| Monday, 28th September 2015, 7:10 pm

എക്കോ : ശ്രീജിത്ത് പൊയില്‍കാവിന്റെ നാടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇനി ഞാന്‍ ഇങ്ങോട്ടും പോകുന്നില്ല… ഇങ്ങനെ ഒരു കൊടും ചതി കണ്ടില്ലന്നു നടിക്കാന്‍ ഒരു മനുഷ്യനും കഴിയില്ല… പോലീസുകാരനിലും മനുഷ്യന്‍ ഉണ്ടെന്നു ലോകം അറിയട്ടെ… നിങ്ങളുടെ കൂടെ ഞാനും ഉണ്ട്. സമരത്തിന്റെ തീചൂളയിലേക്ക്….(അയാള്‍ തൊപ്പിയും, പോലീസ് മുദ്രകളും അഴിച്ചു മാറ്റുന്നു… സാവധാനം മുദ്രാവാകയങ്ങള്‍ ഉയരുമ്പോള്‍ വെളിച്ചം പൊലിയുന്നു…)



| നാടകം : ശ്രീജിത്ത് പൊയില്‍ കാവ്‌ |


“പ്രതിധ്വനികള്‍ ഇല്ലാത്ത ഏകാന്ത താഴ്‌വരകളില്‍ പാര്‍ക്കുന്ന പാപികളായ മനുഷ്യര്‍ക്ക് ഒരേയൊരു സ്വപ്നമേയുള്ളു.. എന്നെങ്കിലും ഈ താഴ്‌വരയില്‍ തന്റെ ശബ്ദം ഒന്ന് പ്രതിധ്വനിക്കണേ എന്ന്.”

 ദൃശ്യം 1

(അരങ്ങില്‍ ഇരുട്ട്… രാത്രിയെ സൂചിപ്പിക്കുന്ന സംഗീതം. ഇളം നീല വെളിച്ചത്തില്‍ ഒരു സൈക്കിളില്‍ ദയാലാല്‍ യാത്രയില്‍ ആണ്. സൈക്കളിന്റെ ഡൈനാമോ കറങ്ങുന്നതിന്റെ ശബ്ദം… സാവധാനം ഹെഡ് ലാമ്പ് തെളിയിന്നു. കള്ളിമുള്‍ ചെടികള്‍ നിറഞ്ഞ പാതയിലൂടെ അയാള്‍ നീങ്ങുന്നു. പെട്ടെന്ന്  കുറച്ചു ടോര്‍ച്ച് ലൈറ്റുകള്‍ അയാളില്‍ പതിയുന്നു.അയാള്‍ സൈക്കിള്‍ നിര്‍ത്തി മുഖത്തേക്ക് അടിക്കുന്ന വെളിച്ചത്തില്‍ അസ്വസ്ഥന്‍ ആയി മുഖം പൊത്തുമ്പോള്‍ പിന്നരങ്ങില്‍ നിന്നും ആളുകളുടെ പരുഷമായ ശബ്ദങ്ങള്‍ ഉയരുന്നു. അയാള്‍ സൈക്കളില്‍ നിന്നും താഴെ വീഴുന്നു. ആള്‍ക്കൂട്ടം അയാളെ ആക്രമിക്കാന്‍ ആക്രോശിച്ചു അടുക്കുന്നു. സാവധാനം വെളിച്ചം പോലിയുന്നു. ദയാലാലിന്റെ കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാം.)

ബ്ലാക്ക് ഔട്ട്

ദൃശ്യം 2

(ഇരുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസംഗം)

പ്രസംഗം: നമ്മുടെ നാട് വികസിച്ചു കൊണ്ടിരിക്കുക്കുന്നു. വികസനം അത് എല്ലാ സാധാരണക്കാര്‍ക്കും വേണ്ടിയാണ്. അത് കൊണ്ട് തന്നെ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളോട് എനിക്ക് പല ഉത്തരവാദിതത്വങ്ങളും ഉണ്ട്… അതില് പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം ആണ് അഴിമതി വിരുദ്ധനാട്… അതിനു വേണ്ടി ഞാന്‍ ആജീവനാന്തം പൊരുതും… നമ്മുടെ പഞ്ചായത്തില്‍ തന്നയുള്ള ദയാലാല്‍ എന്നാ ചെരുപ്പ് കുത്തി കപട ആരോപങ്ങള്‍ ആണ് ഉന്നയിക്കുന്നത്. നമ്മുടെ പാര്‍ട്ടിക്കാരും പ്രിയ നാട്ടുകാരും അയാളെ നമ്മുടെ നാട്ടില്‍ നിന്നും ഒറ്റപ്പെടുത്തണം എന്നാണ് എന്റെ വിനീതമായ അഭ്യര്‍ഥന.

(കൂട്ടകയ്യിടികള്‍ മുദ്രാവാക്യം വിളികള്‍. സാവധാനം വെളിച്ചം പൊലിയുന്നു.)

ബ്ലാക്ക് ഔട്ട്

(സമയം രാത്രി. ദയാലാലിന്റെ വീട്. ലാലിന് അപകടങ്ങള്‍ പറ്റിയതിന്റെ സൂചനകള്‍ ശരീരത്തില്‍ കാണാം. അയാളെ സഹായിക്കുന്ന ഭാര്യ)

ഭാര്യ:അയാളിനി എന്ന് വരുമോ? നേരം ഒരുപാടായില്ലേ…

ദയാലാല്‍:നേരം എന്തായി?

