| Saturday, 8th August 2020, 9:13 am

'വിമാനം രണ്ട് തവണ വട്ടം കറങ്ങി, താഴെയിറക്കുമ്പോള്‍ തന്നെ ക്രാഷായി'; അപകടത്തില്‍ പരിക്കേറ്റവര്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ 19 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 171 പേര്‍ ഇതുവരെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.

കുട്ടികളടക്കം നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍ മുഖ്യ പൈലറ്റ് ദീപക് വസന്ത് സാഥേയും മരിച്ചു. അപകടം സംഭവിക്കുന്നതിന് മുമ്പുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പരിക്കേറ്റ ചില യാത്രക്കാര്‍.

വിമാനം തകരുന്നതിന് മുമ്പ് രണ്ട് തവണ വട്ടം കറങ്ങിയതായാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്. ലാന്റിംഗിന് മുമ്പ് തന്നെ അപകടാവസ്ഥയുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.

ലാന്റിംഗിന് മുമ്പ് തന്നെ വിമാനം ആകാശത്ത് വട്ടം കറങ്ങി നില്‍ക്കുന്നതായി യാത്രക്കാരിലൊരാളായ സിദ്ദീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു.

‘വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ആകാശത്ത് നിര്‍ത്താനാവാതെ നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ പൈലറ്റിന് താഴെയിറക്കാന്‍ തോന്നിയതെന്താണെന്നറിയില്ല. ഞാന്‍ ചിറകിന്റെ ബാക്കിലായിരുന്നു. കാണാതെ പോയി വീഴില്ലേ… അതുപോലെയായിരുന്നു അപകടം. ഞാന്‍ ബെല്‍റ്റ് ഇട്ടിരുന്നു. എന്നിട്ടും തല ശക്തമായി മുന്നോട്ട് ആഞ്ഞ് ഇടിച്ചു. എനിക്ക് നല്ല ബോധമുണ്ടായിരുന്നു. ഉള്ളില്‍ നിന്നും ഞാന്‍ തന്നെയാണ് പുറത്തിറങ്ങിയത്, പരിക്കേറ്റ സിദ്ധീഖ് പറയുന്നു.

സാധാരണ വിമാനം ക്രാഷായപ്പോള്‍ ഉണ്ടായ ശബ്ദമായിരുന്നില്ല കഴിഞ്ഞ ദിവസം ലാന്റ് ചെയതപ്പോള്‍ ഉണ്ടായിരുന്നതെന്നാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയായ ഫാത്തിമ പറയുന്നത്.

‘ലാന്റ് ചെയ്തതും മൊത്തം ക്രാഷ് ആയി. ഞങ്ങള്‍ വിമാനത്തില്‍ കുടുങ്ങിപോയി. കുറച്ച് സമയം വിമാനത്തിനുള്ളിലായിരുന്നു. വിമാനം ചൂടാകുന്നത് അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകള്‍ മരിച്ചതൊക്കെ അറിയുന്നത്. ലാന്റ് ചെയ്യുന്നതിന് മുമ്പ് തന്നെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടിരുന്നു. സാധാരണ ലാന്റ് ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോള്‍ വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനാവാതെ അത് അങ്ങനെ പോയി ക്രാഷ് ആയി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും. ഏറ്റവും ഒടുവിലാണ് പുറത്തിറങ്ങിയത്,’ ഫാത്തിമ പറഞ്ഞു.

ജീവനക്കാരും യാത്രക്കാരുമടക്കം 190 പേരുമായി പറന്ന വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. 30 അടി ഉയരത്തില്‍ നിന്ന് വീണ വിമാനം രണ്ടായി പിളര്‍ന്ന് സുരക്ഷാ വേലി തകര്‍ത്ത് പുറത്തേക്ക് തെറിക്കുകയായിരുന്നു.

ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്ക് മുന്നിലൂടെ തെന്നിമാറിയ വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലെ കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള സുരക്ഷാ വേലി തകര്‍ത്താണ് വിമാനം തകര്‍ന്ന് വീണത്.

കോക്ക്പിറ്റു മുതല്‍ മുന്‍വാതില്‍ വരെയുള്ള വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

വിമാനത്തില്‍ പത്ത് കുട്ടികളും 46 സ്ത്രീകളും 128 പുരുഷന്മാരും ഉണ്ടായിരുന്നതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നീരജ് അഗര്‍വാള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
We use cookies to give you the best possible experience. Learn more