| Sunday, 7th July 2019, 7:53 am

ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഗ്രൗണ്ടിനുമുകളില്‍ 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' ബാനറുയര്‍ത്തി വിമാനം; പത്ത് ദിവസത്തിനിടെയുണ്ടായ രണ്ടാം സംഭവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ ഗ്രൗണ്ടിനു മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുമായി വിമാനം പറന്നു. വിമാനത്തിന്റെ പിന്‍ ഭാഗത്താണ് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുണ്ടായിരുന്നത്.

ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഗ്രൗണ്ടിനു മുകളില്‍ ഇത്തരമൊരു വിമാനം കണ്ടത്. ലോകകപ്പ് മത്സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് ഇത്തരമൊരു വിമാനം പ്രത്യക്ഷപ്പെട്ടത്.

ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല. ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘ വീണ്ടും ഇത് പ്രത്യക്ഷപ്പെട്ടതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്. ഐ.സി.സി പുരുഷ ലോകകപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രതിഷേധങ്ങള്‍ തടയാന്‍ ലോകകപ്പിലുടനീളം ഞങ്ങള്‍ പ്രാദേശിക പൊലീസ് സേനയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പത്തെ സംഭവത്തിനുശേഷം ഞങ്ങള്‍ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസില്‍ നിന്നും ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവാങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ഇത് സംഭവിച്ചതില്‍ അങ്ങേയറ്റത്തെ നിരാശയുണ്ട്.’ എന്നാണ് ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ലോകകപ്പിനു മുമ്പ് എല്ലാ വേദികള്‍ക്കു മുകളിലും കൊമേഴ്‌സ്യല്‍ അല്ലാത്ത ഒരു വിമാനവും അനുവദിക്കരുതെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു.

പത്തുദിവസത്തിനുള്ളില്‍ ലോകകപ്പ് മത്സരത്തിനിടെയുണ്ടായിരുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഗ്രൗണ്ടിനു മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ ബാനര്‍ ഉയര്‍ത്തി വിമാനം പറന്നതോടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more