| Thursday, 27th December 2012, 12:03 pm

ലക്ഷ്യം എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിലവിലെ സാമ്പത്തിക വളര്‍ച്ച ആശാവഹമല്ലെന്നും സാമ്പത്തിക മാന്ദ്യം മറികടക്കുകയാണ് സര്‍ക്കാറിന്റെ മുഖ്യ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.[]

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ വളര്‍ച്ചാനിരക്ക് 8ശതമാനമാക്കി പുനര്‍നിര്‍ണയിക്കുന്നതിന് ചേര്‍ന്ന ദേശീയ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊര്‍ജ സബ്‌സിഡിക്ക് പരിധി നിശ്ചയിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ പുറത്തിറക്കിയ സമീപനരേഖയില്‍ 9% വളര്‍ച്ചയായിരുന്നു പ്രതീക്ഷ. പദ്ധതിയുടെ ആദ്യ രണ്ടുവര്‍ഷം വളര്‍ച്ച കുറയാനിടയാക്കുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണു വളര്‍ച്ചാനിരക്കു കുറയ്ക്കാന്‍ ആസൂത്രണ കമ്മിഷന്‍ തയാറെടുക്കുന്നത്.

കഴിഞ്ഞ പദ്ധതിയില്‍ ശരാശരി വളര്‍ച്ചാനിരക്ക് 7.9% ആയിരുന്നു. 8% വളര്‍ച്ചാനിരക്കു കൈവരിക്കുന്നതും എളുപ്പമാവില്ലെന്നു ധനകാര്യ വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്. പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷമായ 2012-13ന്റെ ആദ്യ പകുതിയില്‍ വളര്‍ച്ച 5.4% മാത്രമായിരുന്നു.

We use cookies to give you the best possible experience. Learn more