| Tuesday, 31st July 2018, 6:45 pm

അയ്യപ്പനും ഗതിയില്ല; പ്ലാസ്റ്റിക് കൂമ്പാരമായി ശബരിമല

അന്ന കീർത്തി ജോർജ്

ശബരിമലയില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. പമ്പയൊഴുകുന്ന വനാന്തരങ്ങള്‍ ഹരിതാഭയില്‍ നിന്നുമാറി എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ചീയാതെ കിടക്കുന്ന പ്ലാസ്റ്റിക്ക് കവറുകളും പാക്കറ്റുകളുമാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മണ്ഡലകാലത്തിനു ശേഷം മാലിന്യനിര്‍മാര്‍ജനത്തിനുവേണ്ടി കോടികള്‍ വകയിരുത്തുന്നു എന്നല്ലാതെ നാളിത്രയായിട്ടും കാര്യക്ഷമയായ നടപടികളൊന്നും തന്നെ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.

പ്ലാസ്റ്റിക് കൊണ്ടുവന്നു തള്ളുന്ന നാട്ടിലുള്ള ഒഴിഞ്ഞ പറമ്പുകളേക്കാള്‍ അധികം മാലിന്യമാണ് വര്‍ഷത്തില്‍ കൂടിപ്പോയാല്‍ അറുപത് ദിവസം മാത്രം ജനങ്ങളെത്തുന്ന ശബരിമലയിലും പമ്പ പരിസരങ്ങളിലും പ്ലാസ്റ്റിക് എത്തുന്നത്. ശബരിമലയില്‍ മണ്ഡതകാലത്ത് ഓരോ ദിവസവും ലക്ഷക്കണക്കിന് വരുന്നതെന്നാണ് കണക്കുകള്‍. ഇവരോരുത്തരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വെള്ളംകുപ്പികളാണ് പ്രധാനമായും പ്ലാസ്റ്റിക് ശബരിമലയില്‍ കുന്നുകൂടുന്നതിന് കാരണമെന്ന് ശബരിമലയിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഫോട്ടോ സീരിസ് പ്രസിദ്ധീകരിച്ച എന്‍.പി ജയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇന്ത്യ മുഴുവന്‍ ഭക്തരുള്ള തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല വെറുമൊരു ചവറ്റുകുട്ടയായി തീരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭക്തരും കച്ചവടക്കാരും ചേര്‍ന്ന് സൃഷ്ടിക്കുന്ന മാലിന്യകൂമ്പാരങ്ങള്‍ ഇന്ന് കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുന്ന പരിധികളെല്ലാം ലംഘിച്ചിരിക്കുകയാണ്. ഇരുമുടിക്കെട്ടിനകത്തുള്ള പ്ലാസ്റ്റിക് കവറുകള്‍, വെള്ളകുപ്പികള്‍, മറ്റ് പ്ലാസ്റ്റിക് കവറുകളും വസ്തുക്കളും, ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍, ഭക്ഷണശാലകളിലും മറ്റു കടകളിലുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയാണ് ശബരിമലയെ പ്ലാസ്റ്റിക്കില്‍ മുക്കുന്നത്.

കേള്‍ക്കുമ്പോള്‍ ചെറിയ വസ്തുക്കളാണെന്നും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും തോന്നുമെങ്കിലും ടണ്‍ കണക്കിന് അളവിലാണ് ഇവ കാടുകളില്‍ കിടക്കുന്നതെന്ന് ഭക്തരും ഉദ്യോഗസ്ഥരും സര്‍ക്കാരും ശ്രദ്ധിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു. ഇതിന്റെ പരിണിതഫലങ്ങള്‍ ചുറ്റും കാണാവുന്നതാണെന്നും ഇവര്‍ പറയുന്നു.

ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരകളാകുന്നത് കാട്ടില്‍ മുന്‍പ് സ്വസ്ഥമായി വിഹരിച്ചിരുന്ന പക്ഷിമൃഗാദികളെയാണ്. ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പ്ലാസ്റ്റിക് കവര്‍ കാട്ടില്‍ പലയിടത്തും വലിച്ചെറിയുമ്പോള്‍ അതിലും ഉപ്പും മധുരവും രുചിച്ച് മൃഗങ്ങള്‍ കവര്‍ മുഴുവനായി വിഴുങ്ങുന്നു. തുടര്‍ന്ന് വയറ്റില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും മരണം വരെയും ഉണ്ടാക്കുന്നു.

ഫോട്ടോ കടപ്പാട് എന്‍.പി ജയന്‍

പമ്പയ്ക്കടുത്തുള്ള ചെറിയാനവട്ടത്ത് 2018 ജനുവരി 27നു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആനയും വയറ്റിലും കുടലിലും വന്‍തോതില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കുടലില്‍ കുടുങ്ങി ആമ സാവധാനം മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട. സമാനരീതിയില്‍ കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ വന്യജീവികളും ചത്തതായി കണ്ടെത്തിയിട്ടുണ്ട്.

ഇതുകൊണ്ടൊക്കെ തന്നെയാണ് ശക്തമായ ഇടപെടലുകളുമായി ഹൈക്കോടതി രംഗത്തുവന്നത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനയഞ്ജം ഉടന്‍ തന്നെ തുടങ്ങണമെന്നും മണ്ഡല – മകരവിളക്ക് കാലം വരെ കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇരുമുടിക്കെട്ടിലുള്‍പ്പെടെ ശബരിമല പരിസരങ്ങളില്‍ പരിപൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ശബരിമലയില്‍ നിലവിലുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ തന്നെ പ്ലാസ്റ്റിക് മലിനീകരണത്തിനു ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. “അതിരപ്പിള്ളിയിലും വയനാടുമെല്ലാം കാട്ടില്‍ പ്ലാസ്റ്റിക് ഇട്ടാലോ കൊണ്ടുവന്നാലോ തക്കതായ നടപടി ഉടന്‍ തന്നെയുണ്ടാകും. വനം വകുപ്പിന് അതിനുള്ള അധികാരം വിനിയോഗിക്കുന്നതിന് തടസ്സമില്ല. ശബരിമലയില്‍ മതവും വോട്ടബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാരുകളും വനംവകുപ്പിന്റെ കൈ കെട്ടിപ്പൂട്ടിയിരിക്കുകയാണ്.” പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വോട്ടബാങ്കും മതവികാരം വ്രണപ്പെടലും പേടിച്ച് ശബരിമലയിലെ പരിസ്ഥിതി മലിനീകരണത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി ഉത്തരവ് വന്നതോടെ നിയമങ്ങള്‍ നടപ്പിലാക്കാതെ തരമില്ലാതാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വര്‍ഷങ്ങളായി ആചാരത്തിന്റെ ഭാഗമായി ഭക്തര്‍ ഉടുത്തുവന്നിരുന്ന മുണ്ട് പമ്പയില്‍ ഉപേക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പമ്പയില്‍ മുണ്ട് ഒഴുക്കികളയുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതോടെ ഉടുമുണ്ട് ഉപേക്ഷിച്ചുപോകുന്ന രീതിയില്‍ തൊണ്ണൂറ് ശതമനത്തോളം കുറവുണ്ടായെന്ന് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു.

ശബരിമലയിലും പെരിയാര്‍ കടുവസങ്കേതത്തിന്റെ ഭാഗമായ പ്രദേശങ്ങളിലും വ്യാപാരികള്‍ പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാമാനങ്ങള്‍ വില്‍ക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭക്തരെ ഭയപ്പെടുത്താതെ പ്ലാസ്റ്റിക് നിരോധനത്തെപ്പറ്റി ബോധവത്കരണം നടത്തണമെന്നും ഹൈക്കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതുതായി പ്ലാസ്റ്റിക് ശബരിമലയില്‍ എത്താതിരിക്കുവാന്‍ ഈ നടപടി വളരെയധികം സഹായിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍വനങ്ങളില്‍ കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ തികച്ചും ആശങ്കാകുലരാണ്.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more