| Tuesday, 10th May 2022, 2:55 pm

രാജസ്ഥാന് 87, ചെന്നൈയ്ക്ക് രണ്ടും കൊല്‍ക്കത്തയ്ക്ക് നാലും മുംബൈയ്ക്ക് പൂജ്യവും; കണക്കുകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഏഴാമതുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നേരിയ സാധ്യതകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് ശതമാനവും കൊല്‍ക്കത്തയ്ക്ക് നാല് ശതമാനവും സാധ്യതകളാണ് കല്‍പിക്കുന്നത്. ഒരു ടീമും ഇതുവരെ തങ്ങളുടെ പ്ലേ ഓഫ് ബര്‍ത്ത് കരസ്ഥമാക്കിയിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ചതോടെയാണ് കൊല്‍ക്കത്തയ്ക്കും ചെന്നൈയ്ക്കും വളരെ നേരിയ സാധ്യത തുറന്നത്. മുംബൈ ഇന്ത്യന്‍സിനെ പോലെ ഇരുവരും ഇതുവരെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവാത്തതിനാല്‍ ഈ സാധ്യതകള്‍ മാത്രമാണ് ആരാധകര്‍ക്ക് ആശ്വാസമാവുന്നത്.

പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമേ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കൂ. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരായിരിക്കും പ്ലേ ഓഫില്‍ പ്രവേശിക്കുക.

എല്ലാ ടീമുകള്‍ക്കും മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഒരു ടീമും പ്ലേ ഓഫ് ഉറപ്പിക്കാതിരിക്കുന്നത്. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുംബൈയ്ക്കും ഏറെക്കുറെ പുറത്തായ ചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫ് മോഹങ്ങള്‍ മരീചികയാണെന്നിരിക്കെ ഇവര്‍ക്ക് പല ടീമുകളുടെ പ്ലേ ഓഫ് സ്വപ്‌നങ്ങളും തല്ലിക്കൊഴിക്കാന്‍ സാധിക്കും എന്നതും വസ്തുതയാണ്.

ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ 87 ശതമാനം സാധ്യതയാണുള്ളത്. വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.

11 മത്സരത്തില്‍ നിന്നും 8 ജയത്തോടെ 16 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. രണ്ടാമതുള്ള ഗുജറാത്തിന് അത്രതന്നെ മത്സരത്തില്‍ അത്രതന്നെ പോയിന്റാണുള്ളത്.

11 മത്സരത്തില്‍ നിന്നും 14 പോയിന്റുള്ള രാജസ്ഥാനാണ് പട്ടികയിലെ മൂന്നാമന്‍. 12 മത്സരത്തില്‍ നിന്നും 7 ജയവുമായി ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ നാലാമതും തുടരുന്നു.

ടീമുകളുടെ പ്ലേ ഓഫ് സാധ്യത

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 99.5%

ഗുജറാത്ത് ടൈറ്റന്‍സ് – 97%

രാജസ്ഥാന്‍ റോയല്‍സ് – 87%

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – 62%

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 21%

പഞ്ചാബ് കിഗ്‌സ് – 15%

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 12 %

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 4%

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 2%

മുംബൈ ഇന്ത്യന്‍സ് – 0

Content Highlight:  Play off Chances of each team in IPL 2022

We use cookies to give you the best possible experience. Learn more