പ്ലാസ്മാ ദാനത്തിനായി ഡി.വൈ.എഫ്.ഐ വെബ് പോര്‍ട്ടല്‍
Kerala News
പ്ലാസ്മാ ദാനത്തിനായി ഡി.വൈ.എഫ്.ഐ വെബ് പോര്‍ട്ടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 9:01 am

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ. പ്ലാസ്മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് ഭേദമായ യുവതീ-യുവാക്കള്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യുവതീ-യുവാക്കള്‍ക്കിടയില്‍ പ്ലാസ്മ ദാനത്തിനുള്ള സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വാക്‌സിന് മുമ്പ് രക്തം നല്‍കാം’ എന്ന ക്യാംപയിനും ഇതിനോടനുബന്ധിച്ച് ആരംഭിക്കുന്നുണ്ട്. 18നും 45നും ഇടയിലുള്ളവര്‍ വാക്‌സിനേഷന് വിധേയമാകുമ്പോള്‍ രക്തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്കയുള്ളതിനാല്‍ എല്ലാ ഡി.വൈ.എഫ്.ഐ അംഗങ്ങളും വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് രക്തം ദാനം ചെയ്യണം. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ വിപുലമായ കൊവിഡ് പ്രതിരോധ സേന രൂപീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

വാക്‌സിന്‍ ചലഞ്ചില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും ഡി.വൈ.എഫ്.ഐ അഭ്യര്‍ത്ഥിച്ചു. അതേസമയം 18-45 വയസ്സുവരെയുള്ളവരെ സൗജന്യ വാക്‌സിനില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നാടിനോടുള്ള വെല്ലുവിളിയാണ്. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ തരത്തിലുള്ള കെടുകാര്യസ്ഥതയാണ് വരുത്തുന്നതെന്നും റഹിം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്ലാസ്മാ ദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള അവബോധം ആളുകള്‍ക്കിടയില്‍ ഉയര്‍ത്തുന്നതിനായി രാജ്യവ്യാപകമായി ക്യാംപയിനുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സന്നദ്ധ സംഘടനകളും ബോളിവുഡ് താരങ്ങളും ഈ ക്യാംപയിന് പ്രചാരണം നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Plasma Donation DYFI starts web portal as a new campaign