പ്ലാച്ചിമടയില്‍ നിന്നും ദീര്‍ഘകാല സമരത്തിലൂടെ പുറത്താക്കപ്പെട്ട കൊക്കക്കോള കമ്പനി തിരിച്ചുവരുന്നു. കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ മറവിലാണ് ഇതിന് കളമൊരുങ്ങുന്നത്. നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മുഖ്യമന്ത്രിയാണ് കൊക്കക്കോളയുടെ രണ്ടാം വരവിന് വേദിയൊരുക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടെന്ന പേരില്‍ ഫലത്തില്‍ നടപ്പാക്കുന്നത് ലാഭാധിഷ്ഠിതമായ പദ്ധതികള്‍ തന്നെയാണെന്ന് പദ്ധതിരൂപരേഖ വ്യക്തമാക്കുന്നു. ഇതിലൂടെ കമ്പനി അതിന്റെ പൂര്‍ണ്ണമായ തിരിച്ചുവരവ് തന്നെയാണ് ലക്ഷ്യമിടുന്നത്.
പ്ലാച്ചിമടയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിവരിക്കുന്നതിനായി 2017 ഡിസംബറില്‍ കമ്പനി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും അതിനായുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കൂടിക്കാഴ്ച നടക്കുന്നതിന് ആറു മാസങ്ങള്‍ മാത്രം മുമ്പ്, അതായത് ജൂണ്‍ 15ന് മുഖ്യമന്ത്രി പ്ലാച്ചിമടയിലെ സമരപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ട്രിബ്യൂണലിന്റെ കാര്യത്തിലും കമ്പനിക്കെതിരായ നിയമനടപടികളുടെ കാര്യത്തിലും കാലതാമസം കൂടാതെ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ നടന്നുകൊണ്ടിരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തില്‍ നിന്ന് കൊക്കക്കോള വിരുദ്ധ സമരസമിതി പിന്‍മാറുന്നത്.
സമരസമിതിയോട് മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട മുഖ്യമന്ത്രി ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല കമ്പനി മുന്നോട്ടുവെച്ച ആവശ്യം നടപ്പിലാക്കുന്നതിന് താത്പര്യം കാണിക്കുകയും ചെയ്തു. കമ്പനി മുന്നോട്ടുവെച്ച പദ്ധതിയില്‍ പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായമറിയുന്നതിന് 2019 ഓഗസ്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ കൊക്കക്കോളയുടെ രണ്ടാം വരവിനെ എതിര്‍ക്കുകയും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു.
കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ വളരെ ജനാധിപത്യപരമായ രീതിയില്‍ പ്രദേശവാസികളുടെ അഭിപ്രായം അറിയാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. എന്നാല്‍ ജനപ്രതിനിധികള്‍ എതിര്‍പ്പ് അറിയിച്ചിട്ടും വിഷയത്തില്‍ എന്ത് നടപടിയാണ് കൈക്കൊള്ളുക എന്നതില്‍ സര്‍ക്കാര്‍ മൗനത്തിലാണ്. തദ്ദേശീയനും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ന്‍കുട്ടി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതും കമ്പനിക്ക് അനുകൂലമായ തീരുമാനങ്ങളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്. സര്‍വ്വകക്ഷിയോഗത്തിന് ശേഷം മന്ത്രിയുടെ വസതിയിലേക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തേണ്ടിവന്നതിന്റെ സാഹചര്യം ഇതാണ്.
ഇതിനെല്ലാം പുറമെ കൊക്കക്കോള കമ്പനി അതിന്റെ ബോട്ട്ലിങ് പ്ലാന്റിനകത്തും പരിസരത്തും മിനുക്കുപണികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായുള്ള കോണ്‍ട്രാക്ട് ജോലികളും ഏല്‍പ്പിച്ചുകഴിഞ്ഞതായാണ് അറിവ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അധികാരം വെട്ടിച്ചുരുക്കി സെക്രട്ടറി തലത്തില്‍ സര്‍ക്കാരിന് താത്പര്യമുള്ള പദ്ധതികള്‍ നടപ്പിലാക്കാവുന്ന തരത്തില്‍ പഞ്ചായത്ത് രാജ് നിയമത്തില്‍ ഈ സര്‍ക്കാര്‍ തന്നെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്ലാച്ചിമടയില്‍ കമ്പനി മിനുക്കുപണികള്‍ തുടങ്ങിയത് സര്‍ക്കാര്‍ കമ്പനിക്ക് ഒപ്പമാണെന്നതിന്റെ സൂചനയാണ്.
