| Friday, 28th February 2020, 3:29 pm

'ദൈവത്തിന് ഇഷ്ടപ്പെട്ടവരല്ലേ ഞങ്ങള്‍ അവരുടെ മുന്നിലെത്താനുള്ള വഴിമുടക്കുന്നത് എന്തിനാണ്?'; ആരാധനാലയങ്ങളില്‍ വീല്‍ചെയറില്‍ പ്രവേശിക്കാനാവാതെ ഭിന്നശേഷിക്കാര്‍

അളക എസ്. യമുന

ആരാധനാലയങ്ങളില്‍ വീല്‍ചെയറില്‍ പ്രവേശിക്കാന്‍ അനുമതി നേടി ഭിന്നശേഷിക്കാര്‍. വിശ്വാസികളായ ഭിന്നശേഷിക്കാര്‍ക്ക് ആരാധനാലയങ്ങളില്‍ വീല്‍ചെയറില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. നാളുകളായി തങ്ങളുടെ ഈ ആവശ്യം അവര്‍ മുന്നോട്ട് വെക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ കാലങ്ങളായി ഭിന്നശേഷിക്കാരോടുള്ള അവഗണന തുടര്‍ന്നു പോകുകയാണ്.

രണ്ട് വര്‍ഷം മുന്‍പ് ഈ ആവശ്യം ഉന്നയിച്ച് കേരള ഭിന്നശേഷി സംയുക്ത കൂട്ടായ്മ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ദേശീയ വികലാംഗ സംരക്ഷണ നിയപ്രകാരം തങ്ങളുടെ അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്ന് പരാതി നല്‍കിയ സംസ്ഥാന ജനറല്‍സെക്രട്ടറി നാസീര്‍ മനയില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

”ദേശീയ വികലാംഗ സംരക്ഷണ നിയപ്രകാരം വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം ജീവിതമാര്‍ഗം തുടങ്ങിയവയൊക്ക ചെയ്തു തരേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെ്. ഈ അവകാശമാണ് ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്” നാസീര്‍ മനയില്‍ പറഞ്ഞു.

ഭിന്ന ശേഷിക്കാര്‍ക്ക് ആരാധാനലായങ്ങളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിയാറില്ലെന്നും മുചക്രം, ഇന്‍വാലിഡ് ഗ്യാരേജുകള്‍, ഇലക്ട്രോണിക് വീല്‍ചെയര്‍ എന്നിവ പ്രവേശിക്കാന്‍ അനുമതി നല്‍കാറില്ലെന്നും പരാതി നല്‍കിയ സംസ്ഥാന ജനറല്‍സെക്രട്ടറി നസീര്‍ മനയില്‍
ദേശീയ ഭിന്നശേഷി സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഈ പ്രശനത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു.

ഇത് ഒരുസമുദായത്തില്‍ മാത്രമുള്ള പ്രശ്‌നമല്ലെന്നും മുസ്‌ലിം സമുദായത്തിലായാലും ഹിന്ദു സമുദായത്തിലായാലും ക്രിസ്ത്യന്‍ സമുദായത്തിലായാലും സമാന പ്രശ്നം നേരിടുന്നുണ്ടെന്നും നാസീര്‍ മനയില്‍ ഡൂള്‍ ന്യൂസിനേട് പറഞ്ഞു.

പെട്രോള്‍ പമ്പുകളില്‍പ്പോലും ഭിന്നശേഷിക്കാര്‍ക്ക് പരിഗണന നല്‍കി റാമ്പുകള്‍ അടക്കുമുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. ഇത്തരത്തില്‍ ആരാധാനാലയങ്ങളിലും വീല്‍ചെയറിന് കടക്കാന്‍ പാകത്തില്‍ ഒരുറാമ്പ് ഒരുക്കി തന്നാമതി എന്ന് ഇവര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”മുസ്ലിം സമുദായത്തിലാണെങ്കില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മയ്യത്ത് നമസ്‌ക്കാരം നടത്താനുള്ള സൗകര്യം ഇല്ല. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അതിനുള്ള സൗകര്യം ഒരുക്കാതിരിക്കുകയാണ്. പുറത്ത് നിന്ന് വീല്‍ചെയറില്‍ നിന്ന് നമസ്‌ക്കരിക്കുന്നതില്‍ പ്രശ്നമില്ല. പക്ഷേ മയ്യത്ത് നമസ്‌ക്കാരത്തിന്
മയ്യത്തിന്റെ അടുത്ത് തന്നെ നില്‍ക്കണ്ടേ? അതിനുള്ള അവസരമില്ല. ഒരുവാതില്‍ മാത്രം തുറന്നിട്ട് ബാക്കി വാതിലുകളൊക്കെ അടച്ചിടും. അത് മാത്രമല്ല മൂത്രപ്പുര ആണെങ്കിലും ഒരാള്‍ക്ക് കടന്നുപോകുന്ന രീതിയില്‍ പണിത് വെക്കും. അതിന്റെ താക്കോലാണെങ്കില്‍ പള്ളിപ്രസിഡന്റോ ഇമാമോ എടുത്തുകൊണ്ടുപോകും. സാധാരണക്കാര്‍ക്ക്‌പോലും ബുദ്ധിമുട്ടുണ്ടാകുന്ന ഈ പ്രവൃത്തി ഒരുഭിന്നശേഷിക്കാരന് എത്രമാത്രം പ്രശ്നം ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. ക്രൈസ്തവ സമുദായത്തിലാണെങ്കിലും മാമോദിസ ചടങ്ങ് അടിയന്തര കുറുബാന ,പാതിരാ കുറുബാനയോ സാധാരണ കുറുബാന എന്നിവയൊന്നും അള്‍ത്താരയ്ക്കകത്തു നിന്ന് കൈക്കൊള്ളാന്‍ ഒരുഭിന്നശേഷിക്കാരന് സാധിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഹിന്ദുസമുദായത്തിലാണെങ്കില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ പോലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് പറ്റില്ലെന്നും ബലികര്‍മ്മം നടത്താനായി സൗകര്യം നഗരസഭയ്ക്ക് ഒരുക്കാന്‍ സാധിക്കില്ലേ എന്ന് ഇവര്‍ ചോദിക്കുന്നു.

ആരാധാനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ കയറാന്‍ പറ്റാതിരിക്കുകയും അതേസമയം ആരാധനാലയങ്ങള്‍ അത് ഏത് മുദായത്തിന്റെ ആയാലും അവരുടെ സാമ്പത്തിക ആവശ്യത്തിന് തങ്ങളെ സമീപിക്കുമെന്നും നാസീര്‍ മനയില്‍ പറയുന്നു.

”പള്ളിപ്പെരുന്നാളിനായാലും ഉത്സവങ്ങള്‍ങ്ങള്‍ക്കായാലും മുസ്‌ലിം പള്ളികളിലെ ആഘോഷങ്ങള്‍ക്കായാലും ഭിന്നശേഷിക്കാരനാണെന്ന പരിഗണനപോലുമില്ലാതെ പിരിവ് വാങ്ങുന്നുണ്ട്. ജോലിയില്ലാത്ത് ഭിന്നശേഷിക്കാര്‍ക്ക് ചെറിയ ഇളവ് നല്‍കുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരനായ കുടുംബനാഥനുള്ള വീട്ടില്‍ നിന്ന് എല്ലാത്തരം പിരിവുകളും അവരുടെ ആരാധാനാലയങ്ങള്‍ക്ക് വേണ്ടി മതപുരോഹിത വര്‍ഗം കൈപ്പറ്റുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ഞങ്ങളും വിശ്വാസികളല്ലേ. പത്ത്‌ലക്ഷത്തിലധികം വരുന്ന ഭിന്ന ശേഷിക്കാരായവരില്‍ 95 ശതമാനം പേരും വിശ്വാസികളാണ്. അഞ്ച് ശതമാനം പേര്‍മാത്രമെ അവിശ്വാസികളുള്ളൂ. ഇവരൊക്കെ തഴയപ്പെടുകയാണ്,” നസീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വീല്‍ചെയറില്‍ പോകാന്‍ ഒരു റാമ്പ് പള്ളികളിലേയും അമ്പലങ്ങളിലേയും ഹാളുകളില്‍ ഒരുക്കി തന്നൂടെ ഇതൊക്കെ പണിയാന്‍ പിരിവ് എടുക്കുമ്പോള്‍ ഞങ്ങളോട് ചോദിക്കാറില്ലേ. ഞങ്ങളെ ഒരു വിഭാഗത്തിനെ മാത്രം എന്തിനാണ് മാറ്റിനിര്‍ത്തുന്നത്?

മറ്റുള്ളവരെ സംബന്ധിച്ച് ഇത് വളരെ നിസാരമായ കാര്യമായിരിക്കാം, പക്ഷേ ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ വലിയ കാര്യമാണ്. നിങ്ങള്‍ക്ക് പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ചാല്‍ പോരെ എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. പക്ഷേ ആരാധനാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഞങ്ങള്‍ക്കും പങ്കെടുക്കേണ്ടേ? ഞങ്ങളെ മാത്രം എന്തിനാണ് മാറ്റി നിര്‍ത്തുന്നത്? ഒരു റാമ്പ് പണിയേണ്ട കാര്യമല്ലേ ഉള്ളൂ.., അതവര്‍ക്ക് നിസാരംചെയ്ത് തരാമല്ലോ? ദൈവത്തിന് ഇഷ്ടപ്പെട്ട ഞങ്ങളെ ദൈവത്തിന് മുന്നിലെത്താനുള്ള വഴിമുടക്കരുത്,” നാസിര്‍ മനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ലോക ഭിന്ന ശേഷി ദിനത്തിന്റെ ഭാഗമായി സാമൂഹ്യ നീതിവകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഭിന്നശേഷി സൗഹൃദ കേരളം എന്ന കാമ്പയിന്‍ നടത്തിയിരുന്നു. എല്ലാഗ്രാമ പഞ്ചായത്തു തലത്തിലും നഗരസഭാതലത്തിലും പ്രത്യേകമായി ഭിന്നശേഷി സൗഹൃദ ഗ്രാമസഭകള്‍ ചേരണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more