിക്കും ആരുമല്ല. ഞാന്‍ മാറാന്‍ നോക്ക്ന്ന്ണ്ട്. ഓള്‍…

സതീശന്‍: ഇക്കാക്കൂല്ലേ.. കൊറെ ഓറ്മ്മകളും വേദനകളുമൊക്കെ? ന്തായാലും അത്രക്കൊന്നും വരൂല്ല ഇങ്ങക്ക്..

സഫിയ: (പൊട്ടിത്തെറിക്കുന്നു)

കുടിച്ച്ട്ടുണ്ടെങ്കിലത് വയറ്റില്‍.. അല്ലാണ്ടിന്റെ മേലെ കുതിര കേറാന്‍ വരരുത്.

[സഫിയ പൊട്ടിക്കരയുന്നു. കട്ടിലില്‍ വീഴുന്നു. സതീശന്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. നസീം പെട്ടിയില്‍ നിന്ന് ആ ഫോട്ടൊ എടുത്ത് സതശനെ കാണിക്കുന്നു. ]

നസീം: എല്ലാറ്ക്കും കരയാ.. ഓള ഞാന്‍ മൊയി ചൊല്ലാണ്ടിരിക്കണത് എന്തോണ്ടാ? സഹതാപം കൊണ്ട്.. അതു കൊണ്ട് മാത്രം.

സതീശന്‍: ഇങ്ങളിപ്പോഴും പഴയ ഓറ്മ്മകളിലാ ഇക്കാ.. പണ്ടാരടങ്ങാന്‍.. ഇനിയെങ്കിലും ഇങ്ങക്കൊന്ന് ജീവിച്ചൂടെ?

(നസീം കയ്യിലെ ഫോട്ടൊ കാണിച്ച് കൊണ്ട്.. ഫോട്ടോയില്‍ ഒരമ്മയും മൂന്ന് വയസായ കുഞ്ഞും.)

നസീം: (വേദന സഹിച്ച് കൊണ്ട്..)

ഇവരെ ഞാന്‍ മറക്കണൊ ?
സതീശന്‍: ശ്രമിക്കണം. അല്ലാണ്ടിത് മുന്നോട്ട് പോവൂല്ല.

(നസീം “കുട്ടിഫാത്തിമാ..” എന്ന് വിളിച്ച് ഫോട്ടൊയില്‍ ചുംബിച്ച് പൊട്ടിക്കരഞ്ഞ് മെല്ലെ ബോധരഹിതനാവുന്നു. പുറത്ത് മഴ ശമിച്ചതിന്റെ ലക്ഷണങ്ങള്‍.)

സഫിയ: ഇജ്ജല്ലാണ്ട് മൂപ്പറ്ക്ക് സാധനം കൊടുക്കൊ? നല്ല കഞ്ചാവാ.. അയിന്റൊടി കുടി കൂടിയായാല്‍ കരച്ചിലും പിഴിച്ചിലും ദേഷ്യൊം. അത് പൊട്ടെ സതീശാ.. ഇജ്ജിനിക്കേതെങ്കിലും ഒരു ഹോസ്പിറ്റലില്‍ ജോലി ശരിയാക്കിത്താടാ..

അങ്ങനെയെങ്കിലും ഇനിക്കീ ദുരിതത്ത്ന്ന് കര കയറാല്ലൊ..

സതീശന്‍: അതിപ്പം.. രണ്ട് മാസം മുന്നത്തെ പോലെ നസീമിക്കാ അവ്ടയും വന്നു കള്ള് കുടിച്ച് കൊളാക്കൂല്ലെ ?

സതീശന്‍:അങ്കമാലി ഒരു ഹോസ്പിറ്റല്കാര്‍ പറഞ്ഞിട്ട്ണ്ട്. വല്ല്യ ശമ്പളൊന്നും ഇണ്ടാകില്ല തൊടക്കത്തില്‍..നാളെ രാവിലെ ഇങ്ങള് വാ.. അങ്കമാലീല്‍ വന്നിട്ട് ഇന്നെ വിളിച്ചാ മതി.. ഇമ്മക്ക് ശരിയാക്കാം… മഴ പോയീന്നാ തോന്നണത്. ഞാനിറങ്ങട്ടെ ..

(നസീമിനെ വിളിക്കാന്‍ ശ്രമിക്കുന്നു. നസീം ഉണരുന്നില്ല)

ന്നാ നാളെ രാവിലെ…. ഒരു പത്ത് മണിയാവുമ്പൊ എത്തണേ..

(സതീശന്‍ ഇറങ്ങുന്നു.സഫിയ നസീമിനെ എഴുന്നേല്‍പ്പിച്ച് കട്ടിലില്‍ കിടത്തുന്നു. അയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുന്നു. ഛര്‍ദ്ദിയുടെ മൂര്‍ദ്ധന്യത്തില്‍ വെളിച്ചം പൊലിയുന്നു.)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 2

[അതേ മുറി. ഇരുട്ട്. നസീം ഇരുട്ടത്ത് ട്രങ്ക് പെട്ടിയില്‍ എന്തൊക്കെയോ തിരയുന്നു. തിരച്ചിലിനൊടുവില്‍ അയാള്‍ ഏതൊക്കെയൊ കടലാസുകള്‍ കണ്ടെത്തുന്നു. സഫിയ ഉറങ്ങുകയാണെന്ന് ഉറപ്പ് വരുത്തി അയാള്‍ ആ കടലാസുകള്‍ കത്തിച്ചു കളയുന്നു. പ്രഭാതത്തെ സൂചിപ്പിച്ച് കൊണ്ട് വിവിധ പള്ളികളില്‍ നിന്നും “സുബഹ് ബാങ്ക്” മുഴങ്ങുന്നു. സഫിയ എണീറ്റ് എങ്ങോട്ടോ പോകാനുള്ള തിരക്കിലാണ്. അവള്‍ അണിഞ്ഞൊരുങ്ങി. ട്രങ്ക് പെട്ടിയില്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരയുന്നു. ഒടുവില്‍ അസ്വസ്ഥയായി നസീമിനെ വിളിക്കുന്നു. ]

സഫിയ: ഏയ്.. എണീക്ക്.. ഇക്കിന്ന് അങ്കമാലീല്‍ ഒരു ഹോസ്പിറ്റലില്‍ ഒരു ഇന്റര്‍വ്യു ഇണ്ട്.

(അയാളെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. ന്റെ സര്‍ട്ടിഫിക്കറ്റൊന്നും കാണാനില്ല. ഇങ്ങളിതേട്യാ കൊണ്ടൊയി വെച്ചെ?

നസീം: (കണ്ണ് തുറന്ന് കൊണ്ട്)

വേശ്യാ പണിക്ക് എന്തിനാടീ സര്‍ട്ടിഫിക്കറ്റ് ?

നേഴ്‌സിങ്ങ് ഇങ്ങക്ക് വേശ്യാപ്പണിയേരിക്കും.(കാര്‍ക്കിച്ച് തുപ്പുന്നു.) ഇക്കത് ഇന്റെ ചോറാ..

അന്റെ ശരീരം തന്ന്യല്ലേ നല്ല സര്‍ട്ടിഫിക്കറ്റ് !

സഫിയ: നേഴ്‌സിങ്ങ് ഇങ്ങക്ക് വേശ്യാപ്പണിയേരിക്കും.(കാര്‍ക്കിച്ച് തുപ്പുന്നു.) ഇക്കത് ഇന്റെ ചോറാ.. ഇങ്ങളിന്റെ സര്‍ട്ടിഫിക്കറ്റേട്യാ വെച്ചെ ?

നസീം: (മേശപ്പുറത്തെ ചാരത്തിലേക്ക് നോക്കി) ഒരു സദാചാരവുമില്ലാത്ത അന്റെ നേഴ്‌സിങ്ങ് സര്‍ട്ടിഫിക്കറ്റിതാ.. വെറും ചാരായി മേശപ്പുറത്ത്. (പൊട്ടിച്ചിരിക്കുന്നു.)

സഫിയ: (നിശബ്ദത)

പൊട്ടിക്കരയുന്നു… (അയാളെ അടിക്കുന്നു.)

നസീം: പ്ഫ പന്ന്യെ… ആ സര്‍ട്ടിഫിക്കറ്റിന്റെ മേലുള്ള അന്റെ ഹുങ്കിനി ഇല്ലല്ലോ..

നസീം: നസീമിന്റെ നല്ല ബീവിയായി ജീവിച്ചാ മതി ഇജ്ജ്..

(സഫിയ മേശപ്പുറത്ത് നിന്നും ചാരം വാരിയെടുത്ത് ഒരു ഭ്രാന്തിയെ പോലെ അതിലേക്ക് നോക്കി പൊട്ടിക്കരയുന്നു.) നസീം വീണ്ടും കഞ്ചാവ് തിരക്കുന്നു. നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ദൂരെ നിന്നും ഒരു തീവണ്ടി ചീറിപ്പായുന്ന ശബ്ദം. സാവധാനം വെളിച്ചം പൊലിയുന്നു.)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 3

[ആദ്യ രംഗത്തിലെ അതേ മുറി. സഫിയ മുറിയിലെ ട്രങ്ക് പെട്ടിയില്‍ നിന്നും ചില പഴയ ഫോട്ടോകള്‍ മേശപ്പുറത്ത് വെക്കുന്നു. ഒരു ഗ്രൂപ്പ് ഫോട്ടൊ. അവള്‍ പഠിച്ചിരുന്ന നേഴ്‌സിങ്ങ് കോളേജിലേത്. അവളും അവളുടെ ബാപ്പയും കൂടി നില്‍ക്കുന്ന ഫോട്ടോ… അനിയന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ. എല്ലാ ഫോട്ടോകളും മനോഹരമായി ഫ്രെയിം ചെയ്തിട്ടുണ്ട്. ഓരോ ഫോട്ടോകള്‍ക്കും ജീവനുള്ളത് പോലെ. അത് ചലിക്കാന്‍ തുടങ്ങുന്നു. അവള്‍ ട്രങ്ക് പെട്ടി അരിച്ച് പെറുക്കുന്നു. അതില്‍ നിന്നും സുന്ദരനായ അവളുടെ കാമുകന്‍ മുജീബിന്റെ പൊടി പിടിച്ച ഫോട്ടോ പുറത്തെടുക്കുന്നു. അതൊരു അമൂല്യ നിധി പോലെ മേശപ്പുറത്ത് വെച്ച് അവള്‍ ആ ഫോട്ടോയില്‍ മാത്രം ശ്രദ്ധിക്കുന്നു. അവളുടെ ഓര്‍മ്മയില്‍ അവന്റെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു. ഫോട്ടോ ഫ്രെയിമിനുള്ളിലൂടെ മുജീബ് അവന്റെ കൈകള്‍ നീട്ടുന്നു. അവള്‍ മുജീബിന്റെ കൈകളില്‍ ചുംബിക്കുന്നു. ]

മുജീബ്: ന്റെ ഹൂറിക്ക് ഞാനൊരു സമ്മാനോം കൊണ്ടാ ബന്നെ.. പതിനാലാം രാവിലെ സുല്‍ത്താന്റെ പട്ടുറുമാല്‍..