ഭാര്യ: ഏഴേ മുക്കാലാകുന്നു… (ദൂരെ നിന്നും ഒഴുകി വരുന്ന ബാങ്ക് വിളി ശ്രദ്ധിച്ചു കൊണ്ട്)

ഭാര്യ: അല്ല എട്ടായി…

ദയാലല്‍: ഹും..കുറച്ചു നേരം വരെ കാക്കാം…

(ഭാര്യ ഭക്ഷണം എടുത്തു വെക്കുന്നു. അവിടേക്ക് പ്രവേശിക്കുന്ന മകള്‍)

മകള്‍: അപ്പാ… പോലീസ് വരുമ്പോ തോക്കൊക്കെ ഉണ്ടാവൂല്ലേ?

ദയലാല്‍: ഉണ്ടാകും..

മകള്‍: അപ്പൊ അയാള് നമ്മളെ വെടിവെക്കോ??

ദയാലാല്‍: അയാള് അപ്പനെ ആരേലും ഇനിം അടിക്കാന്‍ വന്നാല് അവര്യാ വെടിവെക്കാ… അല്ലാണ്ട് നമ്മളെ അല്ല…

മകള്‍: ഓ അപ്പൊ പോലിസ് നമ്മളെ ആളാണോ…?

ഭാര്യ: അല്ലാണ്ട് പിന്നെ നമ്മളെ സ്വന്തം പോലീസാ….

(ദൂരെ നിന്നും ഒരു ചൂട്ടിന്റെ വെളിച്ചം… എല്ലാവരും അവിടേക്ക് നോക്കുന്നു… മുഖത്ത് ഭയം)

ഭാര്യ: അയാളാന്നു തോന്നുന്നു…

(“ദയാലാലിന്റെ വീടാണോ”? പിന്നരങ്ങില്‍ നിന്നും അയാളുടെ ശബ്ദം)

എല്ലാവരും: ആണേ…

(ഒരു പോലീസുകാരന്‍ പ്രവേശിക്കുന്നു. അയാള്‍ ചൂട്ട് കെടുത്തി)

പോലിസ്‌കാരന്‍:ങ്ങഹാ…ഞാന്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിങ്ങള്ക്ക് പാറാവ് നില്ക്കാന്‍ വന്നതാ…

ദയാലാല്‍:സാറ്…ഇരുന്നോട്ടെ…

(പോലീസുകാരന്‍ ഇരിക്കുന്നു… തന്റെ ബാഗ് തുറന്നു അയാളുടെ ഒരു വലിയ തോക്ക് പുറത്ത് എടുക്കുന്നു.)

ദയാലാല്‍:സാറിനു കഴിക്കാനെടുക്കാം…

പോലീസുകാരന്‍: എനിക്ക് ഒന്നും വേണ്ട… ഇന്ന് മാത്രം അല്ല… എന്നും. എനിക്ക് കഴിക്കാനുള്ളത് ഞാന്‍ ഉണ്ടാക്കും… അതിനുള്ള അരിയും പല വെജ്ഞനങ്ങളും നിങ്ങള്‍ തരണം… പിന്നെ ഒരു അടുപ്പും കുറച്ചു വിറകും…

ഭാര്യ: ഞാന്‍ വെച്ചുണ്ടാക്കുന്നുണ്ട്… സാറിനും….

പോലീസുകാരന്‍: ഞാന്‍ ചെരുപ്പ് കുത്തികളുടെ ആഹാരം കഴിക്കില്ല….

(സംഗീതം ഉയരുന്നു. എല്ലാരിലും അസ്വസ്ഥത. ഭാര്യ അകത്തേക്ക് പോകുന്നു, മകളും. പോലിസുകാരന്‍ തോക്ക് തുടച്ചു മിനിസം ആക്കുന്നു. അല്‍പസമയം നിശബ്ദത.)

പോലിസുകാരന്‍: (ആത്മഗതം) മനുഷ്യനെ മെനെക്കെടുത്താന്‍ ഓരോ മാരണ കേസുകള്‍… സാമൂഹ്യബോധം കൂടിയാല്‍ ജീവന്‍ ആപത്താ… (പ്രേക്ഷകരെ നോക്കി) ആ ബിലാസ് മുതലാളിയുടെ കൂപ്പില് മരം നോക്കാനുള്ള ചാര്‍ജില്‍ നിന്നും പെട്ടന്നാ ഒരു മാസം ഈ ചെരുപ്പുകുത്തിക്ക് കാവല്‍ നില്‍ക്കുന്ന പണി എന്റെ തലയ്ക്കു വീണത്…. കൂപ്പിന്നു വൈകുന്നേരമാകുമ്പോഴേക്കും വല്ലതും തടയുമായിരിന്നു… ഇനി അതും ഇല്ല… ഈ ചെരുപ്പ് കുത്തിയിയുടെ കയ്യീന്നു എന്ത് കിട്ടാനാ… എന്റെയൊരു ദുര്യോഗം…

(ദയാലാലിനെ നോക്കി)

അടുത്തപേജില്‍ തുടരുന്നു


ഹോ… അതൊരു വല്ലാത്ത ജീവിതമാ സാറേ… ഒരു വല്ലാത്ത യോഗം… അച്ഛനായി ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞില്ല എന്നറിയുന്നവന്റെ യോഗം… ആ യോഗം ആരൊക്കെയോ ഉണ്ടാക്കിയതാണെന്ന് അറിഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിച്ചു… ഇനിയെങ്കിലും ഈ നാട്ടില്‍ പത്തും, ഇരുപതും ദിവസം മാത്രം അച്ഛനും, അമ്മയും ആയവരുണ്ടാകരുത്… വിടരും മുന്‍പേ കൊഴിഞ്ഞ ഒരു പാട് കുട്ടികള്ളുടെ ആത്മാക്കള്‍ ഈ ഗ്രാമത്ത്തിലെങ്കിലും ഗതികിട്ടാതെ അലയരുത്അതിനായിരിന്നു ഈ  തീരുമാനം…


പോലീസ്: ഞാനെവിടെ കിടക്കും…

(ദയാലാല്‍ ഇരുന്ന കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുന്നു)

ദയാലാല്‍: ഇവിടെ കിടക്കാം സര്‍… അകത്തു സ്ഥലമില്ല… ഒറ്റ മുറിയാ…

പോലീസ്: ഓ സന്തോഷം… കിടക്കാന്‍ ഒരു കട്ടിലെങ്കിലും ഉണ്ടല്ലോ?

