ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ പദ്ധതി
Kerala News
ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ പദ്ധതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th September 2022, 11:04 pm

കോഴിക്കോട്: ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുമായി യൂത്ത് ലീഗ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവര്‍ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ-തൊഴില്‍ ഗൈഡന്‍സുമെല്ലാം പൊതുജനങ്ങള്‍ക്ക് യഥാസമയം എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിതെന്നും, സെപ്റ്റംബര്‍ 16ന് ആദ്യ 50 ഓഫീസുകളുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്നും യൂത്ത് ലീഗ് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജനസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെന്നും, ഭാവിയില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന മുഴുവന്‍ ലീഗ് ഓഫീസുകളും ഇതേ മാതൃകയില്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും യൂത്ത് ലീഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂത്ത് ലീഗിന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്ന വേളയില്‍ നല്‍കിയ വാഗ്ദാനമായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രാദേശിക ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നത്. കൊടുത്ത വാക്ക് പാലിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു തങ്ങള്‍ ഇന്ന് നടത്തിയതെന്ന് പി.കെ. ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ചിലര്‍ മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനങ്ങളുമായി വരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പത്രസമ്മേളനത്തിലൂടെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട പ്രഖ്യാപനം നടത്തി. മുസ്‌ലിം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയെ കുറിച്ചായിരുന്നു അത്.

യൂത്ത് ലീഗിന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്ന വേളയില്‍ നല്‍കിയ വാഗ്ദാനമായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രാദേശിക ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നത്. കൊടുത്ത വാക്ക് പാലിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു തങ്ങള്‍ ഇന്ന് നടത്തിയത്.

സെപ്റ്റംബര്‍ 16ന് ആദ്യ 50 ഓഫീസുകളുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുകയാണ്.

കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ-തൊഴില്‍ ഗൈഡന്‍സുമെല്ലാം പൊതുജനങ്ങള്‍ക്ക് യഥാസമയം എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. ഭാവിയില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന മുഴുവന്‍ ലീഗ് ഓഫീസുകളും ഇതേ മാതൃകയില്‍ ജനസേവന കേന്ദ്രങ്ങളാക്കും.

ചിലര്‍ മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനങ്ങളുമായി വരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

Content Highlight: Plan to convert Muslim League offices into public service center