തിരുവനന്തപുരം: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടാവുന്ന വെള്ളക്കെട്ടില്‍ നിന്നും തിരുവനന്തപുരം നഗരത്തെ രക്ഷിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി വേളി പൊഴി മുറിച്ചതുകാരണം തീരത്തടിഞ്ഞത് കുന്നുകണക്കിന് മാലിന്യങ്ങള്‍. പാര്‍വ്വതിപുത്തനാര്‍, ആമയിഴഞ്ചാന്‍ തോട്, വേളി കായല്‍, ആക്കുളം കായല്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങളാണ് തീരത്തടിഞ്ഞിരിക്കുന്നത്.
99% മാലിന്യങ്ങളും കടലില്‍ എത്തിയിട്ടുണ്ടെന്നാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ പ്രവര്‍ത്തകനായ റോബര്‍ട്ട് പനിപ്പിള്ള ഡൂള്‍ന്യൂസിനോടു പറഞ്ഞത്. 1% മാത്രമാണ് തീരത്ത് അടിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് മറൈന്‍ പ്രവര്‍ത്തകര്‍ ഇന്ന് പ്രദേശത്തെ മാലിന്യങ്ങള്‍ തീരത്തുനിന്നും മാറ്റിയിരുന്നു. രാവിലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് മാലിന്യങ്ങളുടെ കണക്കെടുപ്പും നടത്തിയിരുന്നു.
700 സക്വയര്‍ ഫീറ്റ് പ്രദേശത്താണ് ഇവര്‍ വൃത്തിയാക്കിയത്. അവിടെ നിന്നും എടുത്തുമാറ്റിയ മാലിന്യങ്ങളില്‍ 11,773 പ്ലാസ്റ്റിക് ബോട്ടിലുകളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പ്ലാസ്റ്റിക്, ലെതര്‍ ചെരിപ്പുകള്‍ 1538 എണ്ണവും ഒരു ട്രക്ക് ലോഡോളം തെര്‍മോകോളും 834 അടപ്പുള്ള മദ്യക്കുപ്പികളും പ്രദേശത്തുനിന്ന് ശേഖരിച്ചിട്ടുണ്ടെന്ന് റോബര്‍ട്ട് പറയുന്നു.
ഇതിലും എത്രയോ ഏറെയായിരിക്കും യഥാര്‍ത്ഥത്തില്‍ കടലിലെത്തിയിരിക്കുന്ന മാലിന്യങ്ങള്‍ എന്നാണ് ഫ്രണ്ട് ഓഫ് മറൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. തെര്‍മോകോള്‍, അടപ്പില്ലാത്ത ബോട്ടിലുകള്‍, ചപ്പലുകള്‍ തുടങ്ങി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ മാത്രമാണ് തീരത്ത് അടിഞ്ഞുകിടക്കുന്നത്.
എന്നാല്‍ ഭാരംകുറഞ്ഞ പ്ലാസ്റ്റിക്കുകളും സഞ്ചികളും മറ്റും ഇതിനകം തന്നെ കടലിലെത്തിയിരിക്കുമെന്നാണ് റോബര്‍ട്ട് പനിപ്പിള്ള പറയുന്നത്. തീരത്ത് അടിഞ്ഞ മാലിന്യങ്ങള്‍ അടുത്ത ഒരു കടലേറ്റം ഉണ്ടാവുമ്പോള്‍ കടലിലേക്ക് എത്തും. വെള്ളപ്പൊക്കത്തില്‍ നിന്നും നഗരത്തെ രക്ഷിക്കാന്‍ പൊഴിമുറിച്ചു വിട്ട ദുരന്ത നിവാരണ അതോറിറ്റി കടലില്‍ മാലിന്യം അടിയുന്നത് തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു.
കോര്‍പ്പറേഷന്റെ ഗ്രീന്‍ ആര്‍മിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവരില്‍ നിന്നും വളരെ മോശമായ സമീപനമാണ് ഉണ്ടായത്. അവര് പറയുന്നത് തീരദേശവാസികളാണ് തീരത്തും കടലിലുമൊക്കെ മാലിന്യങ്ങള്‍ തള്ളുന്നതെന്നാണ്. കള്‍ച്ചറില്ലാത്ത ആള്‍ക്കാരാണ് എന്ന രീതിയിലുള്ള സമീപനമാണ് അവരില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ തീരത്തുനിന്നും മാറ്റിയ മാലിന്യങ്ങള്‍ കോര്‍പ്പറേഷനാണ് നീക്കം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീരത്തുള്ള മാലിന്യങ്ങള്‍ കടലിലേക്ക് പോകാതിരിക്കാന്‍ വേണ്ടി നടത്തിയ ഒരു ശ്രമമാണിത്. ഇനിയത് കോര്‍പ്പറേഷന്‍ നീക്കം ചെയ്യണമെന്നും റോബര്‍ട്ട് ആവശ്യപ്പെട്ടു.
“തിരുവനന്തപുരം കോര്‍പ്പറേഷന് അകത്ത് ഏതാണ്ട് 900ത്തോളം ശുചിത്വ പ്രവര്‍ത്തകരുണ്ട്. കോര്‍പ്പറേഷന്റെ നൂറുവാര്‍ഡുകളില്‍ ഒരു വാര്‍ഡില്‍ ഒമ്പതു പേരെന്ന് നിലയില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരുണ്ട്. അതുകൂടാതെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അവര് അവരുടെ ചിലവില്‍ നിരവധിയാളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ശംഖുമുഖത്ത് 24 പേര്‍ വേളിയില്‍ 12 പേര്. പക്ഷേ ഇവരാരും തന്നെ തീരത്തിലെയും കടലിലേയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി യാതൊരു ശ്രമവും നടത്തുന്നില്ല. ” അദ്ദേഹം വിശദീകരിക്കുന്നു.
കടലിന്റെ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ സംരക്ഷണത്തിനും ആവാസ വ്യവസ്ഥക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക് മാലിന്യം കടലില്‍ നിന്നും നീക്കം ചെയ്യാന്‍ ശുചിത്വസാഗരം എന്ന പദ്ധതി കൊണ്ടുവന്നിരുന്നു. ഒന്നുരണ്ടിടങ്ങളില്‍ ഹാര്‍ബറുകളില്‍ കേന്ദ്രീകരിച്ചു നടത്തിയ ഈ പദ്ധതിയുടെ ഭാഗമായി മാത്രം കടലില്‍ നിന്നും ശേഖരിച്ചത് 9000 കിലോ പ്ലാസ്റ്റിക്കാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതിലുമെത്രയോ ഇരട്ടിയായിരിക്കും കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.