ദയാലാല്‍: വേണെങ്കില്‍ വൈക്കൊലുകൊണ്ട് ഒരു തലയിണയും ശേരിയാക്കാം സര്‍..

(അയാള്‍ തലയിണ ഉണ്ടാക്കുന്നു)

പോലീസ്: ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരിന്നോ?

ദയാലാല്‍: എന്തിന്റെ…?

പോലീസ്: ഈ അഴിമതിയുടെ പിന്നാലെ നടക്കല്‍… ഈ ഒരു കേസ് കൊണ്ട് നാട്ടിലെ മുഴുവന്‍ അഴിമതിയും തീരുമോ? നിങ്ങള്ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ?

ദയാലാല്‍: ഇതു എന്റെ കൂടെ  കാര്യം ആണ് സര്‍…

ഒരു നാട്ടിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കൊടുക്കണ്ട പോഷകാഹാരത്തിന്റെ പങ്ക് കുറച്ച് അഴിമതി… ഞങ്ങളുടെ കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ ജനിക്കുമ്പോള്‍ തന്നെ കൊഴിയുമ്പോള്‍ അധികാരികളുടെ മക്കളുമാത്രം പാല് കുടിച്ച് തുടുത്ത്…

സാറിനറിയോ… എന്റെ നാല് കുട്ടികളാ പിറന്നു പത്ത് നാള് പോലും കഴിയാതെ മരിച്ചത്… അവരുടെ കൂട്ടക്കരച്ചില് ചെലപ്പം ചെവീല് അലച്ചു കയറും…

(അയാളുടെ ചെവിയില്‍ കുട്ടികളുടെ കരച്ചില്‍ നിറയുന്നു)

ഹോ… അതൊരു വല്ലാത്ത ജീവിതമാ സാറേ… ഒരു വല്ലാത്ത യോഗം… അച്ഛനായി ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞില്ല എന്നറിയുന്നവന്റെ യോഗം… ആ യോഗം ആരൊക്കെയോ ഉണ്ടാക്കിയതാണെന്ന് അറിഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിച്ചു… ഇനിയെങ്കിലും ഈ നാട്ടില്‍ പത്തും, ഇരുപതും ദിവസം മാത്രം അച്ഛനും, അമ്മയും ആയവരുണ്ടാകരുത്… വിടരും മുന്‍പേ കൊഴിഞ്ഞ ഒരു പാട് കുട്ടികള്ളുടെ ആത്മാക്കള്‍ ഈ ഗ്രാമത്ത്തിലെങ്കിലും ഗതികിട്ടാതെ അലയരുത്അതിനായിരിന്നു ഈ  തീരുമാനം…

എനി സാറ് പറ; ഇതിന്റെ ഒക്കെ ആവശ്യം ഇല്ലേ?

പോലിസ്: പക്ഷെ ദയാലാല്‍… നിങ്ങള്‍ക്കെതിരാണ് എല്ലാവരും…പോലിസ്, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്മാര്‍; എന്തിനു നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വരെ ശത്രുവാണ് നിങ്ങള്‍… അവരെക്കെ എന്തും ചെയ്യും.

ദയാലാല്‍: എന്തെങ്കിലും ചെയ്താല്‍ എന്നെ നിങ്ങള്‍ രക്ഷിക്കണം… നിങ്ങളാണ് എന്റെ രക്ഷകന്‍… (ചിരിക്കുന്നു)

(പെട്ടന്നു ആരൊക്കെയോ ടോര്‍ച്ച് അടിക്കുന്നു… “അവിടെ തന്നെ ഉണ്ടോടാ നീ”…? ഞങ്ങളെ പാര്‍ട്ടിക്കാരെ തൊട്ടാല്‍ വിവരം അറിയും നായെ… എന്നൊക്കെ പല പല ശബ്ദങ്ങള്‍. പെട്ടെന്ന് പോലീസുകാരന്‍ തോക്ക് ചൂണ്ടുന്നു)

പോലിസ്: ഉണ്ടാടാ നായിക്കളെ… ദാ എവിടെ…

(ആളുകള്‍ “അയ്യോ പോലിസ് ” എന്ന് പറഞ്ഞു ഓടുന്നതിന്റെ ശബ്ദം കേള്‍ക്കാം… നിശബ്ദത)

പോലിസ്:ദയാലാല്‍… ഞാന്‍ നിങ്ങളുടെ രക്ഷകന്‍ തന്നെയാണ്… എന്റെ ഈ ഇരട്ടക്കുഴല്‍ തോക്ക് പേടിക്കാത്ത ആരുണ്ട് ഈ നാട്ടില്‍… ദയാലാല്‍ ഞാന്‍ എന്ന കവചം ഇല്ലാതക്കിയെ നിങ്ങളെ ആരെങ്കിലും തോടുള്ള്… നിങ്ങള്‍ ധൈര്യായി കിടന്നുറങ്ങുക…

(ദയാലാല്‍ പോയി വിളക്ക് അയാള്‍ക്ക് അരികിലേക്ക് നീക്കി വെക്കുന്നു)

ദയാലാല്‍: സാറിന്റെ പേര്?

പോലീസ്: കനകമുത്തു.

