ഇനി പത്ത് രൂപ പോര, 30 വേണം; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് റെയില്‍വെ
Indian Railway
ഇനി പത്ത് രൂപ പോര, 30 വേണം; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് റെയില്‍വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 11:15 am

ന്യൂദല്‍ഹി: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തി ഇന്ത്യന്‍ റെയില്‍വെ. 10 രൂപയില്‍ നിന്ന് 30 രൂപയിലേക്കാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

ലോക്കല്‍ യാത്രകളിലെ ടിക്കറ്റ് നിരക്കും 10 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി.

അത്യാവശ്യക്കാരല്ലാത്ത യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ പറഞ്ഞു. കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്‌പെഷ്യല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളുമാണ് സര്‍വീസ് നടത്തിയിരുന്നത്.

ഇപ്പോള്‍ ഹ്രസ്വദൂര ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.

നേരത്തെ സെന്‍ട്രല്‍ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ചില റെയില്‍വെ സ്റ്റേഷനുകളില്‍ 50 രൂപയാക്കിയിരുന്നു. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ വേനല്‍ക്കാലത്ത് ജനത്തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ദാദറിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനല്‍, താനെ, കല്യാണ്‍, പന്‍വേല്‍, ഭിവാണ്ടി റോഡ് സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്. പത്ത് രൂപയായിരുന്നു നേരത്തെ പ്ലാറ്റ്‌ഫോം ടിക്കറ്റിന് വില.

മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. ജൂണ്‍ 15 വരെ ഈ നിരക്ക് തുടരുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വേനല്‍ക്കാല യാത്രാ തിരക്ക് മുന്നില്‍ കണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് താത്കാലികമാണെന്നും സെന്‍ട്രല്‍ റെയില്‍വേയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Platform ticket price raised from Rs 10 to Rs 30