| Wednesday, 19th February 2014, 2:33 pm

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് അംഗീകാരം നല്‍കണം: വിഎസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ബില്ലിന് ഉടന്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനി നടത്തിയ ജലചൂഷണത്തെ തുടര്‍ന്ന് ദുരിതം നേരിടുവര്‍ക്ക് ആശ്വാസവും ന്യായമായ നഷ്ടപരിഹാരവും നല്‍കുന്നതിനായി 2011 ഫെബ്രുവരി 24 നാണ് സംസ്ഥാന നിയമസഭ സ്‌പെഷല്‍ ട്രിബ്യൂണല്‍ ബില്‍ പാസ്സാക്കിയത്.

ഇത് രാഷ്ട്രപതിക്ക് അയച്ച് മൂന്ന് വര്‍ഷമാകുമ്പോഴും അംഗീകാരം ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ പ്രക്ഷോഭങ്ങളുടെ പാതയിലാണ്. ബില്ലിന് അംഗീകാരം നല്‍കണമൊവശ്യപ്പെട്ട് ഫെബ്രുവരി മൂന്ന് മുതല്‍ പ്രദേശവാസികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.

1999 മുതല്‍ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്ന കൊക്കോകോള കമ്പനി അന്യായമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്തതിനെ തുടര്‍ന്ന് വലിയതോതില്‍ ജലമലിനീകരണവും അനുബന്ധമായി ആരോഗ്യപ്രശ്‌നങ്ങളും കൃഷിനാശവുമൊക്കെ സംഭവിച്ചിട്ടുണ്ട്.

പ്ലാച്ചിമടയ്ക്ക് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് കുടിവെള്ളം പൂര്‍ണമായും മാലിന്യപൂരിതമായി. കര്‍ഷകര്‍ ഉപയോഗിക്കുന്ന വളത്തില്‍ നിന്നുള്ള ലെഡ്, കാഡ്മിയം തുടങ്ങിയ മൂലകങ്ങള്‍ കലര്‍ന്നതുമൂലം കൃഷിനാശവും വ്യാപകമായി.

ഇതിനെതിരെ പ്രദേശത്തെ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ 2002 ഏപ്രില്‍ മുതല്‍  പ്രക്ഷോഭം നടത്തിവരികയാണ്. ഇതേ തുടര്‍ന്ന് 2004ല്‍ കമ്പനി പൂട്ടി. പിന്നീട് ജനങ്ങള്‍ നഷ്ടപരിഹാരത്തിനായി സമരം ആരംഭിച്ചു.

ഇതേ തുടര്‍ന്ന് 2009ല്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി 2010ല്‍ റിപ്പോര്‍ട്ട് നല്‍കി. പ്രദേശവാസികള്‍ക്ക് 216.26 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സമിതി നിര്‍ദേശിച്ചത്.

കമ്പനി നടത്തിയ അനിധികൃതപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ട്രിബ്യൂണലിനെ നിയോഗിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

ഇതംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഏകകണ്ഠമായി സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ പാസ്സാക്കിയത്.

ബില്ലിന് മൂന്നു വര്‍ഷമായിട്ടും അംഗീകാരം ലഭിക്കാത്തതില്‍ പാലക്കാട്ടുകാര്‍ ആശങ്കാകുലരാണെന്നും അതുകൊണ്ട് ഉടന്‍ ബില്ലിന് അംഗീകാരം നല്‍കണമെന്നും വി.എസ് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more