ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചു
Daily News
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2016, 1:00 pm

plastic-carry-bag

ന്യൂദല്‍ഹി: ദേശീയ ഹരിത ട്രിബ്യൂണല്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. എന്‍.ഡി.ടി.ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ആദ്യഘട്ടത്തില്‍ ദേരാബസ്സി, ന്യൂ ചണ്ഢീഗഡ്, പിഞ്ചോരെ മുല്ലന്‍പൂര്‍, സിരന്‍ക്പൂര്‍,പഞ്ച്കുള, മൊഹാലി എന്നിവിടങ്ങളിലായിരിക്കും നിരോധനമേര്‍പ്പെടുത്തുക. പരിസര മലിനീകരണത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുക, മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായി ബാധിക്കുന്നരീതിയില്‍ ഓടകളിലും അഴുക്കുചാലുകളിലും നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയവയാണ് പ്ലാസ്റ്റിക് നിരോധനത്തിന്റെ ലക്ഷ്യം.

ചണ്ഡീഗഡ് സ്വദേശി ഋഷിദേവ് ആനന്ദ് എന്നയാളുടെ ഹര്‍ജിയിലെ വാദം കേള്‍ക്കവെയാണ് ട്രിബ്യൂണല്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു  ഹര്‍ജിയിലൂടെ ഇദ്ദേഹം പറഞ്ഞത്.

കൂടാതെ, ട്രൈബ്യൂണല്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും 5000 രൂപ പിഴയീടാക്കാനും നിര്‍ദേശമുണ്ട്. പക്ഷേ, ട്രിബ്യൂണലിന്റെ പുതിയ നിയന്ത്രണത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിക്കഴിഞ്ഞു.