(അവന്‍ ഒരു മഞ്ഞ നിറത്തിലുള്ള ചിത്രപ്പണികള്‍ ചെയ്ത ഒരു പട്ടുറുമാല്‍ അവള്‍ക്ക് നീട്ടുന്നു.)

സഫിയ: മാണ്ട.. മിണ്ടണ്ട ഇങ്ങളിന്നോട്… എന്നറ്റണ് പോയതാ ഇങ്ങള്

മുജീബ്: ഒരു മാസം കൊണ്ട് ന്റെ ഹൂറീന്റെ ഖല്‍ബ് പൊട്ടിയോ ?

സഫിയ: പൊയ്‌ക്കോ.. ങ്ങക്ക് ഒരു മാസം. ഇനിക്കത് ഒരു മാസോം പത്ത് ദിവസോം.. പതിനൊന്ന് മണിക്കൂറുമാ..

[അവന്‍ പട്ടുറുമാലുമായി ഒരു രാജകുമാരനെ പോലെ ഫോട്ടോയില്‍ നിന്നും പുറത്തിറങ്ങി അവളുടെ അടുത്തിരിക്കുന്നു.]

മുജീബ്: അല്ലാ..

ഇതിപ്പോ ബല്ലാത്ത കണക്കായിപ്പോയല്ലോ… ! ഒരു മാസോം പത്ത് ദിവസോം പതിനൊന്ന് മണിക്കൂറും.

മുജീബ്: ബാക്കി മിനിറ്റും സെക്കന്റുമൊക്കെയൊ? (പട്ടുറുമാല്‍ അവളുടെ കഴുത്തില്‍ കെട്ടുന്നു. )സഫിയാ… ഞങ്ങള്‍ കച്ചോടക്കാര്‍ക്ക് നേരത്തിനൊന്നും എത്താന്‍ പറ്റൂല്ല.. അതോണ്ടല്ലേ കച്ചോടക്കാര്‍ കായ് ബാര്‍ന്നത്.

സഫിയ: കായ് ബാരീക്കില്ലെങ്കിലും നേരത്തിനും കാലത്തിനും ഒക്കെ എത്ത്യാ മത്യായിനു.

അല്ലാണ്ടിങ്ങനെ സര്‍ക്കീട്ടായാലേ ഞാന്‍ ബേറെ ആരെയെങ്കിലും നോക്കെണ്ടി ബരും.

അറിയുക നിന്റെ പ്രണയത്തിന്റെ പ്രകൃതം..

മുജീബ്: (നിശബ്ദത) (അയാള്‍ രണ്ടടി മാറിയിരിക്കുന്നു. സഫിയ അയാളെ സമാധാനിപ്പിക്കുന്നു. പെട്ടന്ന് സഫിയയുടെ മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നു. മുജീബ് എങ്ങോട്ടോ മറിയുന്നു. സഫിയ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ച് വരുന്നു.)

സഫിയ: അ.. സതീശാ.. അത് പിന്നെ… ന്റെ സര്‍ട്ടിഫിക്കറ്റൊക്കെ അയാള്‍ കത്തിച്ചു ചാരാക്കി. അതില്ലാണ്ട് ഞാനെങ്ങിനാ സതീശാ..

ശരി സതീശാ…

(ഫോണ്‍ കട്ടാവുമ്പോ ഫോട്ടോയില്‍ മുജീബ് പ്രത്യക്ഷനാവുന്നു.)

മുജീബ്: സഫിയാ.. ഇനി അണക്കിനി എപ്പഴും ന്നെ വിളിക്കാ.. ഇക്കും കിട്ടി മൊബൈല്‍. ന്റെ നംബറ് ഇജ്ജെയ്തിയെട്‌ത്തോ..

(സംഗീതം നിറയുന്നു. സഫിയയും മുജീബും ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അഭിനയിച്ച് കാണിക്കുന്നു. പെട്ടന്ന് വാതിലില്‍ മുട്ടുന്ന ശബ്ദം. അവള്‍ എല്ലാ ഫോട്ടോകളും എടുത്ത് ട്രങ്ക് പെട്ടിയില്‍ ഒളിപ്പിച്ച് വെക്കുന്നു. വാതില്‍ തുറക്കുന്നു. പുറത്ത് പച്ച വേഷധാരിയായ സൂഫി സന്യാസിമാരെ അനുസ്മരിപ്പിക്കുന്ന ഒരാള്‍. അയാള്‍ വാതില്‍ പടിക്കല്‍ ഇരിക്കുന്നു.)

സന്യാസി: കൊറച്ച് കഞ്ഞീന്റെ വെള്ളം ഉണ്ടാവോ ? (സഫിയ കുറച്ച് സമയം ആ സന്യാസിയെ സൂക്ഷിച്ച് നോക്കുന്നു. ആ മുഖത്ത് എന്തോ ദിവ്യ ചൈതന്യം മനസ്സിലാക്കുന്ന അവള്‍ അയാളോട് അകത്തേക്ക് കയറി ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു)

സന്യാസി: യാ.. അള്ളാ…

“അറിയുക നിന്റെ പ്രണയത്തിന്റെ പ്രകൃതം..

അവന്റെ പ്രണയാതുരമാം കണ്ണുകള്‍..

ഖല്‍ബും വാക്കും

അവന്റെ ഓര്‍മ്മകളാല്‍

സുരഭിലം…”

(അവള്‍ കഞ്ഞി വെള്ളവുമായി വരുന്നു. അയാള്‍ക്ക് നല്‍കുന്നു. അവള്‍ അയാളെ സൂക്ഷിച്ച് നോക്കുന്നു)

സഫിയ: മത്യോ..

സന്യാസി: കൊറച്ച് ഉപ്പ് തര്വൊ? ഉപ്പ് പോലെ തന്നെ ജീവിതോം. കൂടിയാലും കൊറഞ്ഞാലും പ്രശ്‌നാ..

(അവള്‍ ഉപ്പെടുക്കാന്‍ പോകുന്നു. പെട്ടെന്ന് ഒരു കടന്നല്‍ അവളുടെ അടുത്ത് കൂടി പറക്കുന്നു. അവള്‍ അതിനെ ആട്ടുന്നു. കടന്നലുകളുടെ എണ്ണം കൂടി വരുന്നു. അവള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ പുറത്തേക്ക് ഓടുന്നു. സന്യാസി ഒരു സൂഫി ഗാനം പാടുന്നു. കടന്നലുകല്‍ സാവധാനം അയാളിലേക്ക് പറന്നടുക്കുന്നു. അയാളുടെ നീണ്ട തലമുടിക്കുള്ളില്‍ അവര്‍ അനുസരണയുള്ള ജീവികളെ പോലെ ഒതുങ്ങുന്നു. താഴെ വീണ ഉപ്പു പാത്രം സന്യാസി എടുത്ത് കഞ്ഞിയില്‍ ഉപ്പ് ചേര്‍ക്കുന്നു.സഫിയ ആകെ പരിഭ്രമിച്ച് അയാളുടെ അടുത്ത് വന്നിരിക്കുന്നു.)

സന്യാസി: പേടിക്കേണ്ട. പ്രകൃതി ഇങ്ങനെയാണ്. നാം ഒന്നിനെ പേടിച്ച് അതിനെ ആട്ടിയോടിക്കുമ്പോള്‍ അതു നമ്മളെ തന്നെ ആക്രമിക്കും. ഏതാക്രമണത്തെയും സംയമനത്തോടെ നേരിടുക. ആക്രമിക്കുന്നവര്‍ക്കും നമ്മള്‍ താങ്ങാവുക.

(തലമുടിക്കുള്ളില്‍ നിന്നും കൂട്ടത്തോടെ കടന്നലുകള്‍ പുറത്തെക്കു പറക്കുന്നു. സഫിയ പേടിച്ച് പിന്മാറാന്‍ ശ്രമിക്കുന്നു. )

സന്യാസി: പേടിക്കരുത്. . അവരൊന്നും ചെയ്യില്ല.

(അയാള്‍ ബാക്കി കഞ്ഞി കൂടി കുടിക്കുന്നു.) എന്താ പേര് ?

സഫിയ: സഫിയ..

സന്യാസി: സഫിയ.. സ്വാതന്ത്ര്യത്തിന്റെ സുഹൃത്ത്… നല്ല പേര്.. ഞാന്‍ ഇങ്ങോട്ട് വരുമ്പൊ ആരോടാ സഫിയ സംസാരിച്ചത് ?
സഫിയ: അത്.. അത്..

സന്യാസി: സ്വപ്നങ്ങളോട്.. അല്ലേ ?

ആ സ്വപ്നനായകന്‍ ഒരിക്കല്‍ നായികയെ തേടി വരും… അവന്‍ വരുന്നത് വരെ ജീവിതത്തില്‍ ഒരു കരിഞ്ഞ പൂവ് പോലെ നീ.. എല്ലാം അല്ലാഹുവിന്റെ തീരുമാനം. !

(അയാള്‍ വിശുദ്ധ സൂറത്തുകള്‍ അടങ്ങിയ ഒരു പുസ്തകം സഫിയക്ക് നല്‍കുന്നു. അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളികള്‍ ഉയരുന്നു. )

സന്യാസി: നിന്റെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉതതരം ഇതിലുണ്ട്.

(സഫിയ അത് വാങ്ങുന്നു)

സന്യാസി: അതില്‍ ഒരു താള്‍ തുറക്കുക. ഞാന്‍ ഒരിക്കല്‍ കൂടി ഈ സ്വാതന്ത്ര്യത്തിന്റെ കൂട്ടുകാരിയെ തേടി വരും. അന്നു മാത്രം ഓതുക.. ഈ സൂരത്.. ഇതു അകത്ത് വെച്ച് വരിക.

