| Monday, 2nd July 2012, 9:26 am

പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഒന്നര വര്‍ഷത്തിനുശേഷവും രാഷ്ട്രപതിയുടെ പരിഗണയ്‌ക്കെത്തിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളനിയമസഭ ഏകകണ്‌ഠേന പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ബില്‍ ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ലഭിച്ചില്ല. ഒന്നര വര്‍ഷം മുമ്പാണ് നിയമസഭ ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഭവനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഈ വിഷയം കേന്ദ്ര-സംസ്ഥാന വിഷയ പട്ടികയിലായതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദപരമായ സമീപനം കാരണം ജനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം തടയപ്പെടുകയാണ്. ഇത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

അഞ്ച് വര്‍ഷം നീണ്ട ജനകീയ സമരത്തെ തുടര്‍ന്ന് 2005ലാണ് പ്ലാച്ചിമട പ്ലാന്റ് അടച്ചുപൂട്ടിയത്. പരിസ്ഥിതി ആഘാതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയത്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷമായ യു.ഡി.എഫും പൂര്‍ണമായി പിന്തുണച്ചതോടെ ബില്‍ ഏകകകണ്‌ഠേന പാസ്സാക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് മാറിവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ബില്‍ സംബന്ധിച്ച തുടര്‍ നടപടികളെടുത്തില്ല. ബില്‍ പാസ്സായി പതിനാറുമാസം കഴിഞ്ഞിട്ടും ഇതേച്ചൊല്ലി ഇരുപക്ഷവും പരസ്പരം പഴിചാരി കൈകഴുകുകയല്ലാതെ രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കുന്നതിന് ക്രിയാക്തകമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന പിറവം ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ വിഷയം പ്രചാരണ ആയുധമാക്കിയെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല.
കൊക്കകോള കമ്പനിയുടെ പ്ലാച്ചിമടയിലെ പ്ലാന്റ് പ്രവര്‍ത്തിച്ചത് മൂലം പ്രദേശത്ത് ജലമലിനീകരണവും അതുവഴി തൊഴില്‍ നഷ്ടവും കൃഷിനാശവും ഉണ്ടായതായി വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ച് കമ്പനിയില്‍ നിന്നും 21620കോടി നഷ്ടപരിഹാരമായി ഈടാക്കണം, ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിക്കണം എന്നിവയായിരുന്നു വിദഗ്ധസമിതിയുടെ നിര്‍ദേശം.

We use cookies to give you the best possible experience. Learn more