| Monday, 26th December 2011, 12:44 am

പരിഹാരത്തിന് ഡാമില്ലാതെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്


കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇടയിലെ വലിയ ജനകീയ പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം. “പുതിയ ഡാം” എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തിന്മേല്‍ ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാടില്‍ ആണ് തമിഴ്‌നാട്. പുതിയ ഡാം വന്നാല്‍ പുതിയ കരാര്‍ ഉണ്ടാവുമെന്നും അത് തമിഴ്‌നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തകില്ലെന്നുള്ളതും ആണ് കാരണം. ഇവിടെ ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ പുതിയൊരു പ്രശ്‌നപരിഹാര നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുകയാണ് ഒരു കൂട്ടം വിദഗ്ധര്‍.  Forum for Policy Dialogue on Water Conflicts in India എന്ന കൂട്ടായ്മ പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിന്റെ (The full text of the letter- A Plan for Resolving Mullaperiyar Conflict) മലയാള പരിഭാഷ.

കഴിഞ്ഞ കുറേ വര്‍ഷമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജലത്തര്‍ക്കങ്ങളിന്‍മേല്‍ നയരൂപീകരണം നടത്തുന്ന സംഘമാണ് അഖിലേന്ത്യാ ജലതര്‍ക്ക പരിഹാരസമിതി (Forum for Policy Dialogue on Water Conflicts in India).  സമിതി വളരെ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം. കാഴ്ചപ്പാടുകളുടെ ധ്രുവീകരണം വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ വിഷയത്തിന്‍മേല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാം (Mullaperiyar Dam) സുരക്ഷിതമാണെന്നും കരാറില്‍ പറയുന്ന പോലെ പരമാവധി അളവില്‍ ജലനിരപ്പ് നിലനിര്‍ത്തണമെന്നുമാണ് തമിഴ്‌നാട് നിര്‍ബന്ധം പിടിക്കുന്നത്. നിലവിലുള്ള ഡാം സുരക്ഷിതമല്ലാത്തതിനാല്‍ ഡാം സ്ഥിതി ചെയ്യുന്നതിന് താഴെ പുതിയ ഡാം നിര്‍മ്മിക്കണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്.

അടുത്തിടെ തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം ഡാമിന്റെ സമീപ പ്രദേശങ്ങളാണ്. ഇത് ഡാം സുരക്ഷിതമാണെന്നുള്ള വിശ്വാസം തകര്‍ക്കുകയും ജനങ്ങളില്‍ അമിതമായ പരിഭ്രാന്തി ഉണ്ടാവുകയും ചെയ്തു. ഇത്തരം സംഭവ വികാസങ്ങള്‍ ഇരുഭാഗത്തും ആശങ്കാജനകമായ സ്ഥിതി വിശേഷം ഉണ്ടാക്കിയിരിക്കുന്നതിനാല്‍ പ്രശ്‌നപരിഹാരത്തിനായി എത്രയും പെട്ടന്ന് താങ്കള്‍ (പ്രധാനമന്ത്രി) ഇടപെടേണ്ട ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുകയാണ്. ഇരുഭാഗത്തെയും കൂട്ടിച്ചേര്‍ക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹവുമാണ്.

എന്നിരുന്നാലും ഇരുസംസ്ഥാനങ്ങളുടെയും ബന്ധങ്ങളില്‍ വിള്ളലില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം അതിന്റെ കാലപ്പഴക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം തന്നെ വ്യത്യസ്തമാണ്.

