| Saturday, 8th August 2020, 10:59 am

വിമാനത്തില്‍ നിന്നും ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു; കോക്പിറ്റ് റെകോര്‍ഡര്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂരില്‍ തകര്‍ന്ന വിമാനത്തിലെ ബ്ലാക്‌ബോക്‌സ് (ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെകോര്‍ഡര്‍) കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെകോര്‍ഡര്‍ എടുക്കുന്നതിനായി ഫ്‌ളോര്‍ ബോര്‍ഡ് മുറിച്ചെടുത്ത് കൊണ്ടിരിക്കുകയാണെന്നും ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്ലാക് ബോക്‌സ് എന്നറിയപ്പെടുന്ന ഫ്‌ളൈറ്റ് റെകോര്‍ഡറുകളാണ് സാധാരണഗതിയില്‍ അപകട കാരണം വ്യക്തമാക്കാന്‍ സഹായിക്കാറ്. കോക്പിറ്റിനകത്തെ സംഭാഷണങ്ങള്‍ ആശയ വിനിമയങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണമാണ് സി.വി.ആര്‍ അല്ലെങ്കില്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍. അപകടകാരണം വ്യക്തമാക്കാന്‍ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയിലുണ്ടായ വഴുക്കലാണ് അപകട കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

പ്രതികൂല സാഹചര്യമായിരുന്നിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പരിശ്രമിച്ചെന്നും എന്നാല്‍ വഴുക്കിലിനെ തുടര്‍ന്ന് വിമാനം തെന്നിപോകുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

വിമാനത്തിന് തീപിടിക്കാതിരുന്നത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചേനെയെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന കരിപ്പൂരിലേക്ക് പുറപ്പെടുകയാണെന്നും വ്യോമയാന മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more