(സാവധാനം ഒരു സംഗീതം ഉയരുന്നു… ദയാലാല്‍ വാതില്‍ അടക്കുന്നു. രാത്രിയുടെ ഏകാന്തതയില്‍ ആ വീടിനു തോക്കുമായി കാവല്‍ നില്‍ക്കുന്ന പോലീസുകാരനില്‍ ദൃശ്യം നിശ്ചലമാകുന്നു… വെളിച്ചം പോലിയുന്നു)

ബ്ലാക്ക് ഔട്ട്

ദൃശ്യം 3

(ഇരുട്ടില്‍ ഒരു എഫ്.എം റേഡിയോയില്‍ നടക്കുന്ന ചര്‍ച്ച)

എഫ്.എം : ഹല്ലോ… എല്ലാവര്‍ക്കും നാട്ടു വിശേഷത്തിലേക്ക് സ്വാഗതം… ഇന്ന് നമ്മള്‍ പോകുന്നത് സംസ്ഥാന ഗവമെന്റിനെ തന്നെ ഞെട്ടിച്ച പോഷകാഹാര അഴിമതി പുറത്തുകൊണ്ട് വന്ന ദയാലാലിന്റെ വീട്ടിലീക്കാണ്…

(സാവധാനം വെളിച്ചം വരുമ്പോള്‍ റേഡിയോയുടെ അടുത്തിരിന്നു അത് ശ്രദ്ധിക്കുന്ന ദയാലാലും കുടുംബവും… പോലിസുകാരനില്‍ ദേഷ്യം. അയാള്‍ ഭക്ഷണം വെക്കാന്‍ അടുപ്പ് കൂട്ടുന്നു.)

എഫ്.എം: (ദയാലാല്‍):ഈ നാട്ടില്‍ ഇനിയെങ്കിലും പോഷകാഹാരം കിട്ടാത്തത് കൊണ്ട് ഒരു കുഞ്ഞുപോലും മരിക്കരുത്. അതിനു വേണ്ടി എന്റെ ജീവന്‍ നഷ്ടപ്പെട്ടാലും ഞാന്‍ പൊരുതും… എന്റെ ഗ്രാമവും എന്റെ കൂടെയുണ്ടാകും…

(പോലീസുകാരന്‍ റേഡിയോ ഓഫാക്കുന്നു… കുറച്ചു സമയത്തെ  നിശബ്ദതക്കു ശേഷം)

പോലീസ്: ഏതു ഗ്രാമവാസികള്‍ കൂടെയുണ്ടാകും..? ആ ക്ഷുരകന്‍ റാംപാല്‍, പിന്നെ തോട്ടപ്പണിക്കാരന്‍ ചപ്പു, പിന്നെ കുറച്ചു നൈയ്ത്തുകാരും… അവരൊക്കെ നിങ്ങളുടെ കൂടെയുണ്ടായിട്ട് ഒരു കാര്യവും ഇല്ല…

ദയാലാല്‍: നിങ്ങള്‍ക്ക് ഞങ്ങളുടെ ജീവന് സംരക്ഷണം തരാന്‍ ബുദ്ധിമുട്ടാനെങ്കില്‍ പോകാം… ഞങ്ങളുടെ ജീവന്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം…

പോലീസ്: ഈ കഴിഞ്ഞ നാലുമാസങ്ങള്‍ പാതിനാല് ആക്രമണങ്ങള്‍. ഇതില്‍ നിന്നൊക്കെ ഞാന്‍ നിങ്ങളെ രക്ഷിച്ചില്ലേ??? നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഈ അഴിമതി കേസിലെ 76 പ്രതികളില്‍ പകുതിയോളം പേര്‍ ദുരൂഹമായി കൊലചെയ്യപ്പെട്ടു… നിങ്ങള്‍ പല ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു… അല്ല ഞാന്‍ രക്ഷപ്പെടുത്തി…

ഞാന്‍ ചെയ്യുന്നത് എന്റെ ഡ്യൂട്ടി മാത്രം… പക്ഷെ ഇപ്പോള്‍ അവരുടെ ലക്ഷ്യം ഞാനാണ്… ഇനിയെങ്കിലും ഈ വീരസാഹസം പറച്ചില്‍ നിര്‍ത്തിക്കൂടെ…

ദയാലാല്‍: ഞാന്‍  വസ്തുതകള്‍ ആണ് പറയുന്നത്… എന്റെ ജീവനിലും വലുതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന വസ്തുതകള്‍. ഈ അഴിമതിയിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ കിട്ടും വരെ ഞാന്‍ പൊരുതും.

പോലീസ്: നിങ്ങള്‍ക്ക് ജീവനില്‍ പേടിയില്ലെങ്കില്‍ എനിക്കുണ്ട്. എനിക്ക് ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമാണ്. എന്റെ ജീവന്‍ അവര്‍ക്ക് വേണ്ടിയാ. അല്ലാതെ നിങ്ങളെ പോലെ നാടിനും നാട്ടാര്‍ക്കും വേണ്ടിയല്ല.

ദയാലാല്‍: നിങ്ങള്‍ക്ക് പീടിയുണ്ടെങ്കില്‍ നാളെ തന്നെ പോകാം. പറഞ്ഞില്ലേ ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്കാകും.

പോലീസ്: എങ്ങിനെയാകും? ചെരുപ്പ് കുത്തുന്ന സൂചികൊണ്ട് തടയുമോ…? നിങ്ങള്‍ക്ക് അവരുടെ ആക്രമണങ്ങളെ തടുക്കാനാവില്ല… എന്റ മനസും തളര്‍ന്നു… തോറ്റ് പോകുമോ എന്നൊരു പേടി…

ദയാലാല്‍: തോറ്റവരെ പറ്റിയാണ് ചരിത്രം പറയുന്നത്. ചരിത്രത്തില്‍ ഉള്ളവരൊക്കെ തോറ്റവര്‍ തന്നെ. തോല്‍വിയും ജയവും തമ്മില്‍ ഒരു തലനാരിഴ വ്യത്യാസമേ ഉള്ളു സാര്‍. തോറ്റില്ലെങ്കില്‍ നമ്മള്‍ എന്തായാലും ജയിക്കും.