ചില അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഡാം സുരക്ഷിതമാണെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഭൂഗര്‍ഭ ജല (Hydrological Studies)പഠന റിപ്പോര്‍ട്ടിന്റെയും ഡാം നിര്‍മ്മിച്ചിട്ടുള്ള സാങ്കേതികവിദ്യയുടെയും നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വാദം. ഡാം നിലനില്‍ക്കുന്നത് ഭൂകമ്പം ഉണ്ടാകാന്‍ വളരെ സാധ്യതയുള്ള മേഖലയിലാണ്. ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ഡാമിനോട് ചേര്‍ന്ന് പ്രഭവ കേന്ദ്രമായി അടുത്തിടെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

മറ്റൊരുതരത്തില്‍, 400 മീറ്റര്‍ താഴ്ചയില്‍ വലിയ അളവില്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാം സാമ്പത്തികമായി വലിയ ഭാരം ഉണ്ടാക്കുന്നതാണ്. പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ വിലയൊരു ഭാഗം പുതിയ ഡാം നിര്‍മ്മിക്കുന്നതോടെ വെള്ളത്തിനടിയിലാകും. ഇത്തരത്തില്‍ വലിയൊരു ഡാം നിര്‍മ്മിക്കുകയാണെങ്കില്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് അടുത്ത്  വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ പുതിയൊരു ഭൂഭാഗം തന്നെ ഉണ്ടാകുന്നതായിരിക്കും. ഇത് ഡാം നിര്‍മ്മാണവേളയില്‍ വലിയരീതിയില്‍ ബുധിമുട്ടുണ്ടാക്കും. പിന്നീട് ഭൂകമ്പത്തിനും കാരണമായേക്കാം. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പുതിയ ഡാം വലിയ ക്ഷതമേല്‍പിക്കുന്നതോടെ തമിഴ്‌നാടിന്റെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായേക്കാം.

ഡാം സുരക്ഷയെക്കുറിച്ച് വിദഗ്ദ്ധരുടെ അഭിപ്രായഭിന്നത ഡാമിന്റെ താഴ്‌വരയിലും പരിസരങ്ങളിലും ജീവിക്കുന്നവരില്‍ ഭയവും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയില്‍ ഡാമിനെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളില്‍ ഒന്നായ ജലനിരപ്പ് 120 അടിയില്‍ ക്രമപ്പെടുത്തുകയായിരിക്കും നല്ലത്.

ജലനിരപ്പ് 120 അടിയാക്കി ക്രമപ്പെടുത്തിയാലും തമിഴ്‌നാടിന് ആവശ്യമായത്ര വെള്ളം കൊടുക്കാന്‍ സാധിക്കും. യാതൊരുവിധ സുരക്ഷാ ആശങ്കയുമില്ലാതെ ജലം വിവിധ ആവശ്യങ്ങള്‍ക്കായി തിരിച്ചുവിടാനും ബാക്കിയാകുന്ന വെള്ളം തമിഴ്‌നാടിന്റെ ഭാഗത്ത് ജലസംഭരണിയില്‍ ശേഖരിക്കാനും നിലനിര്‍ത്തിക്കൊണ്ടുപോകാനും സാധിക്കും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി വേണ്ട കാര്യങ്ങള്‍ ഇവയാണ്:

1. നിലവില്‍ കേരളം നല്‍കിക്കൊണ്ടിരിക്കുന്ന ജലത്തിന്റെ അളവ് സ്ഥിരീകരിക്കണം. ജലം നല്‍കാനുള്ള ചുമതല കേരളാ ഗവണ്‍മെന്റ് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.

2. ജലം സംഭരിക്കാനുള്ള ഡാം എന്നതിലുപരി ജലം വഴിതിരിച്ചു വിടാനുള്ള ഡാം എന്ന രീതിയിലേക്ക് മുല്ലപ്പെരിയാറിനെ മാറ്റുന്നതില്‍ സമവായത്തിലെത്തുക. വെള്ളം സംഭരിക്കുക എന്നത് തമിഴ്‌നാടിന്റെ ആവശ്യമായതിനാല്‍ തമിഴ്‌നാട്ടില്‍ ആവശ്യമുള്ളത്ര ജലം ശേഖരിക്കാന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ  മറ്റൊരു ഡാം നിര്‍മ്മിക്കുക.

