”കുടിക്കാനും കൃഷിചെയ്യാനുമുള്ള ഞങ്ങളുടെ വെള്ളം മുഴുവനും ഊറ്റിക്കൊണ്ടുപോയി ഇവിടെ മരുഭൂമിയാക്കിയവരാണവര്‍. പോരാത്തതിന് ഇവിടുത്തെ മണ്ണില്‍ വിഷവും കലര്‍ത്തി. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഇപ്പോഴും നിത്യരോഗികളാണ്. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം ഇന്നും കുടിക്കാന്‍ കഴിയില്ല. എല്ലാത്തിനും കാരണം കോള കമ്പനിയാണ്. അവരില്‍ നിന്നുള്ള ഒരു സേവനവും ഔദാര്യവും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് വേണ്ടത് നഷ്ടപരിഹാരമാണ്. അത് ഞങ്ങളുടെ അവകാശവുമാണ്…” കന്നിയമ്മാള്‍, ഇല്ലക്കാട് മയിലമ്മ, പാപ്പമ്മാള്‍, മുത്തുലക്ഷ്മി, ശാന്തി,… പ്ലാച്ചിമടയിലെ സ്ത്രീ ശബ്ദങ്ങള്‍ക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്.
ശക്തമായ ജലമൂറ്റലിനെതിരെ നടന്ന വര്‍ഷങ്ങള്‍ നീണ്ട സമരത്തെത്തുടര്‍ന്ന് 2004 ലാണ് കൊക്കക്കോള കമ്പനി പാലക്കാട് പ്ലാച്ചിമടയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനമവസാനിപ്പിക്കുന്നത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ സ്ഥലത്ത് പുതിയ ചില പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്. എന്നാല്‍ കമ്പനിയില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാതെ കോളയുടെ ഒരു നീക്കത്തെയും അനുവദിക്കുകയില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ (CSR) ഭാഗമായുള്ള സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും കാര്‍ഷിക – സേവന പദ്ധതികളും പ്ലാച്ചിമടയില്‍ ആരംഭിക്കുന്നതിനായി പെരുമാട്ടി പഞ്ചായത്തിനും സംസ്ഥാനസര്‍ക്കാറിനും പ്രൊജക്ട് റിപ്പോര്‍ട്ടും അപേക്ഷയും സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്ലാച്ചിമടയിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള കൊക്കക്കോളയുടെ നീക്കമാണ് ഇതുവഴി നടക്കുന്നതെന്നും ഏതു വിധേനയും അത് തടയുമെന്നും, പ്ലാച്ചിമട-കന്നിമാരി പ്രദേശങ്ങളിലെ മണ്ണിലും മനുഷ്യജീവിതങ്ങളിലും കോള കമ്പനി വരുത്തി വെച്ച നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാതെ കമ്പനിയുടെ ഒരു നീക്കത്തെയും അനുവദിക്കുകയില്ലെന്നുമാണ് കൊക്കക്കോള വിരുദ്ധ സമരസമിതി പറയുന്നത്.
കൊക്കകോള പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന പ്ലാച്ചിമടയിലെ 34 ഏക്കര്‍ സ്ഥലത്ത് മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയ്ക്കാണ് ഹിന്ദുസ്ഥാന്‍ കൊക്ക കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അനുമതി തേടിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നതെന്ന് പദ്ധതിയില്‍ പറയുന്നു. ആരോഗ്യസംരക്ഷണ കേന്ദ്രം, കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍, വനിതാ ശാക്തീകരണത്തിനായി സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, എട്ടുമുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ സെന്റര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു വര്‍ഷമാണ് പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കുന്നതിനുള്ള സമയപരിധിയായി കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
തുടര്‍ന്നുള്ള രണ്ടാം ഘട്ടത്തില്‍ കൊക്കക്കോളയോടൊപ്പം ജയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് എന്ന കമ്പനി കൂടി പദ്ധതി പ്രകാരം കടന്നുവരും. ജയ്ന്‍ ഫാം ഫ്രഷ് ലിമിറ്റഡ് മറ്റു പല സംസ്ഥാനങ്ങളിലും ഇതിനകം നടപ്പാക്കിയ, അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ ടെക്‌നോളജിയും ഡ്രിപ്പ് ഇറിഗേഷനും ഉപയോഗിച്ചുകൊണ്ടുള്ള കാര്‍ഷിക പദ്ധതികളാണ് ഇതില്‍ പറയുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെങ്ങ്, മാവ്, വാഴ എന്നിവയുടെ പ്ലാന്റേഷനുകള്‍ സ്ഥാപിക്കുകയാണ് ഈ ഘട്ടത്തില്‍.
മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റും കുളങ്ങളും കിണറുകളും നില്‍ക്കുന്ന പ്രദേശമൊഴികെ 34 ഏക്കറില്‍ 25 മുതല്‍ 27 ഏക്കര്‍ വരെയുള്ള സ്ഥലം കൃഷിക്കായി ഉപയോഗിക്കാം എന്നാണ് കമ്പനിയുടെ ശുപാര്‍ശ. കര്‍ഷകര്‍ക്ക് പുതുതായി ചെയ്യുന്ന കൃഷിരീതി സംബന്ധിച്ച് പ്രത്യേകം പരിശീലനം നല്‍കുമെന്നും പദ്ധതിയില്‍ പറയുന്നുണ്ട്. ജെയ്ന്‍ കമ്പനി തന്നെയായിരിക്കും ഈ ഘട്ടത്തില്‍ പദ്ധതികള്‍ നടപ്പാക്കുക. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടം വിജയകരമാവുകയാണെങ്കില്‍ കാപ്പി, പൈനാപ്പിള്‍, സുഗന്ധ്യവ്യഞ്ജനങ്ങള്‍ എന്നിവയിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നതാണ് മൂന്നാംഘട്ടമായി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ കമ്പനിയുടെ സാമൂഹ്യ സേവന പദ്ധതികള്‍ ഒരു മുഖം മൂടിയാണെന്നും അതുവഴി ലാഭകരമായ ഉത്പാദനപദ്ധതികള്‍ തന്നെയാണ് അവരുടെ ലക്ഷ്യമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
2004 ല്‍ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ പ്ലാന്റും സ്ഥലവും ഏതെങ്കിലും രീതിയില്‍ തിരിച്ചുപിടിക്കുന്നതിനായുള്ള കൊക്കക്കോള കമ്പനിയുടെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതില്‍ സര്‍ക്കാര്‍ വീഴരുതെന്നുമാണ് കൊക്കക്കോള വിരുദ്ധ സമരസമിതി സംയുക്തമായി ആവശ്യപ്പെടുന്നത്.
‘വിവിധ ഘട്ടങ്ങളായുള്ള ഈ പദ്ധതിയുടെ രൂപരേഖ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. ആദ്യ ഘട്ടങ്ങളില്‍ പൊതുവില്‍ ഗുണകരമെന്ന് തോന്നിപ്പിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ സേവനങ്ങളുടെ ഭാഗമായി നടപ്പിലാക്കുകയും അതിന്റെ മറവില്‍ മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് പ്ലാന്റേഷനുകള്‍ ആരംഭിക്കുകയും ചെയ്യാനുള്ള നീക്കമാണ് അതിലുള്ളത്.
പ്ലാച്ചിമട ജനതയുടെ ജീവിതത്തിന് മേല്‍ കോള കമ്പനിയുണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് പരിഹാരമായി 216.7 കോടി രൂപ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിലെ നിര്‍ദേശം ഇനിയും കമ്പനി നടപ്പാക്കിയിട്ടില്ല. ആ സാഹചര്യത്തില്‍ വീണ്ടും പ്ലാച്ചിമടയിലേക്ക് കടന്നുവരാനുള്ള കോളയുടെ നീക്കത്തെ ഏത് രീതിയിലും തടയണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.’ കൊക്കക്കോള വിരുദ്ധ സമര ഐക്യദാര്‍ഡ്യ സമിതി കണ്‍വീനര്‍ അറുമുഖന്‍ പത്തിച്ചിറ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും കമ്പനിക്കെതിരെ ഒറ്റക്കെട്ട്
പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്ന അപേക്ഷയുമായി കമ്പനി സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചതോടെ പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തണമെന്നും യോഗത്തില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ അറിയിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ വിളിച്ചു ചേര്‍ക്കപ്പെട്ട യോഗത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.ജെ.പി എന്നീ പ്രതിനിധികള്‍ ഭിന്നാഭിപ്രായങ്ങളില്ലാതെ തന്നെ കമ്പനിയുടെ നിലപാടിനെതിരെ രംഗത്ത് വരികയാണുണ്ടായത്.