(അവിടെ ഒരു വണ്ടി വന്നു നില്‍ക്കുന്നതിന്റെ ശബ്ദം. അരങ്ങിലേക്ക് പ്രവേശിക്കുന്ന ഗാന്ധിയന്‍ തൊപ്പിയണിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. പോലീസുകാരന്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നു.)

അടുത്തപേജില്‍ തുടരുന്നു


ഹ ഹ ഹ… എന്നെ വിചാരണ ചെയ്യാന്‍ നീയൊക്കെ ഇനി ഇത്ര കാലം… (അയാള്‍ ദയാലാലിന്റെ കഴുത്തില്‍ കയറി പിടിക്കുന്നു… പോലീസുകാരന്‍ തടയുന്നു… പ്രസിഡന്റ് തെറിച്ചു താഴെ വീഴുന്നു..)


പ്രസിഡന്റ്: സുഖം തന്നെയല്ലേ മുത്തു പോലീസേ…? അല്ല സുഖക്കുറവോന്നും ഉണ്ടാകത്തിലല്ല… വല്യ പുള്ളിയുടെ വീട്ടിലല്യോ…

(ദയാലാലിനെ നോക്കി) നിങ്ങളിങ്ങനെ വിവരാവകാശം എന്നും പറഞ്ഞു ഇറങ്ങിയാല്‍ പഞ്ചായത്തില്‍ വേറെ പണിയൊന്നും നടക്കത്തില്ല. ഇനിയെങ്കിലും വിവരാവകാശവുമായി വന്നു ബുന്ധിമുട്ടിക്കരുത്.

ദയാലാല്‍: ഇനിയും വരും പ്രസിഡന്റെ. ഇനിയും പുതിയ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ അഴിമതിയുടെ കഥകള്‍ ആകുമ്പോഴാണ് നിങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങുക…

പ്രസിഡന്റ്: എനിക്ക് ഒരു വിയര്‍ക്കലുമില്ല. ഇല്ലാ… ഞാന്‍ അഴിമതി നടത്തിയില്ല… അഥവാ നടത്തിയെങ്കില്‍ തന്നെ തെളിവുകളും ഇല്ല.

ദയാലാല്‍: ഇനിയും ചില വിവരാവകാശ രേഖകള്‍ കിട്ടാനുണ്ട്… എന്നിട്ടാവാം തെളിവില്ലാത്ത നിങ്ങളുടെ കുറ്റങ്ങളുടെ വിചാരണ…

പ്രസിഡന്റ്: ഹ ഹ ഹ… എന്നെ വിചാരണ ചെയ്യാന്‍ നീയൊക്കെ ഇനി ഇത്ര കാലം… (അയാള്‍ ദയാലാലിന്റെ കഴുത്തില്‍ കയറി പിടിക്കുന്നു… പോലീസുകാരന്‍ തടയുന്നു… പ്രസിഡന്റ് തെറിച്ചു താഴെ വീഴുന്നു..)

പ്രസിഡന്റ്: ഓ…ഇപ്പം പുതിയ കാവല്‍ പട്ടിയെ കിട്ടിയതിന്റെ അഹങ്കാരം..

(പോലിസുകാരനെ നോക്കി )

പ്രസിഡന്റ്: ഡോ…ഈ പട്ടിയുടെ ജീവന് കാവല്‍ നിന്ന് നീയും നിന്റെ ജീവിതം വെച്ച് കളിക്കണ്ട…

ദയാലാല്‍: സര്‍.. ഇയാള് എന്റെ വീട്ടില്‍ പ്രവേശിക്കരുത് എന്ന് കോടതി വിധിയുണ്ട്.

പോലീസ്: എന്നാല്‍ നിങ്ങള്‍ ഇവിടെ നിന്നും ഇറങ്ങണം…

പ്രസിഡന്റ്: ഞാനിറങ്ങും. പക്ഷെ എന്നെ ഇറക്കി വിടുന്നതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല. സര്‍വം നശിപ്പിക്കും ഞാന്‍…

(പുറത്ത് നിന്നും ഒരു ഓട്ടോയില്‍ ആരോ ഒരു മരണ വിവരം ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നത് കേള്‍ക്കാം.. എല്ലാവരും അത് കേട്ട് ഞെട്ടുന്നു…)

പ്രസിഡന്റ്: ഹ ഹ ഹ… കേട്ടില്ലേ നിന്റെ അഴിമതിക്കേസിലെ നാലാം പ്രതി സമീറിന്റെ മരണം… ഇനി ചാകാന്‍ നീയും പത്തുപേരും മാത്രം… നിന്നെ തേടിയും ഒരു ദിവസം മരണം വരും ദായാലാല്‍.. (പോലീസുകാരനെ നോക്കി) നീയും  സൂക്ഷിച്ചോ…

(പ്രസിഡന്റ് പോകുന്നു. പകച്ചു നില്‍ക്കുന്ന മറ്റുള്ളവര്‍… സാവധാനം വെളിച്ചം പൊലിയുന്നു)

ബ്ലാക്ക് ഔട്ട്

 ദൃശ്യം 4

(കുറെ ചെറിയ കുട്ടികളുടെ വിശപ്പിന്റെ കരച്ചലുകള്‍ ഉച്ചത്തില്‍ ആകുമ്പോള്‍ അരങ്ങില്‍ വെളിച്ചം പരക്കുന്നു. ഗ്രാമത്തിലെ പാതയോരത്തുകൂടെ പോകുന്ന ദയാലാല്‍ ആക്രമിക്കപ്പെടുന്നു. പോലിസ്‌കാരന്‍ ആ ആക്രമണത്തില്‍ നിന്നും ദയാലലിനെ രക്ഷിക്കുന്നു…)