3. അടിയന്തരമായി ഇനി പറയുന്ന കാര്യങ്ങളില്‍ പഠനങ്ങള്‍ നടത്തുക:

a. തമിഴ്‌നാടിന് വേണ്ട ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുക

b. വെള്ളം തിരിച്ചു വിടുന്നതും കൈമാറ്റവും പുനക്രമീകരിക്കുക

c. ഇതിന്റെ അടിസ്ഥാനത്തില്‍ (b-പ്രകാരം) സംഭരണ ശേഷിയുടെ കുറഞ്ഞ അളവില്‍ മാത്രം ജലം നിലനിര്‍ത്തുക,

d. പുതിയ അളവില്‍ ജലം സംഭരിക്കുമ്പോള്‍ ഡാമിന്റെ സുരക്ഷയും ബലവും പരിശോധിക്കുക,

e. ഭൂഗര്‍ഭജല പഠനം നടത്തി വൃഷ്ടി പ്രദേശത്തു നിന്നുള്ള ഒഴുക്കും ശേഖരിക്കാവുന്ന ജലത്തിന്റെ അളവും കണ്ടെത്തുക

f. മാറ്റം വന്നുകൊണ്ടിരിക്കുന്ന മേഖലയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക

g. ഡാം തമിഴ്‌നാടിന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരു മൂന്നംഗ സമിതിയെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു. സമിതിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും പ്രതിനിധികള്‍ ഉണ്ടായിരിക്കണം (തുംഗഭദ്ര സമിതി പോലെ). ഈ സമിതിയായിരിക്കണം വര്‍ഷം തോറും ഡാമിന്റെ കാര്യങ്ങള്‍ വിലയിരുത്തേണ്ടതും നിയന്ത്രിക്കേണ്ടതും.

മുകളില്‍നിര്‍ദ്ദേശിച്ച കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. സാമ്പത്തികമായി ബാധ്യതകളില്ലാതെ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങളുമാണ് അവ. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഏറ്റവും അടുത്ത ഘട്ടത്തില്‍ ചെയ്യേമ്ട കാര്യങ്ങളാണ്. പ്രശ്‌നപരിഹാരത്തിനായി മറ്റുപല വഴികളും ഉണ്ട്.

ഉദാഹരണത്തിനായി ചെറിയ മഴവെള്ള സംഭരണത്തിനും അതുവഴി ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കാനുമാകുമെങ്കില്‍ സാവധാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം എന്നെന്നേക്കുമായി ഒഴിവാക്കാനാകും. പ്രകൃതിയുടെ സ്വാഭാവികമായ താളം തെറ്റിക്കാതെയുള്ള നദീതടപദ്ധതിയാണ് ഞങ്ങള്‍ മുന്നോട്ട് വെക്കാന്‍ ആഗ്രഹിക്കുന്നത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഊന്നിപ്പറയുകയാണ്, ഏറ്റവും അടുത്ത ഘട്ടത്തില്‍ ജലനിരപ്പ് താഴ്ത്തുക, അതുവഴി താഴ്‌വരയിലും മുകളിലുമായി ജീവിക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റുകയും ഡാമിന്റെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുക. പുതിയ ഡാം എന്ന വാദം പൂര്‍ണ്ണമായും ഒഴിവാക്കുക.

കത്തില്‍ ഒപ്പുവെച്ചവര്‍.
(Amita Baviskar, Bharat Patankar, Biksham Gujja, Chandan Mahanta, Dulal Chandra Goswami, Eklavya Prasad, Jayanta Bandopadhyaya, K J Joy, Medha Patkar, Partha Das, Philippe Cullet, Pranab Choudhury, M K Prasad, Rohini Nilekani, Shripad Dharmadhikary, Shruti Vispute, Sunita Nadhamuni, Vinod Gaud, Y K Alagh, A Vaidyanathan and B N Yugandhar)

(For Forum for Policy Dialogue on Water Conflicts in India)

പരിഭാഷ: റഫീക്ക് മൊയ്തീന്‍

കടപ്പാട്: EPW (December 17, 2011. Vol. XLVI NO 51 Economic And Political Weekly- (EPW) ല്‍ പ്രസിദ്ധീകരിച്ചത്)

Key Words: Mullaperiyar Issue Between Kerala and Tamil Nadu, Water Conflicts, Kerala-Tamil Nadu Conflicts, Prime Minister, J.Jayalalithaa, Open Letter

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more