പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ തിരിച്ചയച്ച രാഷ്ട്രപതിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്ലാച്ചിമട സമര സമിതി. കൊക്കോകോളയെ സഹായിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാഷ്ട്രപതി ബില്‍ മടക്കി അയച്ചതെന്ന് സമര സമിതി ആരോപിച്ചു. വരുന്ന നിയമ സഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബില്ല് പാസാക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
ബില്‍ തിരിച്ചയച്ച രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ബില്ല് മടക്കിയതിനാല്‍ ഈ മാസം 11ന് തിരുവനന്ത പുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ തടയുമെന്ന് സമര സമിതി പ്രഖ്യാപിച്ചു. പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനി മൂലം ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമാകേണ്ടിയിരുന്ന പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല തിരിച്ചയച്ച നടപടിയില്‍ വന്‍പ്രക്ഷോഭത്തിനാണ് പ്ലാച്ചിമട സമരസമിതി ഒരുങ്ങുന്നത്.
അതേസമയം കഴിഞ്ഞ യു.പി.എ സര്‍ക്കാരും കൊക്കോകോളയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സമരസമിതി ആരോപിച്ചു. ബില്‍ മടക്കിയ സാഹചര്യത്തില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ആവശ്യമായ ഭേദഗതികളോടെ പുതിയ ബില്‍ അവതരിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.