(അവള്‍ അകത്തെക്ക് പരിശുദ്ധ പുസ്തകവുമായി പോകുമ്പോള്‍ സന്യാസി പെട്ടന്ന് മറഞ്ഞ് പോകുന്നു. ഒരു മഞ്ഞ പട്ടുറുമാല്‍ മാത്രം അവിടെ ബാക്കിയാവുന്നു. അവള്‍ അതെടുക്കുന്നു. ആ പട്ടുറുമാലിനും അവളുടെ മുജീബിന്റെ പട്ടുറുമാലിനും ഒരേ നിറം തന്നെയായിരുന്നു)

(അവള്‍ വിറയാര്‍ന്ന കൈകളുമായി അമ്പരപ്പോടെ ആ പട്ടുറുമാല്‍ എടുക്കാന്‍ ശ്രമിക്കുന്നു. പെട്ടന്ന് ആ പട്ടുറുമാല്‍ എവിടേക്കോ പറന്ന് പോകുന്നു. മദ്യപിച്ച് ഉന്മത്തനായി പ്രവേശിക്കുന്ന നസീം. നസീം അവളെ പിടിച്ച് കിടത്തുന്നു. അവള്‍ അയാളെ തട്ടിമാറ്റി മുറിയുടെ ഒരു കോണില്‍ വന്നിരിക്കുന്നു. അമിതമായി മദ്യപിച്ച നസീമിന് അവളുടെ അടുത്ത് നടന്നടുക്കാന്‍ കഴിയുന്നില്ല. അയാള്‍ കട്ടിലില്‍ നിന്ന് താഴെ വീണു ബോധരഹിതനാകുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു. ആ മഞ്ഞ പട്ടുറുമാല്‍ സഫിയയുടെ തലയില്‍ വന്ന് വീഴുന്നു. അതവള്‍ക്ക് ഒരു സുരക്ഷാകവചമായി മാറുന്നു. ആ സുരക്ഷാബോധത്തില്‍ അവള്‍ മുറിയുടെ ഒരു കോണില്‍ ഒതുങ്ങി ഇരിക്കുന്നു. സാവധാനം വെളിച്ചം അവളില്‍ മാത്രം. അരങ്ങ് ഇരുട്ടിലേക്ക്)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 4

(സഫിയയുടെ പെട്ടിക്കുള്ളിലെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ അവള്‍ അടുക്കിപ്പെറുക്കി വെക്കുന്നു. ഓരോ ഫോട്ടോകളും പൊടി തട്ടി വെക്കുമ്പൊള്‍ അവളില്‍ ഓരോ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. മുറിയുടെ ഒരു കോണില്‍ നസീമിനെയും കാണാം. അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ ഏതോ ലോകത്താണ്. സമയം സന്ധ്യയായതിന്റെ സൂചനകള്‍ നല്‍കി ഒരു ബാങ്ക് ഉയരുന്നു. ദൂരെ നിന്നും ഒരു തീവണ്ടിയുടെ കാതലപ്പിക്കുന്ന ശബ്ദം. പെട്ടന്ന് ശരീരം മുഴുവന്‍ ചോരയില്‍ കുളിച്ച് ഒരു വൃദ്ധന്‍ മുറിക്കകത്തേക്ക് പ്രവേശിക്കുന്നു. അയാള്‍ ആരെയോ പേടിക്കുന്നു. മുഖത്ത് അമ്പരപ്പ്.)

വൃദ്ധന്‍: രക്ഷിക്കണം. ഓരിന്നെ കൊല്ലും… ഇനിക്കേടെങ്കിലുമൊന്ന് ഒളിക്കണം. അവരൊട് ഞനിവ്‌ടെണ്ട്ന്ന് പറയല്ലേ..

(ഒരു കൂട്ടം ആളുകള്‍ അവിടേക്ക് ഓടിക്കയറി വരുന്നു. )

ഒരാള്‍: ഒരു കെളവന്‍ വന്നോ ഇങ്ങോട്ട് ?..

രണ്ടാമന്‍: വിടരുത്.. ആ നായിന്റെ മോനെ..

സഫിയ: ഒരാ .. ദാ.. അങ്ങോട്ട് ഓടിപ്പോയി..

(ആളുകള്‍ സഫിയ കാണിച്ച ഭാഗത്തേക്ക് ഓടിപ്പോകുന്നു. ആളുകള്‍ “കെളവനാണെങ്കിലും കയ്യിലിരിപ്പ് മഹാമോശാ!..” “പെണ്ണുങ്ങളെ കണ്ടാ വിടൂല്ല.” എന്നൊക്കെ വിളിച്ച് പറയുന്നുണ്ട്.)

നല്ലണം നോക്ക്. പന്നീന്റെ മോനേ…

(വൃദ്ധന്‍ പതുങ്ങി നിന്നടുത്ത് നിന്നും പുറത്ത് വരുന്നു.)

വൃദ്ധന്‍: നന്ദിയുണ്ട് പെങ്ങളേ..

സഫിയ: അവരെന്തിനാ ഇങ്ങളെ തല്ല്യേത്..എന്തിനാ എങള് ഓടീതു…?

(അവള്‍ അയാളുടെ മുറിവുകള്‍ കാണുന്നു. അതില്‍ മരുന്ന് വെച്ച് കെട്ടുന്നു.)

വൃദ്ധന്‍: അത്.. അതൊരു കയ്യബദ്ധം..

[അയാള്‍ വേദന കൊണ്ട് പുളയുന്നു. നസീം എഴുന്നേറ്റ് വൃദ്ധന്‍ ശ്രദ്ധിച്ചു.]

സഫിയ: ഇങ്ങള് കള്ള് കുടിച്ചിക്ക് ല്ലേ?

വൃദ്ധന്‍ : (നിശബ്ദത)

[നസീം അയാളുടെ മുഖത്തേക്ക് തന്നെ ശ്രദ്ധിച്ച് നോക്കുന്നു. മുഖം മുഴുവന്‍ രക്തം ആയത് കൊണ്ട് വ്യക്തമായി മുഖം കാണാന്‍ കഴിയുന്നില്ല.]

നസീം: ഇങ്ങളെ ഏടെയോ കണ്ട് പരിചയള്ള പോലെ..

വൃദ്ധന്‍: (കള്ളനെ പോലെ മുഖത്ത് നോക്കാതെ)

ഇണ്ടാവാന്‍ സാധ്യതയില്ല. ഞാന്‍ കൊറച്ച് ദൂരെയാ..

നസീം: (വെള്ളം എടുത്ത് അയാളുടെ മുഖം കഴുകുന്നു. പെട്ടന്ന് നസീം അയാളെ കഴുത്തിനു പിടിച്ച് എഴുന്നേല്‍പ്പിച്ച് മുഖം വ്യക്തമായി നോക്കുന്നു.)

നസീം: നായിന്റെ മോനേ… ഞങ്ങളെ ഓര്‍മ്മയില്ലേ നെനക്ക്? നീ കാരണം ജീവിതം നശിച്ച് മരിച്ച് ജീവിക്കുന്നോരാടാ ഞങ്ങള്‍..

വൃദ്ധന്‍: ഇങ്ങള്‍..ഇങ്ങള്‍…

(നസീം സഫിയയേയും അയാള്‍ക്കരികിലേക്ക് നിര്‍ത്തുന്നു.)

നസീം: നല്ലണം നോക്ക്. പന്നീന്റെ മോനേ…

(വൃദ്ധന്റെ മുഖത്ത് ഭാവങ്ങള്‍ മാറുന്നു. അയാള്‍ പഴയ ഓര്‍മ്മകളിലേക്ക് പോകുന്നു. കുറേ ആണുങ്ങളുടെ കൂട്ടച്ചിരി ഉയരുന്നു. പിന്നീടത് ആരവങ്ങളായി മാറുന്നു. ചിരിയും ആരവങ്ങളും ഉച്ചത്തിലാവുമ്പോള്‍ വെളിച്ചം പൊലിയുന്നു.)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 5

[അരങ്ങ് ഒരു ആളൊഴിഞ്ഞ കവലയാണ്. അടച്ചിട്ട പീടികകള്‍. ഹര്‍ത്താലിന്റെ സൂചനകളായി ചില ബോര്‍ഡുകള്‍ കാണാം. ദൂരെ നിന്നും പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഒരു ജാഥ കടന്നുപോകുന്നു. അരങ്ങിലേക്ക് പ്രവേശിക്കുന്ന അഞ്ചംഗ സംഘം. ]

കരുണന്‍ മേസ്തിരി: ഇന്നിപ്പം ശരിക്കും ഏത് പാര്‍ട്ടീടെ ഹര്‍ത്താലാടാ വിനോദാ…

വിനോദന്‍: ന്റെ മേസ്തിര്യേ… ഇമ്മക്ക് അങ്ങനൊക്കെ ഇണ്ടൊ..? ഏത് പാര്‍ട്ടിയായാലും ഇമ്മക്കത് അടിച്ച് പൊളിക്കാന്നേ… ടാ… കുഞ്ഞാ… ടയറൊക്കെ റെഡിയല്ലേ..?

കുഞ്ഞന്‍: പിന്നല്ലാണ്ട്.. പൂക്കാട്ട് അങ്ങാടീക്കൂടി ഇനിയൊരു വണ്ടി കടന്ന് പോണെങ്കില്‍ കുഞ്ഞനോട് ചോദിക്കണം.

രതീശന്‍: ആരോട് ?

കുഞ്ഞന്‍: അല്ല… ഇമ്മളോട് ചോദിക്കണം.

മമ്മദ്: (ബീഡി കത്തിച്ച് കൊണ്ട് )

ഹല്ല വിനോദാ!.. മങ്കുറുണിയൊന്നും ഇല്ലേ ?

കഴുത കാമം കരഞ്ഞു തീര്‍ക്കും…നീയൊക്കെ അതും ആട്ടിക്കൊണ്ടിങ്ങനെ നടന്നോ..

വിനോദന്‍: ഇല്ലാണ്ട് പിന്ന.. ഇന്നര്‍ത്താലാണ്.. ഇന്നലെ പറയുമ്പം തന്നെ കുന്നുമ്മലെ ബാബൂനക്കൊണ്ട് അഞ്ച് ലിറ്ററ് വാറ്റിച്ച്..

കരുണന്‍: ന്നാപ്പിന്നെ എടുത്തങ്ങ് ഒയിക്ക്..

[എല്ലാവരും മദ്യസേവ തുടങ്ങുന്നു]

കുഞ്ഞന്‍: അല്ല മമ്മദ്ക്കാ… നമ്മുടെ ശശീന്റെ മോള്‍ ആരൊപ്പരാ ഒളിച്ചോടിപ്പോയിന് ?

മമ്മദ്: ഏതോ ബംഗാളിയാന്നാ പറയുന്നത്.

വിനോദന്‍: ബംഗാളിയൊന്നുമല്ലപ്പാ.. മലയാള്യെന്നാ… ടയിത്സ് പണിക്കാരനാ.. ഓരെ പൊരേന്റട്ത്ത് പണിക്ക് വന്നതായിന്‍.. പെണ്ണെടക്കേടക്ക് കാണാന്‍ പോക്കണ്ടെന്ന് പോലും.

കുഞ്ഞന്‍: മറ്റേ പരിപാടിയൊക്കെ നടന്നിട്ടുണ്ടാവും..??

മമ്മദ്: ഇല്ലാണ്ട് പിന്നെ..

