| Saturday, 20th August 2016, 10:23 am

ഇനി സ്വന്തം പറമ്പില്‍ പ്ലാസ്റ്റിക് കത്തിച്ചാലും പോലീസ് പിടിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇനി സ്വന്തം പറമ്പില്‍ പ്‌ളാസ്റ്റിക്കും റബറും കൂട്ടിയിട്ട് കത്തിക്കുന്നവര്‍ സൂക്ഷിക്കുക. ആരെങ്കിലും പരാതി നല്‍കിയാല്‍ നിങ്ങളെ തിരഞ്ഞ് പോലീസെത്തും.

പ്‌ളാസ്റ്റിക്, റബര്‍ എന്നിവ കത്തിക്കുന്നവര്‍ക്കെതിരെ  നടപടി സ്വീകരിക്കാന്‍ സര്‍ക്കുലറിലൂടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര കോട്ടമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 268, 269, 278 സെക്ഷനുകള്‍ പ്രകാരം നടപടി  കൈക്കൊള്ളാമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

കേരള പൊലീസ് ആക്ടിലെ 120 (ഇ) വകുപ്പ് പ്രകാരവും നടപടിയെടുക്കാം. ക്രിമിനല്‍ ചട്ടപ്രകാരം പൊലീസിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചും കോടതിയുടെ നിര്‍ദേശം നടപ്പാക്കണമെന്നാണ് സര്‍ക്കുലറില്‍ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്.

തുറസ്സായ സ്ഥലങ്ങളില്‍ പ്‌ളാസ്റ്റിക്കും റബറും കത്തിക്കുന്നത് തടയണമെന്ന നിര്‍ദേശം  മാസങ്ങള്‍ക്ക് മുന്‍പേ ഹൈകോടതി നല്‍കിയിരുന്നു.

ഇവ കത്തിക്കുന്നത് പൊതുജനാരോഗ്യത്തിന്  വെല്ലുവിളിയാണെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് കടമയാണെന്നുമുള്ള നിരീക്ഷണമാണ് കോടതി നടത്തിയത്.

്്ആദ്യ ഘട്ടത്തില്‍ ജനങ്ങളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉപദേശിച്ച് പിന്തിരിപ്പിക്കണമെന്നും  തുടരുകയാണെങ്കില്‍ അടുത്ത ഘട്ടമായി  പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ നടപടി സ്വീകരിക്കാമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more