| Friday, 27th December 2024, 8:22 am

കസാഖിസ്ഥാനിലെ വിമാനാപകടം; അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: ക്രെംലിന്‍ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസ്റ്റാന: 38 പേരുടെ മരണത്തിനിടയാക്കിയ കസാഖിസ്ഥാന്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കണമെന്നുമാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തേക്കുറിച്ച് മുന്‍കൂട്ടി അനുമാനിക്കുന്നത് തെറ്റാണെന്നും ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

‘അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി എന്തെങ്കിലും അനുമാനങ്ങള്‍ മുന്നോട്ട് വെക്കുന്നത് തെറ്റാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അത്തരം പ്രവൃത്തി ഉണ്ടാവില്ല. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്,’ ക്രെംലിന്‍ വക്താവ് അറിയിച്ചു.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് നടത്തുന്ന വിമാനം റഷ്യന്‍ റിപ്പബ്ലിക്ക് ഓഫ് ചെച്‌നിയയ്ക്ക് മുകളിലൂടെ വ്യോമ സംവിധാനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ചില വ്യോമയാന വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ അപകടത്തിന് റഷ്യന്‍ മിസൈലാണ് കാരണമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസര്‍ബൈജാനിലെ സ്‌റ്റേറ്റ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. കസാഖിസ്ഥാനില്‍ അടിയന്തരമായ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരായ 38 പേര്‍ മരിക്കുകയും 29 പേര്‍ രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് വടക്കന്‍ കോക്കസിലെ റഷ്യന്‍ നഗരമായ ഗ്രോസാനിയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനം വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് കസാഖിസ്ഥാനിലെ അക്തൗ നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്നാണ് തകര്‍ന്നതെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ബാക്കുവിനും ഗ്രോസ്നിക്കും ഇടയിലുള്ള വഴി മാറ്റുകയും അക്താവു വിമാനത്താവളത്തിലേക്ക് പോവുകയുമായിരുന്നു. പിന്നാലെ ഉണ്ടായ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണതായാണ് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞത്.

Content Highlight: plane crash in Kazakhstan; Don’t spread speculation before investigation report: Kremlin spokesman

We use cookies to give you the best possible experience. Learn more