| Thursday, 1st January 2015, 12:54 pm

ആസൂത്രണ കമ്മീഷന്റെ പേര് മാറ്റുന്നു ഇനി മുതല്‍ 'നിതി ആയോഗ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി:  ആസൂത്രണ കമ്മീഷന്‍ ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായി കമ്മീഷന് പുതിയ പേര് നല്‍കാന്‍ തീരുമാനം. “നിതി ആയോഗ്”  എന്ന പേരിലായിരിക്കും ഇനി കമ്മീഷന്‍ അറിയപ്പെടുക.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ആസൂത്രണ കമ്മീഷനെ അഴിച്ച് പണിയുന്നത് സംബന്ധിച്ച് മോദി പ്രഖ്യാപനം നടത്തിയിരുന്നത്. 64 വര്‍ഷം പഴക്കമുള്ള പ്ലാനിങ് കമ്മീഷന്റെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും മോദി പറഞ്ഞിരുന്നു. 1950 ല്‍ നെഹ്‌റുവായിരുന്നു ആസൂത്രണ കമ്മീഷന് രൂപം നല്‍കിയിരുന്നത്.

പുതിയ സംവിധാനത്തില്‍ അഞ്ച് സ്ഥിരാംഗങ്ങളും 4 കേന്ദ്ര മന്ത്രിമാരുമാണ് ഉണ്ടാവുക. പ്രധാനമന്ത്രി തന്നെയായിരിക്കും ഇതിന്റെ ചെയര്‍മാന്‍.

പുതുക്കി പണിത കമ്മീഷന്‍ പ്രധാനമായും നാല് വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുക. ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍, പണം നേരിട്ട് നല്‍കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വിഭാഗം, ആധാര്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പദ്ധതിയുടെ നടപ്പിന്റെ മേല്‍നോട്ടം വഹിക്കാനായി  പ്രോഗ്രാം ഇവാല്വേഷന്‍ വിഭാഗം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളാണ് കമ്മീഷനിലുണ്ടാകുക. സെക്രട്ടറി തലത്തിലുള്ള മേധാവിമാര്‍ ഓരോ വിഭാഗത്തിനുമുണ്ടാവും.

കഴിഞ്ഞ ഡിസംബറില്‍ പുതിയ കമ്മീഷനെ കുറിച്ചുള്ള ചര്‍ച്ചക്കായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം സര്‍ക്കാര്‍ വിളിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തവും ഫെഡറല്‍ തത്ത്വങ്ങളില്‍ അധിഷ്ഠിതവുമായ പുതിയ സംവിധാനമായിരിക്കും നിലവില്‍ വരികയെന്ന് മോദി മുഖ്യമന്ത്രിമാരെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more