| Friday, 8th June 2018, 3:26 pm

രാജീവ് ഗാന്ധി മോഡലില്‍ മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി മോഡലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയിലായതായും മോദിയെ വധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കത്ത് ഇവരില്‍ നിന്നും ലഭിച്ചതായും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് പേര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ദളിത് ആക്ടിവിസ്റ്റ് സുധീര്‍ ധ്വാല, അഭിഭാഷകന്‍ സുരേന്ദ്ര ഗാണ്ഡിലിങ്, മഹേഷ് റൗട്ട് സോമ സെന്‍, റോന വില്‍സണ്‍ തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്.

ഏപ്രില്‍ 18 നാണ് പൂനെ പൊലീസിന് ഇത്തരമൊരു കത്ത് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read റാലിയില്‍ എട്ടുവയസ്സുകാരിയെ പങ്കെടുപ്പിച്ചു: ആസ്സാം കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം


മോദിയെ കൊല്ലണമെന്ന് കത്തില്‍ നേരിട്ട് പറയുന്നില്ലെങ്കിലും അതിന്റെ ഉള്ളടക്കം അതാണെന്നാണ് പൊലീസ് പറയുന്നത്. ഡിയര്‍ കോമ്‌റേഡ് പ്രകാശ് എന്നാരംഭിക്കുന്ന കത്തില്‍, മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഫാസിസ്റ്റ് ഭരണകൂടം ആദിവാസി സമൂഹത്തിന്റെ ജീവിതം തന്നെ തച്ചുടച്ചെന്ന് പറയുന്നുണ്ട്.

“”15 ഓളം സംസ്ഥാനങ്ങളില്‍ വമ്പിച്ച വിജയം നേടിയ ശേഷം മോദി അധികാരത്തിലെത്തിയതിന് പിന്നാലെ വെസ്റ്റ് ബംഗാളിലും ബീഹാറിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായിക്കഴിഞ്ഞു.

കോമറേഡ് കിഷനും മറ്റ് മുതിര്‍ന്ന നേതാക്കളും മോദി രാജ് എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. രാജീവ് ഗാന്ധി മോഡലിലുള്ള ഒന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഇത് ആത്മഹത്യാപരവും നമ്മള്‍ തോല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്. എങ്കിലും നമ്മുടെ പാര്‍ട്ടി പി.ബി/സി.സി ഇത്തരമൊരു ആവശ്യം മനസിലാക്കുമെന്ന് കരുതുന്നു””- കത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ റോഡ് ഷോകള്‍ ലക്ഷ്യം വെക്കുന്ന നല്ല ഉപായമാണ്. പാര്‍ട്ടിയുടെ അതിജീവനമാണ് എല്ലാത്തിലും വലുത് എന്ന് ഞങ്ങള്‍ എല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. മറ്റു കാര്യങ്ങള്‍ അടുത്ത കത്തില്‍””- എന്നാണ് കത്തില്‍ പറഞ്ഞുവെക്കുന്നതെന്നും പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more