പോലിസ്‌കാരന്‍: ഹോ… മടുത്തു… എന്നും അടിയും പിടിയും… ഞാന്‍ മാറാന്‍ പോകുന്നു… അല്ലെങ്കില്‍ രണ്ടു മൂന്ന് പേര് കൂടെ വേണം…

ദയാലാല്‍: എന്നാ ദുരഭിമാനം കളഞ്ഞു ഇയാളെ എനിക്ക് രക്ഷിക്കാന്‍ കഴിയില്ല എന്ന് പറയണം… അല്ലാതെ ചുമ്മാ…

പോലിസ്‌കാരന്‍: (ഒരു കടലാസ് പോക്കറ്റില്‍ നിന്നും എടുക്കുന്നു) : ഞാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു… സ്ഥലം മാറ്റം തന്നില്ലെങ്കില്‍ ജോലി വിടുമെന്ന് അറിയിച്ചുള്ള സര്‍ക്കാരിനുള്ള കത്തായിത്…

(ദയാലാല്‍ കത്ത് വാങ്ങി വായിക്കുന്നു. അയാളുടെ മുഖം വാടുന്നു. കണ്ണുകള്‍ നിറയുന്നു)

ദയ: അപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു…

(അവിടേക്ക് വല്ലാത്ത ഭയത്തോടെ ഒരാള്‍..)

അയാള്‍: അറിഞ്ഞില്ലേ ദയാ… ഗ്രാമത്തിലെ കുഞ്ഞുങ്ങളൊക്കെ വീണ്ടും… നമ്മുടെ ബിപാലിന്റെ കുഞ്ഞും ഇന്ന് മരിച്ചു…

(ദൂരെ നിന്നും ഒരു താരാട്ട് ഒഴികിയെത്തുന്നു… അരങ്ങില്‍ കുറച്ചു തൊട്ടിലുകള്‍ കത്തുന്നു… അതെല്ലാം ആലോചിച്ചു പോട്ടികരയുന്ന ദയാലാല്‍… സമാധാനിപ്പിക്കുന്ന പോലിസുകാരന്‍…)

ദയാലാല്‍: ദൈവമേ… എന്തെന്തൊരു പരീക്ഷണം… ഈ ഗ്രാമത്തില്‍ ഈ മാസം മരിക്കുന്ന അറുപതാമത് കുഞ്ഞ്… (പോലീസുകാരനോട്)ഇതൊക്കെ കണ്ടിട്ടും നിങ്ങള്‍ക്ക് പോകാന്‍ തോന്നുന്നല്ലോ?

അയാള്‍: പിന്നെ ദയാ ഇത് തപാല്‍ശിപായി തന്നതാണ്…

(ദയാലാലിന്റെ കണ്ണുകളില്‍ പുതിയ പ്രതീക്ഷ…)

ദയലാല്‍: നോക്കട്ടെ… നമ്മള്‍ പോഷകാഹാരവുമായി ബന്ധപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയാകും…

(അയാള്‍ കവര്‍ വാങ്ങി ഓരോന്നായി വായിക്കുന്നു.)

ദയാലാല്‍: നമ്മള്‍ വീണ്ടും വഞ്ചിക്കപെട്ടിരിക്കുന്നു… നമുടെ കുട്ടികള്‍ക്ക് പാക്കറ്റുകളില്‍ നല്‍കുന്ന പോഷകാഹാര പാക്കറ്റുകളില്‍ മാരകവിഷം തോല്‍ക്കും രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിച്ചതാ… നമ്മുടെ കുട്ടികളെ മുഴുവന്‍ അവര്‍ കൊല്ലുകയായിരിന്നു… ഇനിയും നിശബ്ദരായിരിക്കരുത് നമ്മള്‍

ജനകീയ പ്രധിഷേധങ്ങള്‍ നടത്തണം… പ്രസിഡന്റ് രാജി വെക്കും വരെ സമരം ചെയ്യണം…

പോലീസുകാരന്‍: പ്രസിഡന്റിന്റെ കാലു തല്ലി ഓടിക്യാ വേണ്ടത്..

(അയാള്‍ പോക്കറ്റില്‍ നിന്നും കത്തെടുത്ത് കീറുന്നു…)

പോളിസ്‌കാരന്‍: ഇനി ഞാന്‍ ഇങ്ങോട്ടും പോകുന്നില്ല… ഇങ്ങനെ ഒരു കൊടും ചതി കണ്ടില്ലന്നു നടിക്കാന്‍ ഒരു മനുഷ്യനും കഴിയില്ല… പോലീസുകാരനിലും മനുഷ്യന്‍ ഉണ്ടെന്നു ലോകം അറിയട്ടെ… നിങ്ങളുടെ കൂടെ ഞാനും ഉണ്ട്. സമരത്തിന്റെ തീചൂളയിലേക്ക്….(അയാള്‍ തൊപ്പിയും, പോലീസ് മുദ്രകളും അഴിച്ചു മാറ്റുന്നു… സാവധാനം മുദ്രാവാകയങ്ങള്‍ ഉയരുമ്പോള്‍ വെളിച്ചം പൊലിയുന്നു…)

ദൃശ്യം 5

(ഒരു രഹസ്യ സങ്കേതം… പ്രസിഡന്റും ഗുണ്ടകളും. അവിടേക്ക് പ്രവേശിക്കുന്ന പോലീസ്‌കാരനും, ദയാലാലും.)

പ്രസിഡന്റ്: സ്വാഗതം അഴിമാതിക്കാരുടെ പേടിസ്വപ്നവും, നാട്ടുകാരുടെ കണ്ണിലുണ്ണിയുമായ ദയാലാല്‍…

എന്നിട്ട് എന്ത് തീരുമാനിച്ചു… ഇനിയും പടപൊരുതാണോ?