‘കൊക്കക്കോള കമ്പനി നിലനിന്നിരുന്ന പെരുമാട്ടി പഞ്ചായത്തിലെയും സമീപത്തെ മൂന്ന് ഇതര പഞ്ചായത്തുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും വിളിച്ചുചേര്‍ത്താണ് ഞങ്ങള്‍ സര്‍വകക്ഷിയോഗം കൂടിയത്. നിലവില്‍ കമ്പനിയില്‍ നിന്നും ലഭിക്കാനുള്ള നഷ്ടപരിഹാരം കിട്ടാതെ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു എല്ലാ വിഭാഗക്കാരും ഉന്നയിച്ചത്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും’. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തകുമാരി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കൊക്കകോളയും പ്ലാച്ചിമടയും
കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായങ്ങളിലൊന്നായിരുന്നു പ്ലാച്ചിമടയില്‍ നടന്ന കൊക്കക്കോള വിരുദ്ധ സമരം. കൊക്കക്കോളയെ പോലെ അന്താരാഷ്ട്ര ഭീമനായ ഒരു അമേരിക്കന്‍ കമ്പനി ഒരു പ്രദേശത്തെ തദ്ദേശീയ ജനതയുടെ സമരത്തെത്തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ലോകത്തിലെ തന്നെ കോര്‍പ്പറേറ്റ് വിരുദ്ധ സമരങ്ങളില്‍ അപൂര്‍വ സംഭവങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
1999 ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും സുശീലാ ഗോപാലന്‍ വ്യവസായ മന്ത്രിയുമായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് വെള്ളവും വൈദ്യുതിയും നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി കേരളത്തിലെത്തുന്നത്. 2000-ത്തിലാണ് പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ഉദ്പാദനം ആരംഭിക്കുന്നത്. ഉത്പാദനം തുടങ്ങിയത് മുതല്‍ തന്നെ പ്ലാന്റില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍ വളമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു.
കമ്പനി പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ ദുഷ്ഫലങ്ങള്‍ പ്രദേശവാസികള്‍ മനസ്സിലാക്കിത്തുടങ്ങി. പ്രദേശത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് പെട്ടന്നുതന്നെ വലിയരീതിയില്‍ താഴ്ന്നു. കൃഷിക്കുപയോഗിക്കാമെന്ന് പറഞ്ഞ് കമ്പനി നല്‍കിയ ഖരമാലിന്യം മണ്ണിന്റെ ഫലഭൂയിഷ്ടതയെ തകര്‍ത്തു.
കുടിവെള്ള പ്രശ്നം കാരണമാണ് പ്ലാച്ചിമടയില്‍ നിന്നുള്ള കുട്ടികള്‍ സ്ഥിരമായി സ്‌കൂളില്‍ നേരം വൈകിയെത്തുന്നതെന്ന് മനസ്സിലാക്കിയ വണ്ടിത്താവളം സ്‌കൂളിലെ അധ്യാപകന്‍ നരേന്ദ്രനാഥാണ് പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം ആദ്യമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഒരു പരിസ്ഥിതി സംഘടനയുടെ പാലക്കാട് വെച്ച് നടന്ന ശില്പശാലയില്‍ അദ്ദേഹം ഈ പ്രശ്നം ഒരു റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്തെ ജലനിരപ്പ് താഴുന്നതിന്റെയും ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി.
2002 ഫെബ്രുവരിയിലാണ് കൊക്കക്കോള കമ്പനിക്കെതിരെ ആദ്യ സമരം നടക്കുന്നത്. ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരെ ആദിവാസി സംരക്ഷണ സംഘമാണ് കമ്പനിക്ക് മുന്നില്‍ സൂചനാ സമരം നടത്തിയത്. 2002 മാര്‍ച്ച് മാസത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച് ജില്ലാകളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.
പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം പ്രദേശത്ത് വന്‍ തോതില്‍ മലനീകരണങ്ങള്‍ സംഭവിക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിട്ടും മലിനീകരണ ബോര്‍ഡ് കമ്പനിയുടെ അനുമതി പുതുക്കി നല്‍കിയ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിക്കുന്നത്. അങ്ങനെ 2002 ഏപ്രില്‍ 22 നാണ് കൊക്കക്കോള കമ്പനി അടച്ചുപൂട്ടി പ്ലാച്ചിമട വിടുക, മലനീകരണത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്ലാച്ചിമടയില്‍ കൊക്കക്കോള വിരുദ്ധ സമരം തുടങ്ങുന്നത്. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു ആയിരുന്നു സമരം ഉദഘാടനം ചെയ്തത്.
സമരസമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ ഒഴികെ മറ്റ് പ്രമുഖ പാര്‍ട്ടികളാരും പങ്കെടുത്തിരുന്നില്ല എന്ന് മാത്രമല്ല, കമ്പനിയുടെ പിന്തുണയോടുകൂടി തൊഴില്‍ സംരക്ഷണ സമിതി നടത്തിയ പൊതുയോഗത്തില്‍ സി.പി.ഐ.എം, ബി.ജെ.പി, കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. തൊഴില്‍ സംരംഭമായ കോള ഫാക്ടറി എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നുമായിരുന്നു ഇവരുടെ നിലപാട്.