ആ പണിനടക്കുന്ന  പൊരേല്‍ ആര് വരാനാ ?

കുഞ്ഞന്‍:പണി നടക്കുന്ന പെരെലു പണി തന്ന പണി…

ഓളൊരു ചരക്കെന്നായിന് കരുണേട്ടാ…

കരുണന്‍: കഴുത കാമം കരഞ്ഞു തീര്‍ക്കും…നീയൊക്കെ അതും ആട്ടിക്കൊണ്ടിങ്ങനെ നടന്നോ..

ടയില്‍ പണിക്കാരനാണെങ്കിലെന്താ.. ഓനല്ലേ ആങ്കുട്ടി..

മമ്മദ്: എന്താങ്കുട്ടി..

എട്ടും പൊട്ടും തിരിയാത പെങ്കുട്ടീന തട്ടിക്കൊണ്ടോവലാണോ ആണത്തം…

കുഞ്ഞന്‍: ആര്‍ക്ക് എട്ടും പൊട്ടും തിരിയൂല്ലാന്ന്.. അതൊക്കെ ഇങ്ങള് വെറുതെ വിചാരിക്കാ മമ്മദ്ക്കാ.. ഓക്കൊക്കെ എല്ലാം അറിയാന്ന്…

കരുണന്‍: അതെങ്ങിനാടാ നെനക്കറിയുന്നത്.. നെനക്കുണ്ടായിരുന്നോ എന്തെങ്കിലും എടപാട്..

(എല്ലാവരും ചിരിക്കുന്നു. അവിടേക്ക് വരുന്ന ഒരു ബൈക്ക്.. സംഘം ബൈക്ക് നിര്‍ത്തിച്ച് ഭീഷണിപ്പെടുത്തി അയാളുടെ കയ്യിലുള്ള പൈസ വാങ്ങുന്നു. റോഡില്‍ ടയറുകള്‍ കത്തിക്കാന്‍ തുടങ്ങുന്നു.)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 6

[ഒരു റയില്‍വെ സ്റ്റേഷനരികില്‍ നിറ്ത്തിയിട്ടിരിക്കുന്ന ഒരു കാറിനരികില്‍ സുമുഖനായ നസീം ഫോണില്‍ സംസാരിക്കുന്നു. ട്രെയിന്‍ വന്നു നില്ക്കുന്നതിന്റെ ശ്രാവ്യദൃശ്യങ്ങള്‍]

നസീം: ന്റെ ബാലകൃഷ്ണാ.. ഇജ്ജൊന്ന് ബേഗം വാ.. ഇന്ന് ഹറ്ത്താലാ.. കാറോടിച്ച് ഇനിക്കിനി വണ്ടൂരെത്തണം.

(അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ആരെയോ തിരയുന്നു. ഒരാള്‍ ഓടി വന്ന് നസീമിന്റെ കയ്യില്‍ ഒരു കെട്ട് നോട്ട് നല്‍കുന്നു. )

അയാള്‍: കണക്കൊക്കെ പിന്ന പറയാ.. എണ്ണലൊക്കെ ഇങ്ങള്‍ എണ്ണിയാ മതി. വണ്ടി 5 മിനിറ്റേ നില്‍ക്കുള്ളൂ.. ന്നാ പിന്നെ കാണാ..

(അയാള്‍ റെയില്‍ വേ സ്റ്റെഷനിലേക്ക് ഓടിക്കയറി പോകുമ്പോള്‍ ബാഗുമായി വരുന്ന സഫിയ. അവള്‍ അമ്പരപ്പോടെ ചുറ്റും നോക്കുന്നു. വിജനം. അവള്‍ നസീമിനടുത്തേക്ക് നടന്നു വരുന്നു.)

സഫിയ: ഓട്ടോ ഒന്നുണ്ടാവില്ല. ബസ് സ്റ്റാന്റ് ലിഫ്റ്റ് തര്വൊ ?
(തീവണ്ടി പോകുന്നതിന്റെ ശബ്ദം) വണ്ടി ഒരുപാട് ലേറ്റായിപ്പോയി. (പെട്ടന്ന് നസീമിന്റെ ഫോണടിക്കുന്നു.)

നസീം: ഹലോ.. ന്റെ സബീനാ.. ഇന്നിനിപ്പെവ്ട്ന്നാ പാല്‍ കിട്ട്വാ.. ഇജ്ജ് ഇന്ന് അന്റെ പാല് തന്നെ കൊട്ക്ക് കുഞ്ഞന്… ഹല്ലാ! പിന്നാ!..

ഞാന്‍ വെക്കം വരും.. ഇജ്ജു കെടന്നാ.. (സഫിയയെ നോക്കി.) കെട്ട്യോളാ.. കുട്ടിക്ക് പാല്‍ മാങ്ങാന്‍.ഇന്നിപ്പൊ ഓളെ പാലന്ന കൊടുക്കെ വയ്യിള്ളൂ.നേരരുട്ടാവുന്നതിന് മുമ്പ് പെരപിടിക്കാന്‍ നോക്കാണ്ട് പാല്‍ മാങ്ങാന്‍ നിന്നാല്‍ മയ്യത്താവും. ഹര്‍ത്താല്‍കാര്‍ ഹാലിളകി നില്‍ക്ക്വാ.. മതമില്ലാത്ത ജീവനും കുറെ മതമുള്ള ആളോളും.

(സഫിയയുടെ മുഖത്ത് മന്ദസ്മിതം)

നസീം: അതിനിപ്പം ബസുണ്ടാവോ ?

സഫിയ: കെ.എസ്.ആറ്.ടി. സി ഉണ്ടാവും ഏഴേ പത്തിന്. ഗവണ്മെന്റിന് ഹര്‍ത്താലില്ലല്ലോ..

നസീം: ങ്ങ്ഹും

ന്നാ കേറിക്കോളീ..

സഫിയ: (കാറിന്റെ നമ്പറ് നോക്കിക്കൊണ്ട്) (ഫോണില്‍)

ബാപ്പാ.. ഇങ്ങള്‍ നെലമ്പൂരങ്ങാടീ തന്നെ ഇണ്ടാവൂല്ലേ..?

ഞാനൊരു പതിനൊന്നരയാവുമ്പം എത്തും.

ഒരു കാറ്കാരന്‍ ബസ് സ്റ്റാന്റിലാക്കിത്തരാന്ന് പറഞ്ഞിക്ക്.. കാറിന്റെ നമ്പര്‍ ഞാനിങ്ങക്ക് മെസേജയക്കാട്ടോ..!

നസീം: കാറുകാരനല്ല. നസീം.. പേടിക്കണ്ട. നിലമ്പൂരാണെങ്കി ന്റെ കൂടെ പോരീ.. ഞാന്‍ വണ്ടൂര്‍ക്കാ..

സഫിയ: അത് മാണ്ട. ഇങ്ങളിന്ന ബസ് സ്റ്റാന്റില്‍ വിട്ടാമതി. (ദൂരെ എവിടെ നിന്നോ പ്രകടനങ്ങളുടെ ശബ്ദം. രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ തല്ലിപ്പൊട്ടിക്കുന്ന ശബ്ദം.പോലീസ് സയറനുകള്‍…)

നസീം: ഇനിയിപ്പം ബസ് സ്റ്റാന്റിലേക്ക് പോകുന്നത് ബുദ്ധിയല്ല. ഇങ്ങള്‍ കേറിക്കോളീ.. ഞാനിങ്ങളെ ഒന്നും ചെയ്യൂല്ല. ഒരു ഇക്കയായി കണ്ടാ മതി..

(അവള്‍ മടിച്ച് കാറിനടുത്തേക്ക് നടക്കുന്നു. അവളുടെ ബാഗുകളുടെ ഭാരം കൂടുതല്‍ കാരണം അവള്‍ക്ക് നടക്കാന്‍ കഴിയുന്നില്ല. അയാള്‍ അവളെ സഹായിക്കുന്നു.)

നസീം: ന്താ പേര്..

സഫിയ: സഫിയ..

നസീം: നെലമ്പൂര്‍ എവ്ടാ…

സഫിയ: എടക്കര.

നസീം: എടക്കര.. ബാപ്പാന്റെ പേരോ ?

സഫിയ: ഹസന്‍ കോയ.

നസീം: എടക്കരേല്‍ വെറക് കച്ചോടം ചെയ്യുന്ന..

സഫിയ: ബാപ്പാനെ അറിയോ ?

നസീം: അറിയോന്ന് ചോയിച്ചാ.. അറിയില്ല..
കേട്ടിട്ടുണ്ട്. മൂന്ന് പെണ്‍കുട്ട്യേളാ ഇങ്ങക്ക് ല്ലേ ?

സഫിയ: അതൊക്കെങ്ങനറിയാ..

നസീം: ഹസനിക്ക ഒരിക്കല്‍ കട്ടന്‍ ചായ കുടിക്കുമ്പൊ ആരൊ ചോയിച്ച് കോയി ബിരിയാണി കയിച്ചൂടേ കോയാന്ന്.. അന്നു മൂപ്പര്‍ പറേണ കേട്ടതാ..

(സഫിയ ചിരിക്കുന്നു. നസീമിന് സഫിയയുടെ പുഞ്ചിരിയില്‍ ഒരു അനിയത്തിയെ കാണാന്‍ കഴിഞ്ഞു. അയാളുടെ ഓര്‍മ്മകളില്‍ നിന്നും ഓത്ത് കഴിഞ്ഞ് വരുന്ന രണ്ട് കുട്ടികള്‍ ഓടിയെത്തി. അവര്‍ പകുതി തിന്ന മാമ്പഴവുമായി നസീമിന് ചുറ്റും ഓടി നടന്നു. നസീം പെട്ടന്ന് ചിരിച്ച് പോയി.)

ഒരണും ,ഒരു പെണ്ണും…ഇതു അതു തന്നെ… തൊറക്കെടാ… ഇങ്ങളെ മറ്റേ പരിപാടി കോനോടി മുക്കില്‍ നടക്കൂല്ല.

സഫിയ: എന്താ വെറുതെ ചിരിക്കുന്നെ ?

നസീം: ഏയ്.. ഒന്നൂല്ല.. അന്നെ കണ്ടപ്പം ന്റെ അനിയത്തിയെ ഓര്‍ത്ത് പോയി. ഓളുടെ ചിരിയും ഇതു്‌പൊലെ പോലെ തന്നെയായിരുന്നു.

സഫിയ: ഓളിപ്പം എന്ത് ചെയ്യ്ന്ന് ?

നസീം: (ചെറിയ നിശബ്ദതക്ക് ശേഷം.) അള്ളാ ഓള തിരിച്ച് വിളിച്ച്.. ഓളെ പന്ത്രണ്ടാമത്തെ വയസില്‍.

(നസീം കാറിനകത്ത് കയറുന്നു. സഫിയ പിന്‍ ഡോറ് തുറന്ന് ബാഗുകള്‍ അകത്ത് വെച്ച് പിറകിലെ സീറ്റില്‍ ഇരിക്കുന്നു. കാറ് സ്റ്റാറ്ട്ടാവുന്നു. അയാള്‍ ബാബുരാജിന്റെ “ഓത്തുപള്ളിയില്‍..” എന്ന് തുടങ്ങുന്ന പാട്ട് കാറില്‍ ഓണ്‍ ചെയ്യുന്നു. കാറ് നീങ്ങി തുടങ്ങുമ്പോള്‍ നസീമിന്റെ ഓര്‍മ്മകളില്‍ ആദ്യം വന്ന രണ്ട് കുട്ടികള്‍ മാമ്പഴങ്ങളുമായി കാറിന് പിന്നാലെ ഓടുന്നു. കാറ് വിജനമായ റോഡിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍. ഇരുട്ട് പരക്കുന്നു. )

(അവര്‍ യാത്ര തുടരുമ്പോള്‍ ആകാശം കറുക്കുന്നു. മിന്നല്‍പ്പിണറ് ആകാശത്തില്‍ നിറയുന്നു. ഒരു നനുത്ത ചാറ്റല്‍മഴ. കാറിന് പിറകിലെ നസീമിന്റെ ഓര്‍മ്മകളിലെ കുട്ടികള്‍ എവിടെ നിന്നോ രണ്ട് ചേമ്പിലകള്‍ കൊണ്ട് മഴ നനയാതെ വഴിയോരത്ത് നില്‍ക്കുന്നു. കൈതക്കാടുകള്‍ നിറഞ്ഞ ഒരു വഴിയോരത്ത് കാറ് നില്‍ക്കുന്നു. നസീമിന്റെ മുഖത്ത് അസ്വസ്തത. അയാള്‍ സമയം നോക്കുന്നു.)

നസീം: പത്തര കയ്ഞ്ഞ്..ഇനീപ്പം എന്ത് ചെയ്യാനാ..

(അയാള്‍ പുറത്തിറങ്ങി കാറിന്റെ ബോണറ്റ് തുറക്കുമ്പോള്‍ പുക നിറയുന്നു)

നസീം: റേഡിയേറ്ററിലെ വെള്ളം തീറ്ന്നതാ…

(ചുറ്റുപാടും നോക്കിക്കൊണ്ട്) അടുത്തെങ്ങും ഒരു വീട് പോലും കാണാനില്ലല്ലോ..

(പെട്ടന്ന് ചാറ്റല്‍ മഴ കൂടുന്നു. നസീം പിന്‍ഡോറ് തുറന്ന് അകത്ത് കയറുന്നു. പിന്‍ സീറ്റിനടിയില്‍ അയാള്‍ വെള്ളം തപ്പുന്നു.അവിടേക്ക് പാട്ട് പാടി നടന്ന് വരുന്ന കരുണന്‍ മേസ്തിരി. അയാള്‍ പാട്ട് നിറ്ത്തി കാറിനെ ശ്രദ്ധിച്ച് നോക്കുന്നു. അടച്ചിട്ട കാറിന്റെ ഗ്ലാസിലൂടെ അയാള്‍ എത്തി നോക്കുന്നു. അയാള്‍ കോപിഷ്ഠനായി വാതിലില്‍ അടിക്കുന്നു.)

കരുണന്‍: ഒരണും ,ഒരു പെണ്ണും…ഇതു അതു തന്നെ… തൊറക്കെടാ… ഇങ്ങളെ മറ്റേ പരിപാടി കോനോടി മുക്കില്‍ നടക്കൂല്ല.

(നസീമും സഫിയയും എന്ത് ചെയ്യണം എന്നറിയാതെ പകച്ച് പോകുന്നു. മേസ്തിരി ഫോണെടുത്തു വിളി തുടങ്ങുന്നു.)

കരുണന്‍: നായിന്റെ മക്കള്‍.. ടാ..

വിനോദാ… വേഗം കോനോടി മുക്കുലേക്ക് വാ..ന്താന്നോ…

ടാ.. കള്ളവെടി ടീമിനെ പിടിച്ച്..

(ഇത് അയാള്‍ ആവര്‍ത്തിക്കുന്നു.. പടകൂടി വരുന്ന നാട്ടുകാറ്.. ചിലര് കുട പിടിച്ചിട്ടുണ്ട്. മറ്റ് ചിലര്‍ ആവേശത്തില്‍ മഴ നനഞ്ഞാണ് വരവ്.)

[ആളുകള്‍ കാറിന്‍ ചുറ്റും നിരന്നു. “തുറക്കെടാ” എന്ന ആക്രോശം  സാവധാനത്തില്‍ നസീം ഡോറ് തുറന്ന് പുറത്ത് വരുന്നു. ]

നസീം: കാറിനെന്തോ തകരാറ്..

വിനോദന്‍: അത് ഞമ്മക്ക് മനസിലായി.

ഏട്ന്നാ വെരുന്നെ ?

നസീം: കോയിക്കോട്ന്ന്..

കരുണന്: കോയിക്കോട്ട്ന്ന് ഇവ്ട്ത്തറ്റം വരണോ ഈനൊക്കെ ?

കുഞ്ഞന്‍: ഈട്യാവുമ്പം ആരൂണ്ടാവൂല്ല.. പോരാത്തേന് നല്ല മയേം…

(ആളുകള്‍ പൊട്ടിച്ചിരിക്കുന്നു)

കരുണന്‍: (കാറിലേക്ക് ഏന്തിനോക്കിക്കോണ്ട്) ആരാണ്ടാ വണ്ടീല്‍..

നസീം: ഒരു ലിഫ്റ്റ് ചോയിച്ച് കേറീതാ..

കുഞ്ഞന്‍: (ഒരു പ്രത്യേക ആംഗ്യം കാണിച്ച് കൊണ്ട്) ഇങ്ങളെല്ലാര്‍ക്കും ലിഫ്റ്റ് കൊടുക്കുന്നാളാ… (പരിഹാസത്തോടെ) ഇതുവരെ എത്രാള്‍ക്കാര്‍ക്ക് ലിഫ്റ്റ് കൊടുത്ത്.. (ആളുകളുടെ പൊട്ടിച്ചിരികള്‍)

നസീം: മാന്യമായി സംസാരിക്കണം.

കരുണന്‍: ഇല്ലെങ്കിലിജ്ജെന്താക്കുമെടാ ? (കാറിലേക്ക് നോക്കിക്കോണ്ട്) പിടിച്ചെറക്കടാ അത്തേവിടിശ്ശിയെ..

(കുഞ്ഞനും വിനോദനും സഫിയയെ പിടിച്ചിറക്കുന്നു)

കുഞ്ഞന്‍: (ആപാദചൂടം സഫിയയെ നോക്കിക്കൊണ്ട്) ഒന്നാം തരം വടച്ചരക്കല്ലേ..

(നസീം കുഞ്ഞന്‍ നേരെ ആക്രോശിച്ച് ആഞ്ഞടിക്ക്ന്‍ നോക്കുന്നു. കുഞ്ഞന്‍ ഒഴിഞ്ഞു മാറുന്നു.)

കുഞ്ഞന്‍: തോന്ന്യാസം ചെയ്തതും പോരാഞ്ഞ്… !! ഇപ്പം തന്നെ പോലീസിനെ വിളിക്കാ.. (ഫോണെടുത്ത് ഡയല്‍ ചെയ്യുന്നു.) ഗോപാലന്‍ സാറല്ലേ ? കോനോട്ടി മുക്കില്‍ കാറിന്ന് രണ്ട് ടീമിനെ പിടിച്ചിക്ക് (ശബ്ദം താഴ്ത്തി കൊണ്ട്) ങ്ഹാ.. ങ്ഹ്ാ.. കള്ള വെടി തന്നെ..ഇങ്ങള്‍ വേഗം വരീ…

വിനോദന്‍: കോനോടി വിഷന്‍ കാരെയും കൂടി വിളി

(കുഞ്ഞന്‍ ചാനലുകാരെ വിളിക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന സഫിയയും നസീമും. പലതരം അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍. സഫിയ പൊട്ടിക്കരയുന്നു. അവിടേക്ക് ക്യാമറയുമായി എത്തുന്ന ചാനലുകാര്‍)

(ചാനലുകാര്‍ക്ക് അഭിമുഖം നല്‍കുന്ന വിനോദന്‍)

വിനോദന്‍: ഇവിടെ മിക്കവാറും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. രാത്രി സമയത്ത് പല കാറുകളുമായി ആളുകള്‍ വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മഹത്തായ ആര്‍ഷഭാരത സംസ്‌കാരത്തിന് കളങ്കം ചാറ്ത്തുന്ന ഇത്തരത്തിലുള്ള പ്രവണതകള്‍ ഇല്ലാതാക്കാനാണ്‍ ഞങ്ങളെ പോലുള്ളവര്‍ നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള അനാശാസ്യ പ്രവറ്ത്തനങ്ങള്‍ നടത്തുന്നവറക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു കര്‍മ്മസമിതി തന്നെ തുടങ്ങാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്.

റിപ്പോര്‍ട്ടര്‍: മതി വിനോദേട്ടാ…

വിനോദന്‍: ഇന്ന് തന്നെ കൊടുക്കൂല്ലേ..?

റിപ്പോര്‍ട്ടര്‍: പിന്നില്ലാതെ.. ഒരു എക്‌സ്‌ക്ലൂസീവ് ആണ്. (റിപ്പോര്‍ട്ടറുടെ ഫോണ്‍ ശബ്ദിക്കുന്നു.)

ഹലോ വിഷ്വല്‍ കിട്ടി.. ഞങ്ങള്‍ ആദ്യ ടെലികാസ്റ്റ് ചെയ്യട്ടെ.. എന്നിട്ട് തരാ..

(ഫോണ്‍ കട്ട് ചെയ്ത്..)

ഇന്ത്യാനെറ്റ്കാരാ.. അവര്‍ക്കു വിഷ്വല്‍ വേണം എന്ന്..

വിനോദന്‍: കൊട്ക്ക്ന്ന്.. ഈ നായിന്റെ മക്കളെ സ്വഭാവം നാട്ട്കാര്‍ കാണട്ടെ. (വിനോദന്‍ ഓടിച്ചെന്ന് നസീമിനെ അടിക്കുന്നു. അതു തടയുന്ന സഫിയ)

വിനോദന്‍: ഓ.. കിട്ടിയ കൂലീന്റെ നന്ദി കാണിക്കാല്ലേ മോളേ.. അന്റെ ചെള്ളേം മൂളും.

(ആളുകള്‍ വിനോദനെ പിടിച്ച് മാറ്റുന്നു. പോലീസ് ജീപ്പിന്റെ വെളിച്ചം. പോലീസ് പ്രവേശിക്കുന്നു. പോലീസുകാര്‍ക്ക് പ്രതികളെ ചൂണ്ടിക്കാണിക്കുന്ന നാട്ടുകാര്‍. പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നു.നാട്ടുകാര്‍ ആക്രോശത്തോടെ കൂവി അവരെ യാത്രയാക്കുന്നു. പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന വെളിച്ചത്തില്‍ കൂവി വിളിക്കുന്ന നാട്ടുകാരെ കാണാം. സാവധാനം വെളിച്ചം പൊലിയുന്നു.)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

[വെളിച്ചം വരുമ്പോള്‍ പോലീസ് സ്റ്റേഷന്‍. പോലീസുകാരുടെ കാമാര്‍ത്തമായ കണ്ണുകള്‍ സഫിയയുടെ ദേഹത്താണ്. ചീവീടുകളുടെ ശബ്ദം അസഹ്യമായി കേല്‍ക്കാം.സഫിയ ആരെയോ ഫോണ്‍ ചെയ്യുന്നു ]

എസ്.ഐ: ആരോടാണെങ്കിലും നാളെ കോടതീല്‍ ഹാജരാക്കിയതിന് ശേഷേ വിടാന്‍ പറ്റൂ.. വേണ്ടാത്ത പണി ഒപ്പിച്ചിട്ടല്ലേ.. നാട്ടില്‍ ജീവിക്കാന്‍ വേറെന്തൊക്കെ പണിണ്ട്.. !

പോലീസ് 1: ഒന്നൂല്ലെങ്കില്‍ തൊഴിലൊറപ്പിന് പോയിക്കൂടെ ?

[സഫിയ ഒന്നും മിണ്ടാതെ ഏങ്ങിക്കരയുന്നു.]

പോലീസ് 2: ഓ.. മോങ്ങണ്ട.

എസ്. ഐ : ഓള്‍ കരയട്ടടൊ…

പോലീസ് 2: പെണ്ണ്ങ്ങള്‍ കരേണ കണ്ടാ അന്നേരെനിക്കിന്റെ ഓളെ ഓര്‍മ്മ വരും.

എസ് ഐ: ഒന്ന് മോങ്ങാണ്ടിരിക്കെടീ… ഇജ്ജ് പറഞ്ഞപ്പോ ഇനിക്കൂന്റെ ഓളെ ഓര്‍മ്മ വന്നു. (അയാള്‍ മൂക്കത്ത് വിരല്‍ വെച്ച് മിണ്ടാണ്ടിരിക്കാന്‍ ആംഗ്യം കാണിക്കുന്നു. സഫിയ വീണ്ടും ഏങ്ങിക്കരയുന്നു.)

പോലീസ് 1: ഇനിക്കിത് കാണുമ്പൊ ചന്ദനമഴയിലെ അമൃതേനെയാ ഓര്‍മ്മ വരുന്നത്.

(എല്ലാവരും പൊട്ടിച്ചിരിക്കുന്നു. ചിരിയുടെ ഒടുവില്‍ അല്‍പസമയം നിശബ്ദത. ചീവീടുകളുടെ ശബ്ദം വീണ്ടും. അവിടേക്ക് കേറി വരുന്ന സഫിയയുടെ ബാപ്പ.. ഹസന്‍ കോയ. )

ജാമ്യം കിട്ടൂല്ല.. കേസ് മറ്റേതാ

സഫിയ: ബാപ്പാ… (അവള്‍ ബാപ്പക്കരികിലേക്ക് ഓടാന്‍ ശ്രമിക്കുന്നു. പോലീസ്‌കാരന്‍ തടയുന്നു.)

എസ്.ഐ: ഓള ജാമ്യത്തിലെടുക്കാന്‍ വന്നതാണെങ്കില്‍ നടക്കില്ല. നാളെ കോടതീല്‍ ഹാജരാക്കണം. കേസ് മറ്റേതാ..

(നിറഞ്ഞ കണ്ണുകളോടെ ഹസന്‍കോയ സഫിയയെ നോക്കുന്നു)

ഹസന്‍: ഉളുപ്പില്ലല്ലോ പന്നീന്റെ മോളെ.. ഇനിക്കിനി ഇങ്ങനൊരു മോളില്ല. ഇപ്പണിക്കെറങ്ങുമ്പൊ എണക്ക് തായെ രണ്ട് പെങ്കുട്ട്യേളാന്നെങ്കിലും ആലോയിചൂടേനോ.. (അയാള്‍ പൊട്ടിക്കരയുന്നു) ഇനി പെരക്കു വരണ്ട. ടി.വീലൊക്കെ വന്നിട്ട്ണ്ട്. നാട് മുയുക്കനെ അറിഞ്ഞിക്ക്ന്ന്.. പൊയ്‌ക്കോ.. എങ്ങോട്ടാച്ചാ പോയ്‌ക്കോ.. ഏട പോയാലും ഈ ബാപ്പാന്റെ ശാപം കൊണ്ട് നശിച്ച് പോവേള്ളൂ.. പോയ്‌ക്കോ.. എങ്ങോട്ടാച്ചാ പോയ്‌ക്കോ..

(അയാള്‍ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നു. സഫിയ “ബാപ്പാ..” എന്ന് വിളിച്ച് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. ആകാശത്ത് മിന്നല്‍പ്പിണര്‍. പെട്ടന്ന് കറന്റ് പോകുന്നു. എസ്.ഐയ്യുടെ “മെഴുകുതിരി കത്തിക്ക്” എന്ന ആജ്ഞ. പോലീസുകാര്‍ മെഴുകുതിരി കത്തിക്കുന്നു. മെഴുകുതിരികള്‍ക്ക് നടുവില്‍ സഫിയയും നസീമും. സ്റ്റേഷനിലേക്ക് നാലംഗ സംഘം കയറി വരുന്നു. സംഘത്തിലെ ഖദറ് വസ്ത്രധാരിയായ ആള്‍ എസ്.ഐയോട്)

ഖദറ് വസ്ത്രധാരി: നസീമിനെ ജാമ്യത്തിലെടുക്കാന്‍ വന്നതാ..

എസ്.ഐ: ജാമ്യം കിട്ടൂല്ല.. കേസ് മറ്റേതാ.. പോരാത്തേന് നാട്ട്കാരെ പരാതീം…

(കൂട്ടത്തില്‍ മറ്റൊരാള്‍ മുഖത്ത് മൊബൈല്‍ ഫോണിന്റെ വെളിച്ചം തെളിച്ച് പരിചയക്കാരനാണെന്ന് സാക്ഷയപ്പെടുത്തുന്നു.)

എസ്.ഐ: ബാബു ഏട്ട്‌നാ…? ഇവന്‍ ഇങ്ങളാരാ ?

ബാബു: അതൊക്കെ പറയാ.. ഇങ്ങളൊന്നിങ്ങോട്ട് വരീ.. ഒരു സ്വകാര്യം പറയട്ടെ.. (ചീവീടുകളുടെ ശബ്ദം ഒച്ചത്തിലാവുന്നു. എസ്.ഐയോട് ബാബു എന്തൊക്കെയോ പറയുന്നു. എസ്.ഐ പകച്ചു കൊണ്ട്)

എസ്.ഐ: നസീമിനെ കൊണ്ട് ഒപ്പിടീച്ച് വിട്ടോ..
(നസീം ഒപ്പിടുന്നു.അയാള്‍ പടിയിറങ്ങാനൊരുങ്ങുന്നു. നിറകണ്ണുകളോടെ സഫിയയെ നോക്കുന്നു. തൊണ്ടയിടറി “സഫിയാ”.. എന്ന് വിളിച്ച് അവളുടെ അടുത്തേക്ക് നടക്കുമ്പോള്‍ ജാമ്യത്തിലെടുക്കാന്‍ വന്നവരുടെ കൂട്ടത്തിലെ യുവാവായ ഒരാള്‍ നസീമിനെ കടന്ന് പിടിച്ച് മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നു.)

യുവാവ്: (ആക്രോശിച്ച് കൊണ്ട്..) എന്നാലും ഇക്കാ… ഇങ്ങളിത്ര വൃത്തികെട്ടവനാന്ന് വിചാരിച്ചില്ല. പോയി ഓക്കൊരുമ്മ കൂടി കൊടുത്തോളീ.. (അവന്‍ പൊട്ടിക്കരഞ്ഞ് നിലത്തിരിക്കുന്നു.) പെരേലേക്ക് വരീ.. ഇങ്ങളേം കാത്ത് രണ്ട് മയ്യത്ത് കെടക്ക്ന്ന്ണ്ട്.. ഇങ്ങള സബീനത്തയും പിന്നെ കുഞ്ഞു മോളും… ഇക്കാ.. ടി.വീലെന്തൊക്കെയോ വാര്‍ത്ത കണ്ട് ഇത്ത കുട്ടിഫാത്തിമക്ക് വെഷം കൊട്ത്ത് കൊന്ന്.. ഓരും അതെന്നെ കുടിച്ച് ചത്ത്.. ഇനിയെങ്കിലും നിര്‍ത്ത്.. ഇങ്ങളെ ഈ ഹലാക്കിന്റെ എടപാട്.. (എഴുന്നേറ്റ് അവന്‍ നസീമിന്റെ മുഖത്തടിക്കുന്നു. നസീം ബോധരഹിതനാവുന്നു. നസീമിനെ താങ്ങിപ്പിടിച്ച് ആളുകള്‍ പുറത്തേക്ക് കൊണ്ട് പോകുന്നു. ഒറ്റക്കായ സഫിയക്ക് ചുറ്റും ചെന്നായ്ക്കളെ പോലെ പോലീസ്‌കാര്‍  വളയുന്നു. പട്ടികളുടെ കൂട്ട ഓരിയിടലില്‍ വെളിച്ചം പൊലിയുന്നു. )

ബ്ലാക്ക് ഔട്ട്

(വെളിച്ചം വരുമ്പോള്‍ മുന്‍പത്തെ രംഗത്തിന്റെ തുടര്‍ച്ച. കരുണന്‍ മേസ്തിരി തളര്‍ന്നിരിക്കുന്നു.)

കരുണന്‍: ഇതൊന്നും ഇനിക്കറിയില്ലായിരുന്നു. പൊറുക്കണം. ല്ലാം ന്റെ തെറ്റായിരുന്നു.

സഫിയ: ഇങ്ങളെ തെറ്റിന് നശിച്ചത് ഞങ്ങളെ ആഗ്രഹങ്ങളായിരുന്നു.. സ്വപ്നങ്ങളായിരുന്നു… ജീവിതം തന്നെയായിരുന്നു. ഒരിക്കലും ചേരാന്‍ പാടില്ലാതെ രണ്ട് ആളുകളെ എല്ലാരും കൂട്ടിക്കെട്ടി.