ഇതേസമയം കൊക്കക്കോള കമ്പനിക്ക് പെരുമാട്ടി പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസ് 2017 ജൂലൈ മാസത്തില്‍ സുപ്രീം കോടതി തള്ളുകയുമുണ്ടായി. പ്ലാച്ചിമടയില്‍ ഇനി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് കമ്പനി സുപ്രീംകോടതിയെ വാക്കാല്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് സുപ്രീംകോടതി അപ്പീലുകള്‍ തള്ളുകയാണ് ഉണ്ടായത്. അതോടെ സുപ്രീംകോടതിയില്‍ ഒരു വിചാരണ പോലും നടക്കാതെ കമ്പനി രക്ഷപ്പെട്ടു.
കേസുകള്‍ തള്ളിപ്പോവുക എന്ന കമ്പനിയുടെ തന്ത്രം വിജയിക്കുകയാണ് അന്ന് ഉണ്ടായത്. പ്ലാച്ചിമടയിലേക്ക് വരാന്‍ താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ച കമ്പനി വീണ്ടും സി.എസ്.ആര്‍ എന്ന മറവില്‍ പ്ലാച്ചിമടയിലേക്ക് വരുന്നത് കോടതിയില്‍ നല്‍കിയ വാക്കിന് വിരുദ്ധമാണ്. വാക്കാലുള്ള ഉറപ്പിന് പുറത്ത് കമ്പനിയുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളിയ സുപ്രീം കോടതി ഫലത്തില്‍ കമ്പനിയെ സഹായിക്കുകയാണ് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്ലാച്ചിമടയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനായി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തൊഴിലധിഷ്ഠിതമായ പരിശീലനം നല്‍കാനും ആംബുലന്‍സ് അടക്കമുള്ള സംവിധാനത്തോടുകൂടി ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനും ഇതിനായി കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കാനുമാണ് പദ്ധതി. എന്നാല്‍ പ്രധാനശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു നിര്‍ദേശം ജെയ്ന്‍ ഫാം ഫ്രഷ് എന്ന കമ്പനിയുമായി ചേര്‍ന്ന് കൊക്കക്കോള കമ്പനി ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നടപ്പിലാക്കിയ ഉന്നതി പദ്ധതി പ്ലാച്ചിമടയിലും നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്.
പഴച്ചാര്‍ ഉത്പന്നങ്ങളുടെ ബൃഹത്തായ വിപണന സാധ്യത ലക്ഷ്യംവെച്ചുകൊണ്ടാണ് 2011ല്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമ്പഴ സംസ്‌കരണ കമ്പനിയായ ജെയ്ന്‍ ഫാം ഫ്രഷുമായി കൊക്കക്കോള കരാറില്‍ ഏര്‍പ്പെടുന്നത്. സി.എസ്.ആര്‍ ഫണ്ടെന്ന പേരില്‍ ഉദാരമതികളായി നടിച്ച്, പ്രശ്നബാധിതമായ പ്ലാച്ചിമട പോലൊരു പ്രദേശത്തെ ലാഭാധിഷ്ഠിതമായ കച്ചവടത്തിന് വേദിയാക്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം.
തോതാപുരി ഇനത്തില്‍പ്പെട്ട മാമ്പഴവും മറ്റ് പഴവര്‍ഗ്ഗങ്ങളും അള്‍ട്രാ ഹൈ ഡെന്‍സിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡ്രിപ് ഇറിഗേഷനിലൂടെ ഉത്പാദിപ്പിക്കാന്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയിലധികമാകുമെന്ന് അവകാശപ്പെടുന്ന പദ്ധതി സുസ്ഥിരമായി പഴലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതിയായിട്ടാണ് കമ്പനി വിവരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മാവിന്‍തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മാമ്പഴങ്ങളില്‍ നിന്ന് പാനീയമുണ്ടാക്കാനുള്ള സാധ്യതകളും കമ്പനി ഒരുക്കുമെന്ന് പറയുന്നു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വാഴപ്പഴത്തില്‍ നിന്നും തേങ്ങയില്‍ നിന്നും അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനം തുടരുമെന്നും കമ്പനി പറയുന്നു. പതിനഞ്ച് വര്‍ഷത്തെ കാലയളവിലാണ് പദ്ധതി നടപ്പിലാക്കുക.
മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസിന്റെ സബ്സിഡിയറി കമ്പനിയാണ് ജെയ്ന്‍ ഫാം ഫ്രഷ്. ഈ കമ്പനി 2011 തൊട്ട് ഉന്നതി പദ്ധതി നടപ്പിലാക്കുന്നതില്‍ കൊക്കക്കോള കമ്പനിയുടെ പങ്കാളിയാണ്. 2024 ഓടുകൂടി പദ്ധതിക്കുവേണ്ടി കൊക്കക്കോള കമ്പനിയും ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസും നിക്ഷേപിക്കാന്‍ ഉദ്ദേശക്കുന്ന തുക 50 കോടി രൂപയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം ഇന്ത്യയിലെ ജ്യൂസ് പാനീയ വിപണി തന്നെയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മാമ്പഴച്ചാറ് വിപണിക്ക് ആവശ്യമായ മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഇവിടുത്തെ പരമ്പരാഗത കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്നും അത് പരിഹരിക്കാനായാണ് അള്‍ട്രാ ഹൈ ഡെന്‍സിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് മാങ്ങയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതെന്നും ജെയ്ന്‍ അതിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. അങ്ങനെ വ്യവസായത്തിന് ആവശ്യമായ മാമ്പഴ പള്‍പ്പ് ഉത്പാദിപ്പിക്കലാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യമെന്നും വെബ്സൈറ്റ് പറയുന്നു.
ചുരുക്കത്തില്‍, കര്‍ഷകരില്‍ നിന്ന് നേരിട്ട് പഴവര്‍ഗ്ഗങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കഴിവുള്ള ഒരു കമ്പനിയും അതിനെ പ്രചാരമുള്ള ബ്രാന്റുകള്‍ക്ക് കീഴില്‍ വില്‍ക്കാന്‍ കഴിവുള്ള, വിപണിയിലെ ശക്തമായ സാന്നിദ്ധ്യമായ മറ്റൊരു കമ്പനിയും തമ്മിലുള്ള വ്യാവസായിക ഉടമ്പടി മാത്രമാണ് ഉന്നതി പദ്ധതി. കൊക്കക്കോള കമ്പനിക്ക് വിപണിയില്‍ കൂടുതല്‍ ലാഭങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു പദ്ധതി മാത്രമാണ് ഇത്. ഭൂഗര്‍ഭജലം മലിനമാക്കിയും ചൂഷണം ചെയ്തും പ്ലാച്ചിമടയില്‍ പ്രവര്‍ത്തിച്ച കമ്പനി പ്രദേശത്തിന്റെ പാരിസ്ഥിതിക, സാമൂഹിക, ആരോഗ്യ മണ്ഡലങ്ങളില്‍ കടുത്ത വിനാശമാണ് ഉണ്ടാക്കിയത്.
വര്‍ഷങ്ങള്‍ നീണ്ട ജനകീയ സമരത്തെത്തുടര്‍ന്നാണ് കൊക്കക്കോള കമ്പനിക്ക് പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നഷ്ടപരിഹാര ട്രിബ്യൂണല്‍ സ്ഥാപിക്കാനുള്ള ബില്ല് നിയമസഭയില്‍ പാസ്സാക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ല് കേന്ദ്ര സര്‍ക്കാരിന് അയക്കുകയും വര്‍ഷങ്ങളോളം അത് ഫയലില്‍ കെട്ടിക്കിടക്കുകയും ചെയ്തു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിലേക്ക് അയച്ച ബില്ല് ഒടുവില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് തിരിച്ചയക്കപ്പെട്ടു. തുടര്‍ന്ന് ബില്ലില്‍ ഭേദഗതി വരുത്തി നിയമസഭയില്‍ പാസ്സാക്കുന്നതിനോ മറ്റെന്തെങ്കിലും നടപടികള്‍ എടുക്കുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. പ്രകടന പത്രികയില്‍ നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ തന്നെയാണ് കമ്പനിക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. പ്ലാച്ചിമട നിവാസികള്‍ക്ക് അര്‍ഹമായ നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, വീണ്ടുമൊരു നീണ്ട സമരത്തിലേക്ക് പോകാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.
(ഹിന്ദുസ്ഥാന്‍ കൊക്കക്കോള പ്രൈവറ്റ് ലിമിറ്റഡ് പ്ലാച്ചിമടയില്‍ നടത്തിയ കോര്‍പ്പറേറ്റ് അതിക്രമങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ലേഖിക)