പ്ലാച്ചിമടയിലെയും പരിസരപ്രദേശങ്ങളിലെയും തദ്ദേശീയ ജനതയുടെ മുന്‍കൈയില്‍ ആദിവാസി സംരക്ഷണ സംഘം ആരംഭിച്ച സമരം പിന്നീട് കേരളത്തിലെ പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയായിരുന്നു. 2003 ജനുവരിയില്‍ ആഗോളവത്കരണത്തിനും വര്‍ഗീയതയ്ക്കും എതിരെ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ മേധാ പട്കര്‍ നയിച്ച അയോധ്യാ മാര്‍ച്ച് പ്ലാച്ചിമടയില്‍ നിന്നാരംഭിച്ചതോടെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്ലാച്ചിമട സമരം ശ്രദ്ധയാകര്‍ഷിച്ചു.
2004 ജനുവരിയില്‍ പ്ലാച്ചിമടയില്‍ വെച്ച് നടന്ന ലോകജല സമ്മേളനത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം നിരവധി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കോര്‍പ്പറേറ്റുകള്‍ ജലം സ്വകാര്യവത്കരിക്കുന്നതിനെതിരെയും കൊക്കക്കോള പെപ്സി കമ്പനികള്‍ ഇന്ത്യ വിടണം എന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിയുമുള്ള പ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ നടക്കുകയുണ്ടായി.
പ്രാദേശികമായി നടന്ന നീണ്ട സമരങ്ങളുടെയും ദേശീയ തലത്തില്‍ നടന്ന നിരവധി സമ്മര്‍ദങ്ങളുടെയും ഒടുവില്‍ 2004 മാര്‍ച്ച് മാസത്തിലാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കൊക്കക്കോള കമ്പനി ഉത്പാദനം നിര്‍ത്തിവെച്ച് പ്ലാന്റ് അടച്ചിടുന്നത്.
നീണ്ട 15 വര്‍ഷത്തെ സമരങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം 2017 ജനുവരി 13-ന് കൊക്കകോള കമ്പനി പ്ലാച്ചിമടയില്‍ നിന്ന് തങ്ങള്‍ പിന്‍മാറുകയാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും പെരുമാട്ടി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കിയ നല്‍കി ഹര്‍ജി പരിഗണിക്കുമ്പോഴാണ് കമ്പനി ഈ തീരുമാനം അറിയിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്ണൂറിലധികം പ്ലാന്റുകളുള്ള കൊക്കകോള കമ്പനിയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ജനകീയ പ്രതിരോധങ്ങള്‍ക്ക് മുന്നില്‍ കമ്പനി മുട്ടുമടക്കേണ്ടി വന്നത് പ്ലാച്ചിമടയില്‍ മാത്രമാണ്.
അട്ടിമറിക്കപ്പെട്ട നഷ്ടപരിഹാരം, അഥവാ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍
കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും പ്രദേശവാസികളുടെ ദുരിതങ്ങള്‍ അവസാനിച്ചില്ല. പ്രദേശത്തെ മണ്ണിലും ജലത്തിലും കലര്‍ന്ന മാലിന്യങ്ങള്‍ കാരണം അവിടുത്തെ ജനവാസം ദുഷ്‌കരമായി തന്ന തുടര്‍ന്നു. പ്ലാച്ചിമടയുടെ അതിജീവന പ്രതിസന്ധികള്‍ അക്കാലത്ത് വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നു. ഇരകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലേക്കാണ് പിന്നീട് സമരം വിരല്‍ ചൂണ്ടിയത്.
പ്ലാന്റ് അടച്ചുപൂട്ടിയാല്‍ മാത്രം പോര, ഇരകള്‍ക്ക് നഷ്ടപരിഹാരം കൂടി നല്‍കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി നിലപാടെടുത്തു. തുടര്‍ന്ന് കൊക്കക്കോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതികളുടെ മുന്‍കൈയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനകീയ ജലാധികാര യാത്ര സംഘടിപ്പിക്കപ്പെട്ടു. കോള കമ്പനിയെ കുറ്റവിചാരണ ചെയ്ത് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതായിരുന്നു ജലാധികാര യാത്ര ഉയര്‍ത്തിയ മുദ്രാവാക്യം.