കരുണന്‍: അന്ന് അങ്ങനൊരബദ്ധവും ഞാന്‍.. ഞാനെന്നെ ഇണ്ടാക്കിയതായിരുന്നു. മഹലിലെ മൂത്താപ്ലാര്‍ക്കും ഹാജിമാര്‍ക്കും ഇങ്ങളെ രണ്ടാളേം ഒന്നിപ്പിക്കാനുള്ള ഉപായം ഞാന്‍ തന്ന്യാ ഓതിക്കൊടുത്തത്.(സഫിയയെ നോക്കി) അതോണ്ടെണക്കൊരു ജീവിതായില്ലേ..?

നസീം: (അയാളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിക്കൊണ്ട്..) ന്റെ ബീവീന്റേം മോളുടേം ഖബറടക്കം കയിഞ്ഞ് മടങ്ങുമ്പം ബിരിയാണി തിന്നുന്നവരുടെ കൂട്ടത്തില്‍ ഇങ്ങളെ കണ്ടപ്പോ കൊല്ലാനാ തോന്നിയത്. അന്നത് ചെയ്യാന്‍ പറ്റീല്ല. ഇപ്പത് ചെയ്യാന്‍ പൂവാ… (ആക്രോശിച്ച് കൊണ്ട് മദ്യക്കുപ്പി പൊട്ടിച്ച് അയാളെ കൊല്ലാനൊരുങ്ങുന്നു.)

സഫിയ: (തടഞ്ഞ് കൊണ്ട്) അഭയം അന്വേഷിച്ച് വന്നവരെ അപായപ്പെടുത്തരുതെന്നാ കിത്താബ് പറയുന്നത്. മാണ്ട.. ഇയാള്‍ പോയിക്കോട്ടെ… (കരുണനെ നോക്കി) എറങ്ങിക്കോ.. ഇപ്പം തന്നെ..അല്ലെങ്കില്‍ ഇങ്ങളെ എല്ലാ പ്രമാണങ്ങളും മറന്ന് ഞാന്‍ തന്നെ.. (ആക്രോശിച്ച് കൊണ്ട്..) എറങ്ങിപ്പോടാ നായിന്റെ മോനേ..

(കരുണന്‍ പെട്ടന്ന് പേടിച്ച് വീടിന്‍ പുറത്തേക്കിറങ്ങുന്നു. പെട്ടന്ന് എവിടുന്നോ അയാളില്‍ ഒരു ടോര്‍ച്ച് വെട്ടം..ആരോ ഉറക്കനെ വിളിച്ച് പറയുന്നു,”കിട്ടിയെടാ.. ആ നായിന്റെ മോനെ..” ആള്‍ക്കൂട്ടം വിവിധ ആയുധങ്ങളുമായി അയാള്‍ക്കു ചുറ്റും കൂടുന്നു.)

ഒരാള്‍: അന്റെ മോള്‍ടെ മോളെ പ്രായണ്ടാവൂല്ലെടാ ആ കുട്ടിക്ക്.. ദുഷ്ടന്‍.

രണ്ടാമന്‍: ഇത്ര വയസായിട്ടും നിന്റെയൊന്നും കാമം തീര്‍ന്നില്ലേ ?

മൂന്നാമന്‍: ആറ് വയസ്സ്‌ള്ളൊരു പെണ്ണിനെ എങ്ങനെയാ നായിന്റെ മോനേ.. ഇങ്ങനെ കീറി മുറിക്കാന്‍ തോന്നിയത്..

(ആളുകള്‍ അയാളെ കൂട്ടത്തോടെ ആക്രമിക്കുന്നു. കരുണന്‍ മേസ്തിരിയുടെ അന്ത്യരംഗങ്ങള്‍ കാണുന്ന സഫിയയും നസീമും. അവസാന ശ്വാസത്തിലും കരുണന്‍ മേസ്തിരി പറയുന്നുണ്ടായിരുന്നു “മാപ്പ്.. മാപ്പ്..മാപ്പ്..”)

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 7

[മുറിയുടെ ജനലഴികളിലൂടെ കരുണന്‍ മേസ്തിരിയുടെ ശവശരീരം നീക്കം ചെയ്യുന്നതിന്റെ ദൃശ്യം കാണാം. ആംബുലന്‍സ് വന്ന് നിന്ന് ശവശരീരം അതില്‍ കയറ്റിക്കൊണ്ട് പോകുന്ന ശ്രാവ്യബിംബങ്ങള്‍ കേള്‍ക്കുമ്പോള്‍ നസീമില്‍ വെളിച്ചം. അയാള്‍ മേശക്കരികിലിരുന്ന് മദ്യപിക്കുന്നു. സഫിയ എന്തോ പാചകം ചെയ്യുന്നു. ]

നസീം: വാളെടുത്തവന്‍ വാളാല്‍.. നായിന്റെ മോന്‍… (ഭ്രാന്തനെ പോലെ പൊട്ടിച്ചിരിക്കുന്നു.)

സഫിയ: ഇങ്ങള്  വാള്‍ വെക്കാണ്ട് നോക്കിക്കോളീ… അയാള്‍ ചത്ത്.. അതയാളുടെ വിധി. ഇതിലിത്ര സന്തോഷിക്കാനൊന്നൂല്ല.

കൊണ്ടോയിക്കോണം ഈ ഹറാമ്..

[]നസീം: സന്തോഷിക്കണം. ആഘോഷിക്കണം. വേട്ടക്കാരന്റെ മരണം ഇരകളല്ലാതെ ആരാഘോഷിക്കാന്‍… (പ്രണയാതുരനായി) സഫിയാ.. (അവള്‍ക്കരികിലേക്ക്) എണക്ക് വേണോ ഒരു പെഗ്ഗ്..?

സഫിയ: കൊണ്ടോയിക്കോണം ഈ ഹറാമ്..

നസീം: ആ വേട്ടക്കാരന്റെ മരണത്തിന്റെ ആഘോഷത്തിനായെങ്കിലും… ഒരു ചെറുത്… (അവളെ ചേറ്ത്ത് പിടിച്ച്)

സഫിയ: മാണ്ട.. പോ…

(അയാള്‍ അവളെ ബലമായി മദ്യം കഴിപ്പിക്കുന്നു. ആദ്യം അവള്‍ ചര്‍ദ്ദിക്കുന്നെങ്കിലും വീണ്ടും വീണ്ടും അയാള്‍ കുടിപ്പിക്കുന്നു. സാവധാനം സഫിയ മദ്യത്തിന്റെ ലഹരിയിലേക്ക് ആഴ്ന്ന് പോകുന്നു. അവളുടെ ഭ്രമാത്മകതയിലേക്ക് ആ മഞ്ഞ പട്ടുറുമാല്‍ പറന്ന് വരുന്നു. നസീമിന് മുജീബിന്റെ മുഖച്ഛായയായി മാറുന്നു. അവള്‍ അയാളെ വാരി പുണരുന്നു. വലിയ മഞ്ഞ പട്ടുറുമാലിനുള്ളില്‍ അവര്‍ രതിയുടെ ആനന്ദ ലഹരിയിലേക്ക് ആഴ്ന്നിറങ്ങുന്നു. രതിയുടെ ഒടുവില് അത് നസീമാണെന്ന് തിരിച്ചറിയുന്ന അവള്‍ ട്രങ്ക് പെട്ടിയില്‍ നിന്ന് മുജീബിന്റെ ച്ഛായാ ചിത്രം പുറത്തെടുക്കുന്നു)

സഫിയ: എന്റെ ഹൃദയത്തിന്റെ രാജകുമാരാ.. മാപ്പ്..

[അവള്‍ കരഞ്ഞ് കൊണ്ട് ആ ച്ഛായാചിത്രത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നു. നസീമിന്റെ പുച്ഛത്തോടെയുള്ള പൊട്ടിച്ചിരിയില്‍ വെളിച്ചം പൊലിയുന്നു.]

ബ്ലാക്ക് ഔട്ട്

അടുത്തപേജില്‍ തുടരുന്നു

ദൃശ്യം 8

(കാലം ഒരുപാട് കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് സഫിയയുടെയും, നസീമിന്റെയും റൂമിലും നിരവധി മാറ്റങ്ങള്‍ കാണാം. കക്കുസിന്റെ വാതിലിനു ഒരു വലിയ ദ്വാരം വന്നിരിക്കുന്നു. സഫിയ ഒരു വൃദ്ധയെപോലെ ക്ഷീണിച്ചിരിക്കുന്നു. അവള്‍ ഗര്‍ഭിണിയാണ് അതിനൊപ്പം ഒരു മുഴുവന്‍ സമയ മദ്യപാനിയും. അരങ്ങില്‍ വെളിച്ചം വരുമ്പോള്‍ സഫിയ നിറവയറുമായി കട്ടിലില്‍ ഇരിക്കുന്നു. നസീം പതിവ് പോലെ മേശക്കരികില്‍ മദ്യം ഒഴിച്ച് കഴിക്കുന്നു. അയാള്‍ ഒരു ഗ്ലാസ്സില്‍ മദ്യം ഒഴിച്ച് സഫിയയുടെ കട്ടിലിനരികില്‍ വെക്കുന്നു.  )

സഫിയ: ഇപ്പം മാണ്ട…വല്ലാത്ത മനം പൊരട്ടല്. ഒരു ഹലാക്കിമ്മലെ തലചുറ്റലും… ഇതിപ്പം ഒന്‍പതാമത്തെ മാസല്ലേ?

നസീം: ചെറുതൊന്നു അടിച്ച എല്ലാം ശര്യാകും… അന്റെ ഭാഗ്യാ ഈ കുഞ്ഞന്‍…

എനിക്ക് ഈ കുട്ടിനെ മാണ്ട

സഫിയ: എന്ത് ഭാഗ്യം?ഒരു കള്ളുകുടിച്ചിന്റെ കുട്ടി ചാപിള്ളാകും …

നസീം: ഇജ്ജു് മാണ്ടാത്തത് പറയണ്ട. അങ്ങിനെന്നും ആകുല്ല… എന്നാല് അണ്ണാച്ചിപണ്ടാരത്തിന്റെ കുട്യേള്‍ അങ്ങിനാവണ്ടേ? ഒരൊക്കെ ഉസാറാല്ലെ.. ??

സഫിയ: എനിക്ക് ഈ കുട്ടിനെ മാണ്ട….

നസിം: അതീ ഒന്പതാം മാസത്തില് പറഞ്ഞ്‌ട്ടെന്താ???

(അയാള് വയറു പൊത്തി അസഹ്യമായ വേദന സഹിക്കുന്നു.. അയള് കക്കുസിലെക്കു ഓടുന്നു.)