ദയാലാല്‍: തുഴഞ്ഞു, തുഴഞ്ഞു കൈ തളര്‍ന്നു പ്രസിഡന്റെ… ചെരുപ്പു കുത്തി കിട്ടുന്ന പണം സ്റ്റാമ്പുകള്‍ വാങ്ങാന്‍ പോലും തികയില്ല… പിന്നെ ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നു… അവളെ നല്ലവണം പഠിപ്പിക്കണം… കല്യാണം കഴിച്ചയക്കണം… നിങ്ങള്‍ പറഞ്ഞ നിബന്ധനകളില്‍ ഈ സമരം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്…

ദാരിദ്രം…അത് ആരുടേയും ദയ കെടുത്തും… അന്ന് നിങ്ങള്‍ എന്റെ ഭക്ഷണം നിരസ്സിച്ചപ്പോഴേ നിങ്ങള്‍ക്ക് ഞാന്‍ ഒരു വിരുന്നു നല്‍കും എന്നു മനസ്സില്‍ കുറിച്ച് വെച്ചിരിന്നു… ഇപ്പോഴിതാ അത് നടക്കാന്‍ പൊകുന്നു…

പ്രസിഡന്റ്: അപ്പോള്‍ ഇരുപതു ലക്ഷം രൂപ… നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു ചെരുപ്പുകട, അതിനോട് ചേര്‍ന്ന് ഒരു വീട്… മകള്‍ക്ക് നല്ല സ്‌കൂളില്‍ വിദ്യാഭ്യാസം… ഇതൊക്കെ ഈ സമരം കൊണ്ട് നിനക്ക് കിട്ടാന്‍ പോകുന്ന സൗഭാഗ്യങ്ങലാണ്… എന്നാല്‍ ഇപ്പോള്‍ തന്നെ സമരം പിന്‍വലിച്ചു എന്ന് പത്രക്കാരോട് പറ…

(സംഗീതം ഉച്ചത്തില്‍ ആകുന്നു… ദയാലാല്‍ സമരം പിന്‍വലിച്ചത് പത്രങ്ങളെയും ചാനലുകളേയും അറിയിക്കുന്നു… പ്രസിഡന്റ് ഒരു പെട്ടിയില്‍ നോട്ടു കെട്ടുകള്‍ മേശയില്‍ വിതറുന്നു… വിറയോടെ അതെടുക്കുന്ന ദയലാല്‍…)

പ്രസിഡന്റ്: ആദ്യാമായായിരിക്കും ഇത്രയും പണം കാണുന്നത് അല്ലെ… ഇനി നിങ്ങളുടെ നല്ല കാലം… എനിക്ക് പോകാന്‍ സമയമായി… എന്നാല്‍ ശരി..

(അയാള്‍ പോകുന്നു… അരങ്ങില്‍ ഒരു ഭ്രാന്തനെപോലെ പണം എണ്ണുന്ന ദയാലാല്‍… അതെല്ലാം കണ്ടു പകച്ചു നില്‍ക്കുന്ന പോലീസുകാരന്‍)

പോലീസുകാരന്‍: ദയാലാല്‍ നിങ്ങള്‍ ചെയ്യുന്നത് ചതിയാണ്… നിങ്ങളുടെ ഗ്രാമത്തിനെ ഒറ്റികൊടുക്കല്‍…

ദയലാല്‍: അതെന്റെ ഗ്രാമം അല്ല… എനിക്കാരും ആ ഗ്രാമത്തില്‍ ഇല്ല… ഞാന്‍ ഇന്ന് മുതല്‍ ഒരു നഗര വാസിയാണ്. ചെരുപ്പ് കടക്കാരന്‍ ദയാലാല്‍ മുതലാളി… നിങ്ങള്‍ക്ക് ഇനി എന്റെ വീട്ടില്‍ നിന്നും നല്ല ഭക്ഷണം ഞാന്‍ തരും… ഒരു ചെരുപ്പ് കുത്തിയുടെ ചോറല്ല… ദയാലല്‍ മുതലാളിയുടെ വിഭവ സമൃദ്ധമായ വിരുന്നു…

(പണവും, പ്രാമാണങ്ങളും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു…)

ദയാലാല്‍: വേഗം വാ… ഇന്ന് രാത്രി തന്നെ നഗരത്തിലേക്ക് മാറണം…

പോലീസ്: അന്ന്  നിങ്ങളുടെ ഭക്ഷണം വേണ്ടാന്നു വെച്ചത് എന്നിലെ അധികാരി ആയിരിന്നു. പക്ഷെ ഇന്ന് എന്നിലെ മനുഷ്യന് വേണ്ടത് ദയാലാല്‍ എന്ന പോരാളിയുടെ ഭക്ഷണമാണ്… ദയാലാല്‍ എന്നാ ചെരുപ്പ് കുത്തുടെ…. അല്ലാതെ മുതലാളിയുടെതല്ല.  ദയാലാല്‍ നിങ്ങള്‍ക്ക് ഇത്രയ്ക്കു ദയയില്ലാത്തവനാകാന്‍ കഴിയുമോ??? നിങ്ങളുടെ നാട്ടില്‍ ഇനിയും കുഞ്ഞുങ്ങള്‍ മരിക്കട്ടെ എന്ന്… (ദയാലാല്‍ ഇടയ്ക്കു കയറി)

ദയാലാല്‍: ദാരിദ്രം…അത് ആരുടേയും ദയ കെടുത്തും… അന്ന് നിങ്ങള്‍ എന്റെ ഭക്ഷണം നിരസ്സിച്ചപ്പോഴേ നിങ്ങള്‍ക്ക് ഞാന്‍ ഒരു വിരുന്നു നല്‍കും എന്നു മനസ്സില്‍ കുറിച്ച് വെച്ചിരിന്നു… ഇപ്പോഴിതാ അത് നടക്കാന്‍ പൊകുന്നു…