ഇതേ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പ്ലാച്ചിമടയിലെ സമരപ്പന്തലില്‍ നൂറുദിവസത്തെ റിലേ സത്യാഗ്രഹവും നടന്നു. ഒടുവില്‍ സര്‍ക്കാര്‍ 2007-ല്‍ പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ വച്ചു. കെ. ജയകുമാര്‍ അധ്യക്ഷനായ കമ്മീഷന്‍ പ്ലാച്ചിമടയില്‍ ചെന്ന് പഠനം നടത്തി. രണ്ടുവര്‍ഷത്തിന് ശേഷം 2009-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയിലെ കുടിവെള്ളം, മണ്ണ്, കൃഷി എന്നിവയ്ക്ക് കാര്യമായ നാശം സംഭവിച്ചതായി കമ്മീഷന്‍ കണ്ടെത്തി. അതിനാല്‍ കമ്പനിയില്‍ നിന്ന് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം ഈടാക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ പ്രത്യേക കോടതി തന്നെ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 216.7 കോടി രൂപ നഷ്ടപരിഹാരമായി കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
2011-ല്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ എന്ന പേരില്‍ ഇത് നിയമസഭയില്‍ അവതരിപ്പിക്കുകയും കേരള നിയമസഭ ഐക്യകണ്ഠേനെ അത് പാസ്സാക്കുകയും ചെയ്തു. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതി കൂടി വേണമെന്ന് അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി സംശയമുന്നയിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പിട്ട ബില്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി അയച്ചു.
ആറ് കേന്ദ്ര മന്ത്രാലയങ്ങിലൂടെ ബില്ല് കയറിയിറങ്ങി. ഒടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്രിബ്യൂണല്‍ ബില്‍ പൂഴ്ത്തിവെക്കുകയാണുണ്ടായത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലില്‍ താത്പര്യം കാണിക്കാതിരുന്നതും അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരം കൊക്കകോള കമ്പനിയുടെ ഔദ്യോഗിക അഭിഭാഷകയായതായിരുന്നതുമെല്ലാം അന്ന് വലിയ ചര്‍ച്ചകളുണ്ടാക്കിയിരുന്നു.
‘കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയത്തിലുള്ള ഉന്നതബന്ധങ്ങളാലാണ് പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കപ്പെട്ടതെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. യു.പി.എ യും എന്‍.ഡി.എ യും പ്ലാച്ചിമടയുടെ കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. കോര്‍പ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇരു സര്‍ക്കാറുകളും ചെയ്തിട്ടുളളത്.’ കൊക്കക്കോള വിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ഡൂള്‍ന്യൂനിനോട് പറഞ്ഞു.
കേന്ദ്രം ബില്‍ പാസ്സാക്കാതായപ്പോള്‍ ബില്ലില്‍ വേണ്ട പരിഷ്‌ക്കാരങ്ങള്‍ വരുത്തി നിയമസഭയില്‍ തന്നെ വീണ്ടും അവതരിപ്പിക്കാനുള്ള ആലോചനകള്‍ നടന്നിരുന്നു. പക്ഷേ അത് മുന്നോട്ടുപോയില്ല. കേരളത്തിലെ ഇരു സര്‍ക്കാറുകളും പിന്നീട് ട്രിബ്യൂണല്‍ ബില്ലിന് മേല്‍ താത്പര്യം കാണിച്ചില്ല എന്നാണ് സമരസമിതി ആരോപിക്കുന്നത്.
” ഇടതുസര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ബില്ല് കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ നടപടി സ്വീകരിക്കും എന്ന് വ്യക്തമായി പറഞ്ഞിരുന്നതാണ്. പക്ഷേ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അതില്‍ യാതൊരു തീരുമാനവും ആയിട്ടില്ല”. വിളയോടി വേണുഗോപാല്‍ പറയുന്നു.
പ്ലാച്ചിമടയിലെ ജനതയ്ക്ക് കോളകമ്പനിയില്‍ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായി നിലകൊള്ളേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല വീണ്ടും വീണ്ടും കമ്പനിക്ക് അനുകൂലമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന സ്ഥിതിയാണുള്ളതെന്നും സമരസമിതി ആരോപിക്കുന്നു. സേവനപദ്ധതികളുടെ മുഖാവരണമണിഞ്ഞ് പ്ലാച്ചിമടയിലേക്ക് തിരിച്ചുവരുവാനുള്ള കമ്പനിയുടെ നീക്കത്തെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും സമരസമിതി ഒന്നടങ്കം പറയുന്നു.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: കേരളീയം മാസിക, തൃശ്ശൂര്‍
WATCH THIS VIDEO: