| Wednesday, 15th January 2020, 8:13 am

സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം: ഇന്നുമുതൽ പിഴ, നിരക്കുകൾ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ബുധനാഴ്ച മുതല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ നടപ്പിലായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയമലംഘനത്തിലുള്ള പിഴ ഈടക്കല്‍ പ്രാബല്യത്തില്‍ വരികയാണ്.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ. ഇതിന് പിന്നാലെ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കാനുള്ള നടപടികളും സ്വീകരിക്കും.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്ളക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ബ്രാന്‍ന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍, പാല്‍ക്കവര്‍, മത്സ്യവും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കവറുകള്‍ എന്നിവക്ക് നിരോധനമില്ല.

ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗ ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍,കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ ശേഖരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിഴ ഈടക്കല്‍ നിലവില്‍ വരുമെന്ന പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിനുള്ള കര്‍മ്മപദ്ധതികളൊന്നും ഇത് വരെ തയ്യാറായിട്ടില്ല.

കളക്ടര്‍മാര്‍ക്കും സബ് കളക്ടര്‍മാര്‍ക്കുമാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രധാന ചുമതലയുള്ളത്. തദ്ദേശ, ആരോഗ്യ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ചുമതലയുണ്ട്.

We use cookies to give you the best possible experience. Learn more