കാബൂള്‍: വിമാനങ്ങള്‍, വിവിധതരം തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, അത്യാധുനിക സംവിധാനങ്ങളുള്ള 7 പുതിയ ഹെലികോപ്റ്ററുകള്‍ ഇങ്ങനെ പട്ടിക നീളുകയാണ്. അമേരിക്കന്‍ നിര്‍മിതമായ ഒട്ടേറെ ആയുധങ്ങളാണ് താലിബാന്‍ ഇപ്പോള്‍ കയ്യടക്കി വെച്ചിരിക്കുന്നത്.
അമേരിക്ക അഫ്ഗാനിസ്ഥാന് നല്‍കിയ എല്ലാ ആയുധങ്ങളും ഇപ്പോള്‍ ഉപയോഗിക്കുന്നത് താലിബാനാണ്. അഫ്ഗാന്റെ മിലിട്ടറി ഫോഴ്സുകള്‍ ഉപേക്ഷിച്ച ആയുധങ്ങളാണ് താലിബാന്റെ ആയുധസങ്കേതത്തിന് ശക്തി വര്‍ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് അമേരിക്ക അഫ്ഗാന് ആയുധങ്ങള്‍ നല്‍കിയത്. തങ്ങളുടെ ആയുധശേഖരങ്ങളുടെ ചിത്രവും അഫ്ഗാന്‍ മിനിസ്ട്രി ഓഫ് ഡിഫന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തങ്ങളുടെ എല്ലാവിധ പിന്തുണയും അഫ്ഗാന് എല്ലായ്പ്പോഴും ഉണ്ടായിരിക്കും എന്നാണ് ആയുധങ്ങള്‍ കൈമാറി ദിവസങ്ങള്‍ക്കകം പെന്റഗണില്‍ വെച്ച് യു.എസ് പ്രതിരോധ സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍, അഫ്ഗാന് നല്‍കിയ ആയുധങ്ങളെല്ലാം ഇപ്പോള്‍ അഫ്ഗാനും അഫ്ഗാന്‍ ജനതയ്ക്കും എതിരായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
അഫ്ഗാനില്‍ എല്ലാം നശിപ്പിക്കപ്പെട്ടു, നശിക്കാതിരിക്കുന്നത് താലിബാന്‍ മാത്രമാണ് എന്നാണ് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയെ കുറിച്ച് റോയ്ട്ടേഴ്സിനോട് പറഞ്ഞത്. ആയുധങ്ങള്‍ താലിബാന്റെ കയ്യിലെത്തിയതിനാല്‍ ഒരുപാട് ആശങ്കപ്പെടാനുണ്ടെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
താലിബാന്‍ ഭീകരര്‍ രാജ്യം പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട പ്രസിഡന്റ് അഷറഫ് ഗനി യു.എ.ഇയില്‍ എത്തി. യു.എ.ഇ ഭരണകൂടം തന്നെയാണ് ഗനി രാജ്യത്ത് എത്തിയത് സ്ഥിരീകരിച്ചത്.
താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.