സഫിയ:വല്ലാത്ത നാറ്റാ ഇങ്ങള് വയറ്റിന്നു പോകുന്നേന്…

നല്ലണം വെള്ളം ഒയിചോളി. (സഫിയ മനം പുരട്ടുന്നു)

നസീം:അയിനു മാത്രം നാറ്റംന്നുല്ല…

(അയാള്‍ വാതില്‍ തുറന്നു വന്നു സഫിയയുടെ കഴുത്തില്‍ ചുംബിക്കുന്നു.)

സഫിയ: എന്നോക്കൊണ്ടിനി ഇതിനൊന്നും ആവുല്ല… ഇങ്ങള് പോകാന്‍ നോക്ക്…

(അയാള്‍ അസ്വസ്ഥനായി  എന്തോ പാത്രം എറിഞ്ഞു ഉടക്കുന്നു)

സഫിയ: ഇങ്ങക്ക് ഹാലിലകിട്ടൊന്നും കാര്യല്ല, ഇതിപ്പം ഒന്പതാം മാസാ…..എനി്ക്ക് …വയ്യ… എങ്ങളിന്നെ എന്നും കുടിപ്പിച്ചുകെടത്തി ഇത്രകാലം ചെയ്തു…. ഇനി ചെയ്താല്‍ ഇങ്ങക്ക് എന്റെ മയ്യാത്താ കിട്ട്യാ… ബ്രാണ്ടിയുടെ ഒരു തുള്ളിക്കാ ഞാനിതു മുഴുവന്‍ സഹിച്ചത്…

നസീം: കെടന്നു  തരാന്‍  തന്യാടി ഇജ്ജു… ഇനിയും ഒരു  തുള്ളി കള്ള്   കിട്ടാന്‍ കെടന്നു തര്യന്ന വേണം.

സഫിയ:വയ്യിന്നേരം അതില്ലണ്ട് എങ്ങിനാ ഞാനൊന്നു കണ്ണടക്ക്യാ… ചതിക്കല്ലേ ഇങ്ങള്….

നസീം: എന്നാപ്പിന്ന നല്ല കെട്യോളായി ഞാന്‍ പറയുന്നത് ചെയ്യണം…..

(നസീമിന് വീണ്ടും വയറു വേദന കൂടുന്നു.. മുറി മുഴുവന്‍ ദുര്‍ഗന്ധം നിറയുന്നു. അയാള്‍ കക്കുസിലേക്ക് ഓടുന്നു. അവള്‍ മൂക്ക് പൊത്തി ഒക്കാനിക്കുന്നു .നസീം ശൗചംകഴിഞ്ഞ് പുറത്തേക്കു വരുന്നു)

സഫിയ: കെട്ട  ഓടക്കു പോലുണ്ടാവുള്ള എത്ര വൃത്തികെട്ട നാറ്റം… പോയി ഏതേലും ഡോക്‌ടെറെ കാണിക്ക് ….

(അയാള്‍ മറുപടി പറയാതെ വീട്ടില്‍  നിന്നും ഇറങ്ങി പോകുന്നു. മുറിയിലെ നാറ്റം സഹിക്കാന്‍ കഴിയാതെ സഫിയ  റൂം മുഴുവന്‍ ചന്ദനതിരികള്‍ കത്തിച്ചു വെക്കുന്നു. എന്നിട്ടും മുറിയിലെ നാറ്റം വിട്ടുപോകുന്നില്ല.അവള്‍ ഓക്കാനിച്ചു മുറിക്കു വെളിയില്‍ ഇറങ്ങി നില്‍ക്കുന്നു. ദൂരെ നിന്നും ഒരു അത്തര്‍ കച്ചോടക്കാരന്റെ വിളി കേള്‍ക്കാം)

അത്തര്‍ കച്ചോടക്കാരന്‍: എഴാം കടലിനക്കര നിന്നും കൊണ്ടുവന്ന നല്ല അത്തറ്….അറെബ്യന്‍ ആത്തറ്…

(അയാള്‍ സഫിയടെ അടുത്തെത്തുന്നു.അവളെ നോക്കാതെ അയള്‍ അത്തറില്‍ നോക്കി…)

അത്തര്‍ കച്ചോടക്കാരന്‍:നല്ല ഒന്നാം തരം അത്തറാ..നോക്കികോളി…

(സഫിയ അയാളെ തന്നെ നൊക്കുന്നു…)

സഫിയ: മുജീബെ… ഇജ്ജ്..

(നിശബ്ദത.. അവന്‍ ഒന്നും പറയുന്നില്ല…അവന്‍ അവളുടെ വയറില്‍ നോക്കി നില്‍ക്കുന്നു.. ഒന്നും പറയുന്നില്ല)

സഫിയ: ഇതു സഫിയ തന്നാ…

മുജീബ്:നാടായ.. നാടൊക്കെ അലയുംബൊ അള്ളാ അന്നെ ന്റെ മുന്നിലെത്തിക്കുന്നു ഒറപ്പായിനു…പക്ഷെ…അതു അതു എങ്ങനവുന്നു കരിതീല്ല്…യാ..അള്ളാ!…അന്ന കാണുംബൊ കരളു കരിയാ…

(അവന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴികുന്നു. അവള്‍ക്കു ഒരു കുപ്പി അത്തറ് നല്‍കി ഒന്നും പറയതെ നടന്നകലുന്നു. ആ അത്തറിന്റെ മണം അവള്‍ക്ക് ഉണര്‍വു നല്‍കുന്നു…ആ അത്തറ് അവള്‍ മുറിയില്‍ പരത്തുന്നു. മുറിയിലെക്കു വരുന്ന നസീം. അയാള്‍ മദ്യം കഴിക്കാന്‍ തുടങ്ങുന്നു.ഒരു കുപ്പി മുഴുവന്‍ കഴിച്ചു അയാള്‍ സഫിയക്കരികിലേക്ക്.അയള്‍ അവളെ ബലമായി കട്ടിലില്‍ കിടത്തുന്നു . അവള്‍ അയളെ തന്റെ അടിയില്‍ കിടത്തുന്നു.അവളുടെ കൈകള്‍ അയാളുടെ കഴുത്തില്‍ അമരുന്നു…സഫിയ നസീമിനെ കൊല്ലുന്നു…അയാളുടെ മരണം ഉറപ്പായ അവളും ഒരു കത്തിയെടുത്തു സ്വയം മരിക്കാന്‍ തയ്യാറാവുന്നു. പെട്ടന്നു ആരൊ വാതിലിനു മുട്ടുന്നു. അവള്‍ ഒരു അമ്പരപ്പൊടെ സാവാധനം വാതില്‍ തുറക്കുന്നു… പഴയ പച്ച വേഷം ധരിച്ച സന്യാസി…അയാള്‍ ചിരിക്കുന്നു)

സന്യാസി:എല്ലാം…അവന്റെ തീരുമാനങ്ങള്‍ ആണ്… അതു നാം അനുസരിക്കുന്നു… എന്റെ സ്വാതന്ത്ര്യത്തിന്റെ കൂട്ടുകാരി, ഇനി നിനക്കാ സൂറത്ത് വായിക്കം…മനസ്സിലാക്കാം…

(സന്യാസി അപ്രത്യക്ഷനാവുന്നു.അവള്‍ ആ പുസ്തകത്തിലെ സൂറത്ത് എടുത്ത് വായിക്കുന്നു.)

സഫിയ:

നിന്നെയൊരു നോക്കുകാണാന്‍ കൊതിച്ച്

നിറഞ്ഞ അഭിനിവേശത്താല്‍

പാറക്കൂട്ടങ്ങള്‍ ചിന്നിച്ചിതറി

നിന്നെ തിരഞ്ഞു പറന്നുയരുവാന്‍

ഹൃദയത്തിന് ചിറക് മുളച്ചു

അഗ്‌നി ജലമാകുന്നു

അറിവ് ഭ്രാന്തും

നിന്നെ കാണാന്‍ കൊതിച്ച്

എന്റെ കണ്ണുകള്‍

എന്റെ തന്നെ ഉറക്കത്തിന്റെ ശത്രുക്കളായി മാറുന്നു

ഒരു വ്യാളിയുണ്ട്,

ആര്‍ത്തിയുള്ള പാറക്കൂട്ടങ്ങളും..

ഭ്രാന്തു പിടിപ്പിക്കുന്ന മനുഷ്യരും…

സമാധാനമാം ജീവിതത്തെ തകര്‍ത്തെറിഞ്ഞ്

അതിനെ പ്രണയമെന്ന് വിളിക്കുന്നവര്‍.

സ്വതന്ത്ര ഹൃദയങ്ങളെ തളച്ചിടരുതേ..

ചിരിയെ കരച്ചിലാക്കരുതേ..

ആരുമില്ല.. നീ മാത്രം..

നിന്റെ പ്രണയം അര്‍ഹിക്കുന്നത്

എന്റെ വ്രണിതഹൃദയത്തില്‍ കുറഞ്ഞ ഒന്നുമല്ല

ഹൃദയത്തില്‍ നീയല്ലാതെ മറ്റൊന്നില്ല

ഈ പ്രണയയാത്ര എത്ര കഠിനം

ഞാന്‍ തിരഞ്ഞെടുത്ത ഏറ്റം കഠിനവും

വളഞ്ഞതുമായ വഴി

യാത്ര തുടങ്ങി..

പക്ഷെ ….

ഹൃദയമിപ്പോഴും

നിന്റെ പാദത്തെ പൊതിഞ്ഞ് ഇഴയുകയാണ്‌.

(വായനയുടെ അവസാനത്തില്‍ അവള്‍ കത്തി എടുത്തു അവളുടെ കഴുത്തു മുറിക്കുന്നു…അവളുടെ മരണതിനു മുന്‍പെ ഒരു കുഞ്ഞിന്റെ കരച്ചില്‍ ഉയരുന്നു…അവള്‍ ആ കുഞ്ഞിനെ വാരിയെടുത്തു ഉമ്മ വെച്ചു മരിച്ച് വീഴുന്നു.. ഒരു ചെറിയ നിശ്ബ്ദതക്കു ശേഷം ചാനലുകരുടെ ബഹളം.”അവിഹിതം ചോരകുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ ജീവനൊടുക്കി… സഫിയ എന്ന സ്ത്രിയുടെ അവിഹിത ബന്ധമാണ് ഈ ധാരുണ സംഭവത്തിനു ഇടയക്കിയത് എന്നാണ് നാട്ടുകാരനയായ കുഞ്ഞന്‍ പറയുന്നത്. “വര്‍ത്തകളില്‍ സഫിയയും, നസീമും നിറയുമ്പള്‍ സാവധാനം യവനിക താഴുന്നു…)

Latest Stories

We use cookies to give you the best possible experience. Learn more