എന്റെ പോലിസുകാരാ ഈ നാട് നന്നാവില്ല…

പോലിസ്: എന്നിലെ ക്രൂരതയെ കെടുത്തി എന്നില്‍ നന്മ വിടര്‍ത്തിയ ദയാലാല്‍… നിങ്ങളാണ് എന്നിലെ അധികാരിയെ മാറ്റി സ്വാതന്ത്ര്യത്തിന്റെ നന്മ പടര്‍ത്തിയത്… അല്ല നിങ്ങളുടെ ഗ്രാമത്തിലെ ജീവിതം കൂടിയാകണം ഞാന്‍ എന്നാ പോലീസുകാരനെ മനുഷ്യനാക്കി ഈ സമരത്തിന്റെ പാതയിലേക്ക് ഇറക്കിയത്… നിങ്ങള്‍ക്ക് ഞാന്‍ പട്ടിയെ പോലെ കാവല്‍ നിന്നതും നിങ്ങളുടെ നന്മ തിരിച്ചരിഞ്ഞായിരിന്നു…

ദയാലല്‍: മുത്തു… നിങ്ങള്‍ വിഷമിക്കാതിരിക്കൂ…ഇതില്‍ പാതി നിങ്ങള്‍ക്ക് തന്നെയാണ്…

(പെട്ടി തുറന്നു നോട്ടുകെട്ടുകള്‍ അയാള്‍ക്ക് നല്‍കി കൊണ്ട്..)

പോലീസുകാരന്‍: കൊണ്ടുപൊയ്‌കോ നിങ്ങളുടെ പങ്ക്… എനിക്കല്ല നിങ്ങളുടെ നാട്ടിലെ പാവങ്ങള്‍ക്കാണ് ഈ പങ്ക് കൊടുക്കേണ്ടത്…

(പണം തട്ടി മാറ്റുന്നു… തറയില്‍ അത് ചിതറുന്നു.. ദയാലാല്‍ ഭ്രാന്തമായി അത് പെറുക്കിയെടുക്കുന്നു)

പോലീസ്: നിനക്കറിയുമോ ദയാലാല്‍… നിന്നെ ഒന്ന് കൊന്നു കൊടുത്താല്‍ അധികാരികള്‍ എനിക്ക് തരാം എന്ന് പറഞ്ഞത് കോടികളാ… എന്നിട്ടും നിനക്ക് വേണ്ടി ഞാന്‍ കാവല്‍ നിന്നൂ…

ഇല്ല… ഇത് ഞാന്‍ ഈ ഗ്രാമത്തിനോട് മുഴുവന്‍ വിളിച്ചുപറയും… നിന്നെ പോലുള്ള ഒറ്റുകാരാണ് സമരനേതാക്കള്‍ എന്ന് ലോകം അറിയണം…

(പെട്ടന്ന് അയാള്‍ അത് നാട്ടുകാരോട് വിളിച്ചു പറയുന്നു….അയാള്‍ പ്രേക്ഷകരിലേക്ക് ഇറങ്ങുന്നു… പെട്ടന്ന് ഒരു വെടി ശബ്ദം… പോലീസുകാരന്‍ മരിച്ചു വീഴുന്നു… ദയാലാല്‍ തോക്ക് വലിച്ചെറിയുന്നു… വെളിച്ചം അയാളില്‍ മാത്രം… അയാള്‍ പണപ്പെട്ടി തന്റെ ഭാണ്ഡത്തില്‍ പൊതിയുന്നു… ഒരു ചാനല്‍ മൈക്കുമായി ഒരാള്‍ ദയാലാലിന്റെ അടുത്തേക്ക് വരുന്നു)

ദയാലാല്‍: പോലിസ് ആണെങ്കിലും കനകമുത്തു ഒരു പാവം ആയിരിന്നു… കൊലയാളികള്‍ക്ക് എന്നെയായിരിന്നു ലക്ഷ്യം… പക്ഷെ ഞാന്‍ രക്ഷപ്പെട്ടു… അഴിമതിക്കുള്ള ഈ തീരാസമരത്തില്‍ ഒരു രക്തസാക്ഷി കൂടി…

ഈ സര്‍ക്കാരിനോട് ഒരു അപേക്ഷ കൂടിയുണ്ട്… എന്റെ ജീവന്‍ ഇപ്പോഴും അപകത്തില്‍ ആണ്… എനിക്ക് പോലീസ് സുരക്ഷ നല്‍കണം…

(പെട്ടന്ന് ആദ്യം പോലീസുകാരന്‍ വിളിച്ചു പറഞ്ഞ “ദയാലാല്‍ കള്ളനാണ്..അയാള്‍ നിങ്ങളെ ചതിക്കുകയാണ്” എന്നാ കരച്ചിലിന്റെ പ്രതിധ്വനികള്‍ നിറയുന്നു… അതിന്റെ മൂര്‍ധന്യത്തില്‍ കൂട്ടത്തോടെ പന്തങ്ങളുമായി ദയാലലിനെ നേരിടാന്‍ വരുന്ന ജനക്കൂട്ടത്തിന്റെ  ആക്രോശങ്ങളില്‍ തന്റെ സൈക്കിളില്‍ രാത്രി രക്ഷപ്പെടാന്‍  ശ്രമിക്കുന്ന ദയാലാലിന്റെ ദൃശ്യങ്ങളില്‍ വെളിച്ചം സാവധാനം പൊലിയുന്നു. ഇരുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി വിരുദ്ധ ഘോരപ്രസംഗം ഉയരുന്നു… യവനിക താഴുന്നു)

കര്‍ട്ടന്‍

We use cookies to give you the best possible experience. Learn more