പ്ലേ ഓഫിലേക്ക് ഫോട്ടോ ഫിനിഷ്; കാല്‍ക്കുലേറ്ററെടുത്ത് ആരാധകര്‍; ഇവരാവും പ്ലേ ഓഫിലേക്ക് കയറുന്നത്; സാധ്യതകളിങ്ങനെ
IPL
പ്ലേ ഓഫിലേക്ക് ഫോട്ടോ ഫിനിഷ്; കാല്‍ക്കുലേറ്ററെടുത്ത് ആരാധകര്‍; ഇവരാവും പ്ലേ ഓഫിലേക്ക് കയറുന്നത്; സാധ്യതകളിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th May 2022, 2:58 pm

ഐ.പി.എല്‍ പതിനഞ്ചാം സീസണിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുകയാണ്. പ്ലേ ഓഫിലേക്ക് കയറാന്‍ ടീമുകള്‍ തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ചതാകട്ടെ ഒരൊറ്റ ടീമും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് മാത്രമാണ് പ്ലേ ഓഫിലേക്കുള്ള പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

13 മത്സരത്തില്‍ നിന്നും 10 ജയത്തോടെയാണ് ഗുജറാത്ത് പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നത്. നിലവില്‍ ആശ്വസിക്കാന്‍ സാധിക്കുന്നത് ടൈറ്റന്‍സ് ആരാധകര്‍ക്ക് മാത്രമെന്ന് സാരം.

പോയിന്റ് പട്ടികിയില്‍ രണ്ടാമതുള്ള രാജസ്ഥാന്‍ റോയല്‍സും മൂന്നാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. 13 മത്സരങ്ങള്‍ കളിച്ച ഇരുവര്‍ക്കും എട്ട് ജയവും 16 പോയിന്റുമാണുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ മുമ്പിലെത്തിയിരിക്കുന്നത്.

 

 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവര്‍ക്കും ഓരോ മത്സരം വീതവും ശേഷിക്കുന്നുണ്ട്. പ്ലേ ഓഫില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍. പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും അവശേഷിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എല്‍.എസ്.ജിയുടെ എതിരാളികള്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇരുവരും പ്ലേ ഓഫിലെത്തും.

പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫിലെത്തുമെന്നിരിക്കെ നാലാം സ്ഥാനത്തിനായി ജീവന്‍മരണ പോരാട്ടമാണ് ടീമുകള്‍ നടത്തുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിലെ അവസാന ടിക്കറ്റിനായി വരി നില്‍ക്കുന്നത്.

നിലവില്‍ 13 മത്സരത്തില്‍ നിന്നും 14 പോയിന്റുളള ദല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അടുത്ത മത്സരം ജയിക്കാനായാല്‍ ക്യാപ്പിറ്റല്‍സിന് പ്ലേ ഓഫിലെത്താം. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സ് ആണ് ദല്‍ഹിയുടെ എതിരാളികള്‍.

മുംബൈയ്ക്കെതിരെ മികച്ച ജയം നേടുകയും, രാജസ്ഥാനും ലഖ്‌നൗവും തോല്‍ക്കുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താന്‍ വരെ ക്യാപ്പിറ്റല്‍സിന് സാധ്യതയുണ്ട്.

13 മത്സരത്തില്‍ നിന്നും 14 പോയിന്റോടെ അഞ്ചാമതാണ് ആര്‍.സി.ബി. റണ്‍റേറ്റിലെ കുറവാണ് ടീമിന് തിരിച്ചടിയായത്. പോയിന്റ് പട്ടികയുടെ തലപ്പത്തിരിക്കുന്ന ടൈറ്റന്‍സാണ് ആര്‍.സി.ബിയുടെ എതിരാളികള്‍. അടുത്ത മത്സരത്തില്‍ കോഹ്‌ലിപ്പട വന്‍ മാര്‍ജിനില്‍ വിജയിക്കുകയും മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അത്താഴം മുടക്കുകയും ചെയ്താല്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പ്ലേ ഓഫില്‍ കടക്കാം.

 

അടുത്ത മത്സരത്തില്‍ ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സും തോല്‍ക്കുകയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വന്‍മാര്‍ജിനില്‍ ജയിക്കാനുമായാല്‍ പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ കൊല്‍ക്കത്തയ്ക്ക് കിരീടത്തിലേക്ക് ഒരടി കൂടി വെക്കാം.

പോയിന്റ് പട്ടികയിലെ ഏഴും എട്ടും സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സിനും സണ്‍റൈസേഴ്‌സിനും നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ഇരുവരുടെയും അവസാന മത്സരം പരസ്പരമാണ് താനും. ഇതില്‍ ജയിക്കുന്ന ടീമിന്, മുമ്പിലുള്ള എല്ലാ ടീമുകളും തോല്‍ക്കുകയാണെങ്കില്‍ പ്ലേ ഓഫിലെത്താം.

 

പ്ലേ ഓഫിന്റെ ടെന്‍ഷനൊന്നുമില്ലാത്ത മൂന്ന് ടീമുകള്‍ മാത്രമാണ് ഇപ്പോള്‍ ഐ.പി.എല്ലിലുള്ളത്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുന്‍ ചാമ്പ്യന്‍മാര്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആ മൂന്ന് ടീം.

പ്ലേ ഓഫില്‍ കയറിയ ടൈറ്റന്‍സിനും പുറത്തായ മറ്റ് രണ്ട് പേര്‍ക്കും ചെയ്യാന്‍ സാധിക്കുന്നത് മറ്റുള്ളവരുടെ വഴിമുടക്കുക എന്നത് മാത്രമാണ്. പ്ലേ ഓഫ് മത്സരങ്ങളേക്കാള്‍ ആവേശമാണ് നിലവില്‍ പ്ലേ ഓഫിലേക്ക് കയറാനുള്ള മത്സരങ്ങള്‍ക്ക് എന്നതാണ് മറ്റൊരു കാര്യവും.

 

Content Highlight: Play Off chances of Remaining Teams