| Saturday, 27th July 2013, 8:17 am

കേരളത്തില്‍ ദിനംപ്രതി 34 രൂപ ചിലവാക്കുന്നവര്‍ സമ്പന്നരെന്ന് ആസൂത്രണ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ദരിദ്രര്‍ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നാണ് ##ആസൂത്രണ കമ്മീഷന്‍ പറയുന്നത്. കേരളത്തില്‍ ദിവസം 34 രൂപ ചിലവാക്കുന്നവന്‍ സമ്പന്നനാണെന്നാണ് ആസൂത്രണ കമ്മീഷന്റെ കണക്ക്. []

കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ആസൂത്രണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ദരിദ്ര്യ നിര്‍ണയത്തില്‍ ടെന്‍ഡുല്‍ക്കര്‍ രീതിയാണ് ആസൂത്ര കമ്മീഷന്‍ പിന്തുടരുന്നത്.

ഈ രീതി അനുസരിച്ച് നഗരങ്ങളില്‍ 33 രൂപയില്‍ കൂടുതല്‍ വിഭവോപയോഗമുള്ളവരെയും ഗ്രാമങ്ങളില്‍ 27.20 രൂപയില്‍ കൂടുതല്‍ വിഭവോപയോഗമുള്ളവരെയും ദരിദ്ര്യരായി കണക്കാക്കില്ല.

ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തില്‍ 21.9 ശതമാനത്തിന്റെ കുറവുണ്ടായി എന്ന ആസൂത്രണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

ആസൂത്രണ കമ്മീഷന്റെ പുതിയ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം കഴിഞ്ഞ് പോകാന്‍ വെറും 33 രൂപ മതി. ഗ്രാമങ്ങളില്‍ ഒരു ദിവസം ജീവിക്കാന്‍ 27 രൂപയും മതിയെന്നും ആസൂത്രണ കമ്മീഷന്‍ പറയുന്നു.

ആസൂത്രണ കമ്മീഷന്റെ കണക്ക് പ്രകാരം 201-112 കാലത്തെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം(ടെണ്ടുല്‍ക്കര്‍ പദ്ധതി പ്രകാരം) മാസത്തില്‍ 816 രൂപയും നഗരങ്ങളില്‍ 1000 രൂപയുമാണ്.

ഈ കണക്കനുസരിച്ച് ജനങ്ങളുടെ ഒരു ദിവസത്തെ ഉപഭോഗം നഗരങ്ങളില്‍ 33.33 രൂപയും ഗ്രാമങ്ങളില്‍ 27.20 രൂപയുമാണ്.

നേരത്തേ നഗരങ്ങളില്‍ ഒരു ദിവസം 32 രൂപ ചിലവഴിക്കാന്‍ സാധിക്കുന്നവര്‍ ദരിദ്രരല്ല എന്നുള്ള ആസൂത്രണ കമ്മീഷന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇന്നും അതേ നിലപാട് തന്നെയാണ് ആസൂത്രണ കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. ആസൂത്രണ കമ്മീഷന്റെ കണക്കനുസരിച്ച് ഗ്രാമങ്ങളിലെ അഞ്ചംഗ കുടുംബത്തിന് ജീവിക്കാന്‍ പ്രതിമാസം 4,080 രൂപയും നഗരങ്ങളില്‍ 5000 രൂപയും മാത്രം മതി.

2011-2012ല്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 2004-2005നെ അപേക്ഷിച്ച് 37.2 ശതമാനത്തില്‍ നിന്ന് 21.9 ശതമാനമാണ് കുറഞ്ഞത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ദാരിദ്ര്യം കൂടുതലായി കുറഞ്ഞിരിക്കുന്നത്.

ബീഹാര്‍, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം നിര്‍മാര്‍ജനത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ്.

5.09 ശതമാനം മാത്രം ദരിദ്രരുമായി ഏറ്റവും കുറവ് ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സംസ്ഥാനം ഗോവയാണ്. കേരളം, ഹിമാചല്‍ പ്രദേശ്, സിക്കിം, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഈ ഗണത്തില്‍ മുന്‍പന്തിയിലാണ്.

അതെസമയം ദാരിദ്ര്യ നിര്‍ണയത്തിന്റെ പുതിയ സൂചികയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജനങ്ങളുടെ ഇടയില്‍ നിന്ന് ഉണ്ടാവുന്നത്. ദാരിദ്രം കുറഞ്ഞുവെന്ന് കണക്കുകളില്‍ മാത്രമെയുള്ളൂയെന്നാണ് ജനങ്ങള്‍ പറയുന്നത്.

ആസൂത്രണ കമ്മീഷന്‍ ദാരിദ്ര്യരേഖ വലിച്ചു താഴ്ത്തിയതിനു തൊട്ടുപിന്നാലെ മുംബയില്‍ 12 രൂപക്കും ഡല്‍ഹിയില്‍ അഞ്ചു രൂപയ്ക്കും ഊണു കിട്ടുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കന്മാരെത്തി.

വിശക്കുന്നവന് വയറുനിറക്കാന്‍ ഒരു രൂപ മതിയെന്ന് ഇന്നലെ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞതും വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more